
കൂടല്‍:പിക് അപ്പ് വാനില്‍ നിന്നും ബാറ്ററി മോഷ്ടിച്ചു കടത്തിയ കേസില്‍ ഒളിവിലായിരുന്ന പ്രതിയും പിടിയില്‍. ജൂലൈ ഒന്നിന് രജിസ്റ്റര്‍ ചെയ്ത കേസില്‍ സ്‌റ്റേഡിയം ജങ്ഷനില്‍ മിച്ചഭൂമി പുത്തന്‍വീട്ടില്‍ അഖില്‍ പുഷ്പന്‍ (27) ആണ് അറസ്റ്റിലായത്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ഇയാള്‍. ആകെ നാലു പ്രതികളുള്ള കേസില്‍ ഒന്നും രണ്ടും പ്രതികളെ ജൂലൈ ഒന്നിന് തന്നെ പോലീസ് പിടികൂടിയിരുന്നു.
നാലാം പ്രതിയെ മൂന്നാം തിയതിയും അറസ്റ്റ് ചെയ്തു.കൂടല്‍ കടുവന്നൂര്‍ സന്തോഷ് വിലാസത്തില്‍ സന്തോഷിന്റെ ബന്ധുവിന്റെ ഉടമസ്ഥതയിലുള്ളതാണ് വാഹനം. ജൂണ്‍ 29 ന് രാത്രിയാണ് വാടകയ്‌ക്കെടുത്ത പെട്ടി ഓട്ടോയില്‍ 8000 രൂപ വിലവരുന്ന ബാറ്ററിയും പഴങ്ങള്‍ കൊണ്ടുപോകാന്‍ ഉപയോഗിക്കുന്ന പെട്ടികളും മോഷ്ടിച്ചു കടത്തിയത്. പ്രതികളുടെ കുറ്റസമ്മതമൊഴിപ്രകാരം, കലഞ്ഞൂരുള്ള ആക്രിക്കടയില്‍ നിന്നും ബാറ്ററി കണ്ടെടുത്തിരുന്നു.
ബാറ്ററിയും മറ്റും കടത്തുന്നതിനായി വാടകയ്‌ക്കെടുത്ത പെട്ടി ഓട്ടോ ഉടമസ്ഥന് തിരികെ നല്‍കിയശേഷം അഖില്‍ ഒളിവില്‍ പോകുകയായിരുന്നുവെന്ന് ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. ഈ വാഹനം പോലീസ് പിടിച്ചെടുത്തു. അഖിലിന് വേണ്ടി നടത്തിയ അന്വേഷണത്തില്‍ എറണാകുളത്ത് ഉണ്ടെന്ന് അറിഞ്ഞ് അവിടെയെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നേരെയുള്ള അതിക്രമത്തിന് എടുത്തത് ഉള്‍പ്പെടെ അഞ്ചു ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് അഖില്‍. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പോലീസ് ഇന്‍സ്‌പെക്ടര്‍ പുഷ്പകുമാറിന്റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. എസ് ഐ ഷെമിമോള്‍, സി പി ഓമാരായ അനൂപ്, ഫിറോസ് എന്നിവരാണ് അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നത്.