കോഴഞ്ചേരി: ആറന്മുളയില്‍ ചോതി അളവ് ചൊവ്വാഴ്ച. ആചാര പ്രകാരം നിവേദ്യമൊരുക്കാനുള്ള അരി തയാറാക്കാന്‍ കാട്ടൂര്‍ മഠത്തിലേക്ക് നെല്ലളക്കും. ഇതിനുപുറമെ കണ്ണങ്ങാട്ട്, കടവന്ത്ര, ചെറുകര മഠങ്ങളിലേക്കും ഓരോ പറ നെല്ല് വീതംഅളന്നു നല്‍കും. ചോതി അളവിനുള്ള നെല്ല് തിരുവാറന്മുളയപ്പന്റെ മൂലസ്ഥാനമായ വിളക്കുമാടം കൊട്ടാരത്തില്‍ നിന്നും ഘോഷയാത്ര ആയി എത്തിച്ചു.
പുത്തേഴത്തില്ലം ഹരികൃഷ്ണന്‍ ഘോഷയാത്ര ഉദ്ഘാടനം ചെയ്തു. വിവിധ കരയോഗങ്ങളുടെ സ്വീകരണവും ഏറ്റുവാങ്ങി ചോതി അളവിന്റെ ചരിത്ര സ്മാരകമായ കണ്ണങ്ങാട്ടു മഠത്തില്‍ എത്തിയപ്പോള്‍ മല്ലപ്പുഴശേരി ഗ്രാമപഞ്ചായത്തു പ്രസിഡന്റ് ഉഷാ കുമാരി, കണ്ണങ്ങാട്ട് മഠം പ്രസിഡന്റ് വേണുഗോപാലന്‍ നായര്‍, കര്‍ഷകനായ ഉത്തമന്‍ കുറുന്താര്‍ എന്നിവരുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. തുടര്‍ന്ന് ശ്രീപാര്‍ഥസാരഥി ക്ഷേത്രത്തില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.അനന്തഗോപന്‍ വികസന സമിതി പ്രസിഡന്റില്‍ നിന്നും ചോതി അളവിനുള്ള നെല്ല് ക്ഷേത്രം ഭാരവാഹികളെ ഏല്‍പ്പിച്ചു.
ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ. പത്മകുമാര്‍, ആറന്മുള വികസന സമിതി ഭാരവാഹികളായ പ്രസിഡന്റ് പി.ആര്‍. രാധാകൃഷ്ണന്‍, സെക്രട്ടറി അശോകന്‍ മാവുനില്‍ക്കുന്നതില്‍, ട്രഷറര്‍ സന്തോഷ് കുമാര്‍ പുളിയേലില്‍, വൈസ് പ്രസിഡന്റ് വിനീത് കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.