കോഴഞ്ചേരി: കരക്കാരുടെ ആഹ്‌ളാദം, ആര്‍പ്പു വിളികള്‍ക്കിടയില്‍ അലിഞ്ഞു ചേര്‍ന്നപ്പോള്‍ കണക്കുകള്‍ ഒന്നും പിഴക്കാതെ പുത്തന്‍ കാട്ടൂര്‍ പള്ളിയോടം പമ്പയില്‍ നീര്‍തൊട്ടു. പ്രസിദ്ധമായ തിരുവോണ തോണി യാത്ര ആരംഭിക്കുന്ന കാട്ടൂര്‍ കരയിലെ പള്ളിയോടത്തിനു കരുത്തായി സമീപ കരകളിലെ പള്ളിയോടങ്ങളും അണിചേര്‍ന്നു.
തിരുവോണ തോണിയുടെ ഐതിഹ്യത്തിലൂടെ പെരുമ നേടിയ കാട്ടൂര്‍ കരയില്‍ പുതിയ പള്ളിയോടമെന്നത് ഇതോടെ യാഥാര്‍ഥ്യമായി. ആറന്മുളയിലേക്കുള്ള തിരുവോണത്തോണി യാത്രക്ക് ഒപ്പം പഴക്കവും ചരിത്രവുമുള്ളതാണ് കാട്ടൂര്‍ കര. ഇവിടെ നിന്ന് മാത്രമാണ് ഇത്തവണ പുതിയ പള്ളിയോടം നീറ്റിലിറങ്ങിയത് എന്ന പ്രത്യേകതയുമുണ്ട്.
ഉത്രാട സന്ധ്യക്ക് പുറപ്പെടുന്ന തിരുവോണത്തോണിക്ക് അകമ്പടി പോകാനായി അതിന് മുന്‍പ് നീറ്റിലിറക്കാനുമുള്ള കരക്കാരുടെ ആഗ്രഹം ഇതോടെ സാധ്യമായി.
2018 ലെ മഹാ പ്രളയത്തെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ സാരമായ കേടുപാടുകള്‍ സംഭവിച്ചതായിരുന്നു കാട്ടൂര്‍ പള്ളിയോടം.ഇതിനാല്‍ കഴിഞ്ഞ വര്‍ഷം അകമ്പടി പോകാന്‍ കാട്ടൂര്‍ പള്ളിയോടം ഉണ്ടായിരുന്നില്ല. ഇത്തവണ ആ കുറവ് നികത്തി പുത്തന്‍ പള്ളിയോടവുമായി തന്നെ തോണിക്ക് അകമ്പടി സേവിക്കാന്‍ കരക്കാര്‍ക്ക് കഴിയും. കാട്ടൂര്‍ 781-ാം നമ്പര്‍ എന്‍.എസ്.എസ് കരയോഗത്തിന്റെ ഉടമസ്ഥതയിലാണ് പുത്തന്‍ പള്ളിയോടമെങ്കിലും നാട്ടുകാരുടെ മുഴുവന്‍ സഹകരണത്തിലാണ് നിര്‍മ്മാണം നടന്നത്.
47 കോല്‍ നീളവും 64 അംഗുലം ഉടമയും 19 അടി അമരപ്പൊക്കത്തിലുമാണ് പുതിയ പള്ളിയോടം മുഖ്യ ശില്പി അയിരൂര്‍ സന്തോഷ് ആചാരിയുടെ നേതൃത്വത്തില്‍ മാലിപ്പുരയില്‍ ഒരുങ്ങിയത്. നിര്‍മാണത്തിനുള്ള ആഞ്ഞിലിത്തടി ചെറുവള്ളി, കാഞ്ഞിരപ്പള്ളി, റാന്നി,മോതിരവയല്‍ എന്നിവിടങ്ങളില്‍ നിന്നാണ് കണ്ടെത്തിയത്. 60 ലക്ഷം രൂപയാണ് ചെലവ്. പള്ളിയോടത്തിന്റെ നീരണിയല്‍ കര്‍മം പന്തളം കൊട്ടാരം നിര്‍വാഹക സമിതി പ്രസിഡന്റ് പി.ജി. ശശികുമാര വര്‍മ നിര്‍വഹിച്ചു. എന്‍.എസ്.എസ് റാന്നി യൂണിയന്‍ പ്രസിഡന്റ് വി.ആര്‍. രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.
പ്രമോദ് നാരായണ്‍ എം.എല്‍.എ. പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. പള്ളിയോട സേവാസംഘം പ്രസിഡന്റ് കെ.എസ്.രാജന്‍ പള്ളിയോട ശില്പികളെ ആദരിച്ചു.തിരുവോണ തോണിക്ക് അകമ്പടി സേവിക്കുന്നതിന് പിന്നാലെ ആറന്മുള ഉതൃട്ടാതി വള്ളം കളി, അയിരൂര്‍, റാന്നി, പെരുച്ചാല്‍ ജലമേളകളിലും പങ്കെടുക്കും. ആറന്മുളയില്‍ നടക്കുന്ന അഷ്ടമി രോഹിണി ജലഘോഷയാത്രയിലും പള്ളിയോടം പങ്കെടുക്കും.