തിരുവല്ല: ബാറില്‍ പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകരില്‍ വ്യാജന്മാര്‍ കടന്നു കൂടിയെന്ന് ഊമക്കത്ത് പ്രചരിക്കുന്നു. എട്ടു വക്കീലന്‍മാരുടെ റോള്‍ നമ്പര്‍ അടക്കം പ്രചരിക്കുന്ന കത്തിന്റെ നിജസ്ഥിതി സംബന്ധിച്ച് രഹസ്യാന്വേഷണ വിഭാഗങ്ങള്‍ അന്വേഷണം തുടങ്ങി.
സിപിഎമ്മിന്റെ നാലു പ്രമുഖ നേതാക്കളുടെ പേരാണ് പട്ടികയില്‍ ആദ്യമുള്ളത്. പിന്നാലെ സിപിഐയുടെ നേതാവ് അടക്കമുള്ളവരുടെ പേരും പറയുന്നു. ഒരാള്‍ പല പാര്‍ട്ടികളിലായി ചുറ്റി സഞ്ചരിക്കുന്ന പ്രാദേശിക പാര്‍ട്ടി നേതാവുമാണ്. ഈ പട്ടികയില്‍പ്പെടാത്ത മറ്റു ചിലരും വ്യാജസര്‍ട്ടിഫിക്കറ്റുമായി വന്നവരാണെന്നാണ് പറയുന്നത്. എന്നാല്‍, ഈ എട്ടു പേരുടെ പേര് മാത്രം വച്ച് ബാര്‍ കൗണ്‍സിലിനും വിവിധ കോടതികള്‍ക്കും ഊമക്കത്ത് പോയതിന്റെ ലക്ഷ്യം രാഷ്ട്രീയ ചേരിതിരിവാണെന്ന് വ്യക്തമാണ്.
ഇവര്‍ ലോ കോളേജില്‍ പഠിച്ചിട്ടില്ല, ക്ലാസില്‍ പോയിട്ടില്ല, പരീക്ഷ എഴുതിയിട്ടില്ല എന്നാണ് കത്തില്‍ പറയുന്നത്. എല്ലാവരും ഭോപ്പാല്‍ പ്രീഡിഗ്രിക്കാരാണത്രേ. ഇവിടെ നിന്ന് തുടങ്ങുന്നു വ്യാജസര്‍ട്ടിഫിക്കറ്റ് കഥ. ഇംഗ്ലീഷ് കൂട്ടിവായിക്കാന്‍ അറിയാത്ത ഇവര്‍ ഇപ്പോള്‍ തിരുവല്ലയില്‍ ഏറ്റവും വലിയ ഓഫീസുമിട്ട് വിലസുന്നു. കോടതികളില്‍ ഇവരെ ആരും കണ്ടിട്ടില്ല. പക്ഷേ, ഇവര്‍ മാഫിയകളും കൂട്ടിക്കൊടുപ്പുകാരുമാണ്. ബാര്‍ കൗണ്‍സിലിന്റെ മുമ്പാകെ യഥാര്‍ഥ എല്‍എല്‍ബി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാത്തവരാണ്. ഹാജരാക്കിയിട്ടുള്ളത് വ്യാജ സര്‍ട്ടിഫിക്കറ്റാണ്. വ്യാജ ലോകോളജിന്റെ പേരിലാണ്. വ്യാജന്മാരും ചതിയന്മാരുമായ ഇവരിങ്ങനെ മാന്യന്മാരാകുന്നത് അനീതിയാണ്. ഭരണകക്ഷിയായതു കൊണ്ട് ഈ സത്യം വിളിച്ചു പറയാന്‍ എല്ലാവര്‍ക്കും പേടിയാണ്. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ നേതാക്കന്മാരാണ്. സിപിഐക്കാരും ഉണ്ടെന്ന് കത്ത് തുടര്‍ന്നു പറയുന്നു. ഈ വ്യാജന്മാരെ കണ്ടു പിടിച്ച് പൊതുജനമധ്യത്തില്‍ തുറന്നു കാട്ടണമെന്നും പൊതുജനങ്ങള്‍ ചതിക്കപ്പെടാതിരിക്കാന്‍ അവരെ ഇത് അറിയിക്കണമെന്നും കത്തില്‍ ആവശ്യമുണ്ട്. തുടര്‍ന്ന് റോള്‍ നമ്പരും പേരും സഹിതം എഴുതിയിരിക്കുന്നു.
ആഴ്ചകളോളമായി ഇത്തരമൊരു കത്ത് പൊതുസമൂഹത്തിനിടയില്‍ പ്രചരിക്കുന്നുണ്ട്. ഇതു സംബന്ധിച്ച് വിശദീകരണം നല്‍കാന്‍ ആരോപണ വിധേയര്‍ ഇതുവരെ തയാറായിട്ടില്ല. അഭിഭാഷക സംഘടനകളും ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല.