പത്തനംതിട്ട: തിരുവോണതോണിയുമായി ബന്ധപ്പെട്ട കാട്ടൂര്‍ കരയില്‍ പുത്തന്‍ പള്ളിയോടത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായി. തിങ്കള്‍ രാവിലെ 10നും 11.30നും മധ്യേയുള്ള മുഹൂര്‍ത്തത്തില്‍ പന്തളം കൊട്ടാരം നിര്‍വാഹക സിമിതി പ്രസിഡന്റ് പി.ജി ശശികുമാര്‍ വര്‍മ്മ നീരണിയല്‍ ചടങ്ങ് നിര്‍വഹിക്കും. രാവിലെ ഒമ്പതിന് ചേരുന്ന പൊതു സമ്മേളനം അഡ്വ.പ്രമോദ് നാരായണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. പള്ളിയോട സേവാസംഘം പ്രസിഡന്റ് രാജന്‍ മൂലേവീട്ടില്‍ ശില്‍പ്പികളെ ആദരിക്കും.
718-ാം നമ്പര്‍ എന്‍.എസ്.എസ് കരയോഗത്തിന്റെ ഉടമസ്ഥതിയിലുള്ള പള്ളിയോടം പ്രമുഖ ശല്‍പ്പി അയിരൂര്‍ സന്തോഷ് ആചാരിയാണ് നിര്‍മ്മിച്ചത്. ഒമ്പത് മാസവും പത്തു ദിവസവും നിര്‍മ്മാണത്തിനായി വേണ്ടിവന്നു. കാലപ്പഴക്കം മൂലം പഴയ പള്ളിയോടം നീറ്റില്‍ ഇറക്കാന്‍ കഴിയാതെ വന്ന സാഹചര്യത്തിലാണ് പുതിയ പള്ളിയോടത്തിന് ഉളികുത്തിയത്. പൊന്‍കുന്നം കാഞ്ഞിരപ്പള്ളി എന്നിവിടങ്ങളില്‍ നിന്നും എത്തിച്ച ലക്ഷണമൊത്ത നാല് ആഞ്ഞിലിതടികള്‍ നിര്‍മ്മാണത്തിന് വേണ്ടിവന്നു. മുഖ്യ ശില്‍പ്പി സന്തോഷ് ആചാരിക്കൊപ്പം പിതാവ് അയിരൂര്‍ ചെല്ലപ്പനാചാരി, സുരേന്ദ്രന്‍, മനോജ് പുല്ലാട്, ഗണേശ്, വിഷ്ണു തുണ്ടഴം, ശിവന്‍കുട്ടി നെല്ലിക്കല്‍, ജയന്‍ കൊല്ലം, പ്രതീഷ് റാന്നി, മനീഷ് റാന്നി, അജീഷ് അയിരൂര്‍ എന്നിവര്‍ സഹ കര്‍മ്മികളായി.
നാല്‍പ്പത്തി ഏഴേകോല്‍ നീളവും 64 അംഗുലം ഉടമയുമുള്ള പള്ളിയോടത്തിന് 19 അടി അമരപൊക്കമുണ്ട്. നീരണിഞ്ഞ ശേഷം തിരുവാറന്മുളയ്ക്ക് പള്ളിയോടം പുറപ്പെടും. സമീപകരകളിലെ പള്ളിയോടങ്ങള്‍ അകമ്പടി സേവിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.