
പത്തനംതിട്ട: ഇന്ത്യയുടെ ബഹുസാംസ്‌കാരികത പോറലേല്‍ക്കാതെ സംരക്ഷിക്കേണ്ടതുണ്ടെന്ന് ധനകാര്യമന്ത്രി കെ.എന്‍ ബാലഗോപാല്‍ പറഞ്ഞു. ജില്ലാ സ്‌റ്റേഡിയത്തില്‍ നടന്ന ഭാരതത്തിന്റെ 77 ാമത് സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങില്‍ വിശിഷ്ടാതിഥിയായി പങ്കെടുത്ത് സ്വാതന്ത്ര്യദിന സന്ദേശം നല്‍കുകയായിരുന്നു മന്ത്രി.
രാജ്യം 77-ാം സ്വാതന്ത്ര്യ ദിനമാഘോഷിക്കുന്ന വേളയാണിത്. ബ്രിട്ടീഷ് സാമ്രാജ്യത്വ ശക്തികളുടെ ആധിപത്യത്തില്‍ നിന്നും ഇന്ത്യയെ വിമോചിപ്പിക്കാന്‍ പ്രയത്‌നിച്ച ധീരരായ പോരാളികളുടെയും അവര്‍ നയിച്ച സമരമുന്നേറ്റങ്ങളുടെയും പ്രോജ്വല സ്മരണ സ്വാതന്ത്ര്യ ദിനാഘോഷങ്ങള്‍ക്ക് കൂടുതല്‍ നിറം പകരുന്നു. ചരിത്ര സംഭവങ്ങളുടെ യാന്ത്രികമായ അനുസ്മരണമെന്നതിനേക്കാള്‍ നിലവിലെ ഇന്ത്യന്‍ സാഹചര്യത്തെ ആഴത്തിലറിയാനുള്ള അവസരം കൂടിയാണിത്.
ശക്തമായ കേന്ദ്രവും സംതൃപ്തമായ സംസ്ഥാനങ്ങളും പ്രാദേശിക സര്‍ക്കാരുകളായി മാറുന്ന തദ്ദേശസ്വയംഭരണസ്ഥാപനങ്ങളും അടങ്ങുന്ന ഒരു ഫെഡറല്‍ ജനാധിപത്യ വ്യവസ്ഥയായി ഇന്ത്യ നിലകൊള്ളണമെന്നായിരുന്നു സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെ പ്രധാന ലക്ഷ്യം. അധികാരങ്ങള്‍ കേന്ദ്രവും സംസ്ഥാനങ്ങളുമായി പങ്കിട്ടെടുക്കുകയായിരുന്നു. സംസ്ഥാനങ്ങളുടെ വളര്‍ച്ചയ്ക്കാവശ്യമായ സമ്പത്ത് കേന്ദ്രം നല്‍കുന്നത് ഒരിക്കലും ഔദാര്യമല്ല. മറിച്ചു അതാത് സംസ്ഥാനങ്ങളുടെ അവകാശമാണ്.
നികുതി വിഹിതമായും പദ്ധതി വിഹിതമായും കടമെടുപ്പ് പരിധി നിശ്ചയിച്ചുമാണ് ഈ മുതല്‍ നല്‍കേണ്ടത്. അതോടൊപ്പം സംസ്ഥാനങ്ങള്‍ക്ക് സ്വതന്ത്രമായി നികുതി പിരിക്കാനുമുള്ള സംവിധാനങ്ങളുമുണ്ടായിരുന്നു. എന്നാല്‍ ജിഎസ്ടിയുടെ വരവോടെ സംസ്ഥാനങ്ങള്‍ക്കുള്ള സ്വതന്ത്ര നികുതിയാവകാശങ്ങള്‍ ഇല്ലാതായി. അതോടൊപ്പം സംസ്ഥാനങ്ങള്‍ക്കവകാശപ്പെട്ട നികുതി വിഹിതവും പദ്ധതി വിഹിതവും പിടിച്ചുവെക്കപ്പെടുന്നു. സ്വതന്ത്രമായി മൂലധനം സമാഹരിക്കാനുള്ള ശ്രമങ്ങള്‍ക്കും തടയിടുന്നു. സംസ്ഥാനത്തിന്റെ വികസന ആവശ്യങ്ങള്‍ക്കുള്ള സമ്പത്ത് ലഭിക്കുമ്പോള്‍ മാത്രമേ ഇതിന്റെ നേട്ടങ്ങള്‍ ജനങ്ങളില്‍ എത്തിച്ചേരൂ. നമ്മുടെ ഭരണഘടനയില്‍ വിഭാവനം ചെയ്യുന്ന ഫെഡറലിസം ഇങ്ങനെയാണ് യാഥാര്‍ത്ഥ്യമാകേണ്ടത്.
