
പത്തനംതിട്ട: ലോഡ് കയറ്റി വന്ന ടിപ്പര്‍ ലോറി സ്‌കൂട്ടറില്‍ ഇടിച്ച് യാത്രക്കാരിയായ സ്‌കൂള്‍ വിദ്യാര്‍ഥിനി മരിച്ചു. കൊടുമണ്‍ അങ്ങാടിയ്ക്കല്‍ വടക്ക് പാലനില്‍ക്കുന്നതില്‍ ജയ്‌സണ്‍ ഷീബ ദമ്പതികളുടെ മകള്‍ ജെസ്‌ന ജയ്‌സണ്‍ (ജീന-15) ആണ് മരിച്ചത്. പ്രമാടം നേതാജി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനിയായ ജെസ്‌ന മാതാവ് ഷീബയ്‌ക്കൊപ്പം സ്‌കൂട്ടറില്‍ ട്യൂഷന്‍ ക്ലാസിലേക്ക് പോകുമ്പോള്‍ രാവിലെ ഏഴിന് വള്ളിക്കോട് കൊച്ചാലുംമൂട്ടില്‍ വച്ചാണ് അപകടം. പാറമടയില്‍ നിന്ന ലോഡുമായി വന്ന ടിപ്പര്‍ ലോറിയാണ് സ്‌കൂട്ടറില്‍ ഇടിച്ചത്. അങ്ങാടിക്കല്‍ ഭാഗത്തു നിന്ന് രാവിലെ ഏഴു മണിക്ക് കൊച്ചാലുംമൂട്ടിലെ സ്വകാര്യ ട്യൂഷന്‍ സ്ഥാപനത്തിലേക്ക് ആക്ടീവ വാഹനത്തില്‍ പോവുകയായിരുന്നു അമ്മയും മകളും. പരുക്കേറ്റ ജസ്‌നയെ പത്തനംതിട്ട മുത്തൂറ്റ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.