റാന്നി: വ്യക്തികളുടെ പുരയിടത്തില്‍ നിന്ന് കുടിവെള്ള വിതരണത്തിനുള്ള ഇരുമ്പ് പൈപ്പ് മുറിച്ച് ആക്രിക്കടയില്‍ വിട്ട് അരലക്ഷത്തോളം രൂപ സമ്പാദിച്ച യുവാവിനെ പെരുനാട് പൊലീസ് അറസ്റ്റ് ചെയ്തു. പെരുനാട് കിഴക്കേ മാമ്പാറ മുരുപ്പേല്‍ അദ്വൈത് റെജി (30) ആണ് പെരുനാട് പോലീസിന്റെ പിടിയിലായത്.
വാട്ടര്‍ അതോറിറ്റി ഡിവിഷനില്‍പ്പെട്ട പെരുനാട് മാമ്പാറ മുരുപ്പേല്‍ ഭാഗത്ത് സ്ഥാപിച്ചിരുന്ന 220 മീറ്റര്‍ ഇരുമ്പ് പൈപ്പാണ് മോഷ്ടിച്ചത്. 20 വര്‍ഷം മുമ്പ് സ്ഥാപിച്ചതും ഇപ്പോള്‍ ഉപയോഗത്തിലില്ലാത്തതുമായ 40 മില്ലിമീറ്റര്‍ കനമുള്ള പൈപ്പുകള്‍ കഴിഞ്ഞമാസം 11 നും 20 നുമാണ് ഇയാള്‍ മോഷ്ടിച്ചു പെട്ടി ഓട്ടോയില്‍ കടത്തിയത്. വാട്ടര്‍ അതോറിറ്റിക്ക് 52,623 രൂപയുടെ നഷ്ടമുണ്ടായി. അസിസ്റ്റന്റ് എന്‍ജിനീയര്‍ കൊട്ടാരക്കര കുളക്കട മാവടി പൂവറ്റൂര്‍ പടിഞ്ഞാറ് പ്രീതിഭവനില് അനില്‍ കുമാര്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ കേസ് എടുത്ത് അന്വേഷണം നടത്തി വരികയായിരുന്നു. പ്രതിയെ മാമ്പാറയില്‍ നിന്ന് കസ്റ്റഡിയിലെടുത്തു.
മോഷ്ടിച്ചു കടത്തിയ പൈപ്പുകള്‍ പ്രതി പൂവത്തുമ്മൂടുള്ള ഒരു ആക്രിക്കടയില്‍ വിറ്റിരുന്നു. കുറ്റസമ്മതമൊഴിപ്രകാരം പ്രതിയെ അവിടെയെത്തിച്ച് പെട്ടി ഓട്ടോയും പൈപ്പുകളും പോലീസ് അന്വേഷണസംഘം കണ്ടെടുത്തു. മാമ്പാറ മുരുപ്പേല്‍ ഭാഗത്തുള്ള മൂന്ന് വ്യക്തികളുടെ പുരയിടങ്ങളില്‍ സ്ഥാപിച്ചിരുന്നതാണ് ഇരുമ്പ് പൈപ്പുകള്‍. പെരുനാട് പോലീസ് ഇന്‍സ്പെക്ടര്‍ രാജിവ് കുമാറിന്റെ നേതൃത്വത്തിലാണ് മോഷ്ടാവിനെ പിടികൂടിയത്. എസ് ഐ വിജയന് തമ്പി, എ എസ് ഐ അച്ചന്‍കുഞ്ഞ്, സി പി ഓ പ്രദീപ് എന്നിവരും സംഘത്തിലുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.