സംസ്ഥാനങ്ങളോടൊപ്പം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ശക്തിപ്പെടേണ്ടതുണ്ട്. അധികാര വികേന്ദ്രീകരണം യാഥാര്‍ത്ഥ്യമാക്കാന്‍ വിവിധ പരിപാടികള്‍ കേരള സര്‍ക്കാര്‍ നടപ്പിലാക്കി വരികയാണ്. തദ്ദേശ സ്ഥാപനങ്ങളും പ്രാദേശിക കൂട്ടായ്മകളും, സഹകരണ സ്ഥാപനങ്ങളും, കുടുംബശ്രീ പോലുള്ള സംഘടിത പ്രസ്ഥാനങ്ങളും അടങ്ങുന്ന ശക്തമായ ശൃംഖലയാണ് സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങളെ താഴേ തട്ടിലേക്കെത്തിക്കുന്നത്. ഈ ഇടപെടലുകള്‍ ഇന്ത്യന്‍ ഫെഡറല്‍ സംവിധാനത്തെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമാണ്.
വന്‍കിട സ്വകാര്യ നിക്ഷേപങ്ങളെയും വിദേശ മൂലധന നിക്ഷേപത്തെയും പ്രോത്സാഹിപ്പിക്കുന്ന നവലിബറല്‍ സാമ്പത്തിക നയങ്ങള്‍ കാരണം രാജ്യത്ത് ജനജീവിതം കൂടുതല്‍ ദുസഹമായിരിക്കുന്നു. പൊതുമേഖലാ സ്ഥാപനങ്ങളെ സ്വകാര്യവല്‍ക്കരിക്കുകയാണ്. ജനക്ഷേമത്തിനായുള്ള പദ്ധതികളും പിന്തുണാസംവിധാനങ്ങളും എടുത്തുകളയുന്നു. തൊഴിലില്ലായ്മയും പട്ടിണിയും വിലക്കയറ്റവും ജനങ്ങളെ കൂടുതല്‍ ദുരിതങ്ങളിലേക്ക് തള്ളി വിടുകയാണ്. ജനങ്ങള്‍ നേരിടുന്ന അടിസ്ഥാന പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടേണ്ടതുണ്ട്. ഇതിനായുള്ള നിരവധി ഇടപെടലുകളാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നത്. 60 ലക്ഷത്തിലധികം ആളുകള്‍ക്ക് പ്രതിമാസം 1600 രൂപ നിരക്കില്‍ ക്ഷേമ പെന്‍ഷന്‍ സര്‍ക്കാര്‍ നല്‍കി വരുന്നു.
സംസ്ഥാനത്തെ അതിദരിദ്രരായ 64,000 കുടുംബങ്ങളെ കണ്ടെത്തി അവര്‍ക്കായി പ്രത്യേക പദ്ധതികള്‍ വിഭാവനം ചെയ്തു. കാരുണ്യ ആരോഗ്യ സുരക്ഷാപദ്ധതിയടക്കമുള്ളവയിലൂടെ സംസ്ഥാനത്തെ ദശലക്ഷ ക്കണക്കിന് കുടുംബങ്ങള്‍ക്ക് ആയിരക്കണക്കിന് കോടി രൂപയുടെ ചികിത്സാസഹായം നല്‍കുന്നു. സമാനതകളില്ലാത്ത ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കൊപ്പം കേരളത്തിന്റെ ഭാവി മുന്നില്‍ കണ്ടുകൊണ്ടുള്ള വികസന പ്രവര്‍ത്തനങ്ങള്‍ക്കും സര്‍ക്കാര്‍ നേതൃത്വം നല്‍കുകയാണ്.
കേരളത്തിന്റെ മാറ്റങ്ങള്‍ സസൂക്ഷ്മം മനസിലാക്കിയും ലോകത്തെ മാറ്റങ്ങള്‍ സംസ്ഥാനത്തിന് ഗുണപ്രദമാകുംവിധം സ്വീകരിച്ചും നാം മുന്നോട്ടുപോകുകയാണ്. ഉയര്‍ന്ന ജീവിത നിലവാരമുള്ള കേരളത്തെ മധ്യവരുമാന വികസിത രാഷ്ട്രങ്ങളുടെ നിലയിലേക്ക് ഉയര്‍ത്തേണ്ടതുണ്ട്. ഇതോടൊപ്പം ശാസ്ത്ര സാങ്കേതിക രംഗത്തെ വികസിപ്പിച്ച് ഉത്പാദനവും ഉത്പാദനക്ഷമതയും വര്‍ധിപ്പിക്കുകയെന്ന കാഴ്ചപ്പാടാണ് സര്‍ക്കാരിനുള്ളത്. ഇതുവഴി ഒരു വിജ്ഞാന സമ്പദ്വ്യവസ്ഥയായി കേരളത്തെ മാറ്റിത്തീര്‍ക്കണം. കേരളത്തിലെ യുവതലമുറയെ ഏത് തൊഴിലും ചെയ്യാന്‍ പര്യാപ്തമാക്കും വിധം ഉന്നതവിദ്യാഭ്യാസ മേഖലയില്‍ വലിയ പദ്ധതികള്‍ നടപ്പില്‍ വരികയാണ്. സ്‌കില്‍പാര്‍ക്കുകള്‍, സയന്‍സ് പാര്‍ക്കുകള്‍, പുതിയ ഐ.ടി പാര്‍ക്കുകള്‍, ഡിജിറ്റല്‍ സയന്‍സ് പാര്‍ക്ക് തുടങ്ങിയവയെല്ലാം പ്രവര്‍ത്തന പഥത്തിലേക്കെത്തുകയാണ്. ഗ്രഫീന്‍ ഇന്‍സ്റ്റിറ്റിയൂട്ട്, മൈക്രോബയോം ഗവേഷണ കേന്ദ്രം, ന്യൂട്രാസ്യൂട്ടിക്കല്‍സ് ഗവേഷണകേന്ദ്രം തുടങ്ങി ഏറ്റവും പുതിയ സാങ്കേതിക മുന്നേറ്റങ്ങളെയും സംസ്ഥാനത്തിന് പ്രയോജനപ്പെടുത്താന്‍ തക്കവിധമുള്ള സ്ഥാപനങ്ങളും ഗവേഷണകേന്ദ്രങ്ങളും സജ്ജമാകുന്നു.ഏഷ്യയിലെ ആദ്യത്തെ ഡിജിറ്റല്‍ സയന്‍സ് പാര്‍ക്ക് കഴിഞ്ഞ മാസം തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യപ്പെട്ടു. വലിയ രീതിയിലുള്ള പശ്ചാത്തല സൗകര്യവികസനം കിഫ്ബി മുഖാന്തരമുള്ള പദ്ധതികള്‍ വഴി നടത്തി വരികയുമാണ്.
