
തിരുവല്ല: കെഎസ്ആര്‍ടിസി ബസിനുള്ളില്‍ പതിനേഴുകാരന് നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തില്‍ യുവാവ് പൊലീസ് പിടിയില്‍. പത്തനംതിട്ട മൈലപ്ര മേക്കൊഴൂര്‍ പനയ്ക്കര വീട്ടില്‍ പി.കെ ഷിജു (42) ആണ് പിടിയിലായത്. തിരുവനന്തപുരത്തു നിന്നും കോട്ടയത്തേക്ക് പോവുകയായിരുന്ന സൂപ്പര്‍ഫാസ്റ്റ് ബസ്സില്‍ ചൊവ്വാഴ്ച വൈകിട്ട് നാലു മണിയോടെയായിരുന്നു സംഭവം നടന്നത്. ആയൂരില്‍ നിന്നും കോട്ടയത്തേക്ക് പോവുകയായിരുന്ന ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥിക്ക് നേരെയാണ് ഷിജു ലൈംഗിക അതിക്രമം നടത്തിയത്. അടൂരില്‍ നിന്നും ബസില്‍ കയറിയ ഷിജു വിദ്യാര്‍ത്ഥിക്കൊപ്പം ഇരുന്നു യാത്ര ചെയ്യുകയായിരുന്നു. ബസ് പുറപ്പെട്ട് അല്പ സമയം മുതല്‍ ഷിജു കുട്ടിക്ക് നേരെ ലൈംഗിക അതിക്രമം ആരംഭിച്ചു. ഇയാളുടെ ചെയ്തികള്‍ സഹിക്ക വയ്യാതായതോടെ ചെങ്ങന്നൂരിന് സമീപം വച്ച് കുട്ടി ബഹളം വച്ചു. ഇതോടെ ബസില്‍ നിന്നും ഇറങ്ങി രക്ഷപ്പെടാന്‍ ശ്രമിച്ച ഷിജുവിനെ ബസ് ജീവനക്കാരും മറ്റ് യാത്രക്കാരും ചേര്‍ന്ന് തടഞ്ഞു വെച്ച് തിരുവല്ല കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ വെച്ച് പോലീസിന് കൈമാറുകയായിരുന്നു. പ്രതിയെ പിന്നീട് കോടതിയില്‍ ഹാജരാക്കും എന്ന് പോലീസ് പറഞ്ഞു.