പത്തനംതിട്ട: മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ സീനിയര്‍ മെത്രാപ്പോലീത്തയും മുന്‍ കൊല്ലം ഭദ്രാസനാധിപനുമായ സക്കറിയ മാര്‍ അന്തോണിയോസ് കാലം ചെയ്തു. കബറടക്കം പിന്നീട്.
മലങ്കര സഭയിലെ മെത്രാപ്പോല്‍മാര്‍ക്ക് മാതൃകയായി അധികാരത്തില്‍ നിന്നും സ്വയം ഒഴിഞ്ഞ അന്തോണിയോസ് മല്ലപ്പള്ളി അന്തോണിയോസ് ദയറായില്‍ വിശ്രമജീവിതം നയിച്ചു വരികയായിരുന്നു.
പുനലൂര്‍ വാളക്കോട് സെന്റ് ജോര്‍ജ് ഇടവകയില്‍ പെട്ട ആറ്റുമാലില്‍ വരമ്പത്ത് ഡബ്ലൂ.സി. എബ്രഹാമിന്റെ പുത്രനായി1946 ജൂലൈ 19 ന് ജനിച്ച് ഡബ്ലൂ.എ. ചെറിയാന്‍ ആണ് പൗരോഹിത്യം നേടി മാര്‍ അന്തോണിയോസ് മെത്രാപ്പോലീത്തയായത്.
പുലിക്കോട്ടില്‍ ജോസഫ് രണ്ടാമന്‍ മെത്രാപ്പോലീത്തയുടെ സെക്രട്ടറിയും സ്‌കൂളില്‍ പ്രധാന അധ്യാപകനുമായിരുന്ന ആറ്റുമാലില്‍ സ്‌കറിയ കത്തനാരുടെ മകന്‍ ഡബ്ല്യു.സി വര്‍ഗീസ് കത്തനാരുടെ (വരമ്പത്ത് അച്ഛന്‍) കൊച്ചുമകനായിരുന്നു.
സ്‌കൂള്‍ വിദ്യാഭ്യാസം പുനലൂരും കോളേജ് വിദ്യാഭ്യാസം കൊല്ലം ഫാത്തിമ മാതാ നാഷണല്‍ കോളജിലും ആയിരുന്നു.സാമ്പത്തികശാസ്ത്രത്തില്‍ ബിരുദം എടുത്തു. കുടുംബത്തില്‍ മൂത്ത മകനായിരുന്നു ഡബ്ല്യു.സി. ചെറിയാന്‍ വിദ്യാഭ്യാസത്തിന് ശേഷം കോട്ടയം വൈദിക സെമിനാരിയിലേക്ക് പഠിക്കുവാന്‍ പോയി. തന്റെ പിതാമഹന്മാരില്‍ നിന്ന് ലഭിച്ച ആത്മീയത മുറുകെപ്പിടിച്ച് പരിശുദ്ധ മാത്യൂസ് ദ്വിതിയന്‍ ബാവ അന്നത്തെ കൊല്ലം ഭദ്രാസന മെത്രാപ്പോലിത്ത മാത്യൂസ് മാര്‍ കൂറിലോസ് തിരുമേനിയില്‍ ആകൃഷ്ടനായി ദൈവത്തിന്റെ വഴി തിരഞ്ഞെടുത്തു.
ദൈവത്തിന്റെ വിളി പൂര്‍ണ്ണമായി ഉള്‍ക്കൊണ്ട് ഒരു സന്യാസി പട്ടക്കാരനായി കൊല്ലം അരമനയില്‍ താമസിച്ചു. നെടുമ്പായിക്കുളം, കുളത്തുപ്പുഴ, കൊല്ലം കാദീശാ എന്നീ ഇടവകളില്‍ വികാരിയി പ്രവര്‍ത്തിച്ചു.
1989 ല്‍ പത്തനംതിട്ട വെച്ച് നടന്ന അസോസിയേഷനില്‍ മേല്‍പ്പട്ട സ്ഥാനത്തേക്ക് തെരഞ്ഞടുക്കപ്പെട്ടു 1991 ല്‍ അന്തോണിയോസ് എന്ന നാമത്തില്‍ മെത്രാപ്പോലീത്തയായി.
മലങ്കര സഭയുടെ കൊച്ചി, മെത്രാസന ഇടവകകയെ മാതൃകാപരമായി നയിച്ച് തുടര്‍ന്ന് കൊല്ലം ഭദ്രാസനത്തിലെ ശ്രേഷ്ഠമായ അജയപാലനത്തിനുശേഷം ഔദ്യോഗിക ഭരണ നിര്‍വഹണത്തില്‍ നിന്നും സ്വയം വിരമിച്ച മലങ്കരയുടെ ഇടയന്‍ സക്കറിയ മാര്‍ അന്തോണിയോസ് വിശ്വാസികള്‍ക്കും വൈദികര്‍ക്കും എല്ലാവര്‍ക്കും മാതൃകയാണ്.