റാന്നി: പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ തോട്ടമണ്‍ കാവു ദേവീ ക്ഷേത്ര ജങ്ഷന്‍ കഴിഞ്ഞുള്ള കൊടും വളവില്‍ നിങ്ങളെ കാത്തിരിക്കുന്നത് ഒരു ദുരന്തമാകാം. ഒന്നല്ല, ഓരോ ദിവസവും പല തവണ അപകടങ്ങള്‍ ആവര്‍ത്തിച്ചിട്ടും വലിയ ദുരന്തം വരാന്‍ കാത്തിരിക്കുകയാണ് അധികൃതര്‍.
രണ്ടു പതിറ്റാണ്ടിലേറെയായി അപകടം തുടര്‍ക്കഥയായ സ്ഥലമാണ് ഇത്. ഏറെക്കുറെ എസ് വളവിനു സമാനമായാണ് റോഡിന്റെ കിടപ്പ്. ക്ഷേത്ര ജങ്ഷന്‍ കഴിഞ്ഞാല്‍ ട്രഷറിപ്പടി വരെ വളവുകളുടെ പരമ്പരയാണ്. ഇതില്‍ ഏറ്റവും അപകടം വരുത്തുന്നത് പഴയ വാട്ടര്‍ അതോറിറ്റി ഓഫിസ് കഴിഞ്ഞുള്ള വലിയ വളവാണ്. റോഡ് വികസനം പൂര്‍ത്തിയായപ്പോള്‍ വളവ് കുറച്ചൊക്കെ നിവര്‍ത്തെങ്കിലും നിര്‍മ്മാണത്തിലെ അശാസ്ത്രീയത മൂലം അപകടം വര്‍ദ്ധിച്ചു.
ഏറെയും ഇരുചക്ര വാഹനയാത്രക്കാരാണ് ഇവിടെ വീഴുന്നത്. കെ.എസ്.ആര്‍.ടി.സി. ബസുകള്‍ അടക്കമുള്ള വലിയ വാഹനങ്ങള്‍ വളവു തിരിയുമ്പോള്‍ റോഡിലേക്ക് വീണ് വ്യാപിക്കുന്ന ഇന്ധനമാണ് വില്ലനാകുന്നതെന്നാണ് കണ്ടെത്തല്‍. ഒന്നിലധികം ഇരുചക്രവാഹനങ്ങള്‍ മറിഞ്ഞു കഴിഞ്ഞാല്‍ സമീപവാസികള്‍ പ്രതിഷേധവുമായി ഇറങ്ങും. തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് എത്തി റോഡ് കഴുകും. ഇത് സ്ഥിരം ഏര്‍പ്പാടായി മാറിയിരിക്കുന്നു. ബൈക്കില്‍ നിന്നു വീഴുന്നവര്‍ മറ്റു വാഹനങ്ങള്‍ക്ക് അടിയില്‍ പെട്ട് ജീവഹാനി വരെ ഉണ്ടാകാന്‍ സാധ്യത ഏറെയാണ്. അതു സംഭവിച്ച ശേഷം പരിഹാരം കാണാന്‍ കാത്തു നില്‍ക്കാതെ റോഡിന്റെ അപകടാവസ്ഥ എത്രയും വേഗം പരിഹരിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.