പത്തനംതിട്ട: സ്പീക്കര്‍ ഷംസീറിന്റെ പ്രസ്താവനയോടെ തുടങ്ങിയ സര്‍ക്കാരിന്റെ ഗണപതിപ്പേടി തീരുന്നില്ല! വിനായക ചതുര്‍ഥിയോട് അനുബന്ധിച്ച് നടത്തുന്ന ഗണേശ ചിത്രരചനാ മത്സരത്തിന് വേദിയായി തീരുമാനിച്ചിരുന്ന സര്‍ക്കാര്‍ സ്‌കൂള്‍ അവസാന നിമിഷം കൊടുക്കാന്‍ പറ്റില്ലെന്ന് അറിയിച്ചു. സംഘാടകര്‍ പെട്ടെന്ന് തന്നെ പുതിയ വേദി കണ്ടുപിടിച്ചെങ്കിലും ഇരുന്നൂറോളം കുട്ടികള്‍ക്ക് സുഗമമായി ഇരുന്നു വരയ്ക്കാനുള്ള സൗകര്യം ലഭിച്ചില്ല.
ആറന്മുള ഗവ. ഹൈസ്‌കൂളില്‍ കഴിഞ്ഞ 12 വര്‍ഷമായി നടന്നിരുന്ന പരിപാടിക്കാണ് ഇക്കുറി അവസാന നിമിഷം അനുമതി വിദ്യാഭ്യാസ വകുപ്പ് പിന്‍വലിച്ചത്. ആറന്മുള മൂര്‍ത്തിട്ട ഗണപതി ക്ഷേത്രത്തിലെ ഗണേശോത്സവത്തിന്റെ ഭാഗമായാണ് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നത്. ഗണപതിയുടെ ചിത്രം മാത്രമാണ് വരയ്ക്കാനുള്ള വിഷയം. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഇരുന്നൂറിലധികം കുട്ടികള്‍ മത്സരത്തിന് രജിസ്റ്റര്‍ ചെയ്തിരുന്നു. രാവിലെ രക്ഷാകര്‍ത്താക്കള്‍ക്കൊപ്പം മത്സരാര്‍ഥികള്‍ എത്തിയപ്പോഴാണ് വേദി മാറ്റിയ വിവരം അറിയുന്നത്. പിടിഎയുടെ അനുമതിയോടെയാണ് മത്സരത്തിന് വേദി വിട്ടു കൊടുത്തിരുന്നത്. ഈ വിവരം മാധ്യമങ്ങളിലൂടെ അറിയിച്ചത് കണ്ടാണ് മത്സരാര്‍ഥികള്‍ എത്തിയത്.
സ്‌കൂള്‍ അനുവദിക്കാന്‍ കഴിയില്ലെന്ന് ഇന്നലെയാണ് അധികൃതര്‍ പറയുന്നത്. ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ നിന്നും അനുമതി കിട്ടിയില്ലെന്ന കാരണമാണ് ഇവര്‍ പറഞ്ഞത്. ഇതോടെ മല്ലപ്പുഴശേരി കരയോഗ ഹാളില്‍ പെട്ടെന്ന് സൗകര്യം ഒരുക്കി. എന്നാല്‍ ഇത്രയും മത്സരാര്‍ഥികള്‍ക്ക് ഈ സ്ഥലം മതിയാകുമായിരുന്നില്ല. ചിലര്‍ മുറ്റത്തിരുന്നാണ് വരച്ചത്. ആറന്മുള പൊലീസ് ഇന്‍സ്‌പെക്ടര്‍ സി.കെ. മനോജ് മത്സരം ഉദ്ഘാടനം ചെയ്തു.