എല്ലാവരും സഹോദര്യത്തോടെ ഒത്തൊരുമയോടെ ജീവിക്കുന്നൊരു ഇന്ത്യയെ ആയിരുന്നു സ്വാതന്ത്ര്യ സമര പോരാളികള്‍ സ്വപ്നം കണ്ടത്. എന്നാല്‍ വര്‍ഗീയ ശക്തികള്‍ ജനങ്ങളെ തമ്മിലടിപ്പിക്കാന്‍ ശ്രമിക്കുകയാണ്. പൊതുപ്രശ്‌നങ്ങളില്‍ നിന്ന് ശ്രദ്ധ തിരിച്ചുവിടാനാണ് വര്‍ഗീയ ധ്രുവീകരണത്തിന് കോപ്പുകൂട്ടുന്നത്. ഭക്ഷണ ശീലങ്ങളുടെ പേരില്‍ പോലും ആളുകള്‍ കൊല്ലപ്പെടുന്നു. സ്വത്വാടിസ്ഥാനത്തിലുള്ള വ്യത്യസ്തതകളെ അന്ധമായ അപര വിദ്വേഷമായി ആളിക്കത്തിച്ച് കലാപങ്ങള്‍ അഴിച്ചുവിടുകയാണ്.
സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെ ഭാഗമായി ഉയര്‍ന്നു വന്ന നാനാത്വത്തില്‍ ഏകത്വമെന്ന നിലപാട് സ്വാതന്ത്ര്യ ലബ്ധിക്ക് ശേഷം ഇന്ത്യന്‍ സമൂഹത്തിന്റെ അടിസ്ഥാനപ്രമാണമായി അംഗീകരിക്കപ്പെട്ടു. ഈ ആശയം ഉയര്‍ത്തി മുന്നോട്ടുപോകാന്‍ നമുക്ക് സാധിക്കണം. നമ്മുടെ ഭരണഘടനയുടെ ആധാരശിലയായ ആശയങ്ങളെ അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ ഐതിഹാസികമായ ഇന്ത്യന്‍ സ്വാതന്ത്ര്യ പ്രസ്ഥാനത്തെയും അതിന്റെ മുന്നണിപ്പോരാളികളെയും തമസ്‌കരിക്കുന്നതിന് തുല്യമാണ്. ഈ അവസരത്തിലാണ് 77 ാം സ്വാതന്ത്ര്യ ദിനം നമ്മളാഘോഷിക്കുന്നത്. രാജ്യത്ത് നിലവിലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണേണ്ടതുണ്ട്. അതിനായി ഒത്തൊരുമിച്ച് പരിശ്രമിക്കാനുള്ള ഊര്‍ജം സ്വാതന്ത്ര്യ ദിനം നമുക്ക് നല്‍കട്ടെയെന്നും മന്ത്രി പറഞ്ഞു.
അഡ്വ.കെ.യു ജനീഷ്‌കുമാര്‍ എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂര്‍ ശങ്കരന്‍, ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍, അഡിഷണല്‍ ജില്ലാ പോലീസ് മേധാവി ആര്‍. പ്രദീപ്കുമാര്‍, പത്തനംതിട്ട നഗരസഭാ ചെയര്‍മാന്‍ അഡ്വ.ടി സക്കീര്‍ ഹുസൈന്‍, എഡിഎം ബി.രാധാകൃഷ്ണന്‍, ഹുസൂര്‍ ശിരസ്തദാര്‍ ബീന.എം.ഹനീഫ്, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് കെ. അനില്‍കുമാര്‍, നഗരസഭാകൗണ്‍സിലര്‍മാര്‍, തദ്ദേശസ്വയംഭരണസ്ഥാപന പ്രതിനിധികള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.