
കലഞ്ഞൂര്‍: മധുരം പകര്‍ന്നും തേന്‍ വിളമ്പിയും ജോസ് യാത്ര തുടങ്ങിയിട്ട് 47 വര്‍ഷം പിന്നിടുന്നു. സംസ്ഥാന സര്‍ക്കാരിന്റെ മികച്ച തേന്‍ കര്‍ഷകനുള്ള അവാര്‍ഡ് കൈവരിച്ച കളീയ്ക്കല്‍ ജോസിന് ഇതൊരു പുതിയ തുടക്കമാണ്. 3500 വന്‍ തേനീച്ചകളെയും 300 ചെറുതേനീച്ചകളെയും പോറ്റി വളര്‍ത്തി വിളവെടുത്ത് പല കുടുംബങ്ങള്‍ക്കും താങ്ങും തണലുമായി മാറി ഈ കര്‍ഷകന്‍ കര്‍ഷക സംരംഭങ്ങളുടെ മികച്ച വിജയ പ്രതീക്ഷയാണ്.
കേരളത്തിലെ പല ജില്ലകളിലൂടെ യാത്രചെയ്ത ചെറുകിട കര്‍ഷകരെ ഒപ്പം ചേര്‍ത്ത് തേന്‍ സംരംഭങ്ങളുടെ വലിയ ഒരു ശൃംഖല തന്നെ തീര്‍ത്തിരിക്കുകയാണ്. വനാതിര്‍ത്തി പങ്കിടുന്ന സ്ഥലങ്ങള്‍ ഇതിനായി കണ്ടെത്തി അവിടെ കര്‍ഷകരുടെ കൃഷിയിടങ്ങളില്‍ കൂടുകള്‍ സ്ഥാപിച്ചു. ചെറുതും വലതുമായ തേനീച്ചകളെ ഒപ്പം ചേര്‍ത്ത് ഒരോ വിളവെടുപ്പിലും 20 ടണ്‍ തേന്‍ സംഭരിച്ചാണ് ജോസ് തന്റെ പ്രതിഭ തെളിയിച്ചത്.
കൊല്ലം കുളത്തൂപ്പുഴ, ചണ്ണപ്പേട്ട, തെന്മല, പത്തനംതിട്ട ഏനാദിമംഗലം, കലഞ്ഞൂര്‍, പത്തനാപുരം, ആലപ്പുഴ കരുവാറ്റ, തോട്ടപ്പള്ളി ഗ്രാമങ്ങളിലാണ് തേന്‍ സംരംഭങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ഒരോ പ്രദേശത്തും 10 ദിവത്തിലൊരിക്കല്‍ ജോസ് എത്തും. സഹായികളായി എട്ട് തൊഴിലാളികളും ഉണ്ട്. സ്വന്തം കുടുംബത്തിലെ അംഗങ്ങളാണ് തേനീച്ചകള്‍ എന്നാണ് ഈ കര്‍ഷകന്‍ പറയുന്നത്. തേന്‍ കൃഷിക്കൊപ്പം വിവിധയിനം കാര്‍ഷിക ഉത്പന്നങ്ങളുടെ സംരംഭങ്ങളും ഉണ്ട്. കലഞ്ഞൂര്‍ പഞ്ചായത്തിന്റെ അവാര്‍ഡ്, റീബില്‍ഡ് കേരള അവാര്‍ഡ്, വിവിധ സാമൂഹിക കൂട്ടായ്മകളുടെ അവാര്‍ഡ് ഉള്‍പ്പെടെ ഇദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.
ആധുനിക യന്ത്ര സാമഗ്രികളുടെ സഹായത്തോടെ പായ്ക്ക് ചെയ്ത് എടുക്കുന്ന തേന്‍ ഇന്ത്യയ്ക്ക് ഉള്ളില്‍ എത്തിച്ച് നല്‍കുന്നുണ്ട്. ഇന്ത്യയ്ക്കു പുറത്ത് രണ്ട് സ്വകാര്യ കമ്പനികളുടെ സഹായത്താലും തേന്‍ വിപണനം നടത്തുന്നുണ്ടെന്നു ജോസ് പറഞ്ഞു. ഭാര്യ ജെസിയും മക്കളായ ക്രിസ്‌റ്റോയും ക്രിസ്റ്റിയും ഒപ്പം ഏതു കാര്യത്തിനും ഉണ്ടെന്നും ജോസ് പറഞ്ഞു. വീടിനോട് ചേര്‍ന്നുള്ള ആധുനിക പ്ലാന്റിലാണ് തേനിന്റെ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍.