പത്തനംതിട്ട: മലബാറിലെ തെയ്യങ്ങളുടെ പശ്ചാത്തലത്തിൽ ചിത്രീകരിച്ച മാമുക്കോയ അഭിനയിച്ച അവസാന ചലച്ചിത്രം’മുകൾപ്പരപ്പ്’ തിയേറ്ററുകളിലേക്ക്. പാരിസ്ഥിതിക വിഷയങ്ങൾ കൂടി പ്രതിപാദിച്ച് സാമൂഹിക പ്രതിബദ്ധത നിലനിർത്തിക്കൊണ്ടാണ് ചിത്രം തയാറാക്കിയിട്ടുള്ളതെന്ന് അണിയറ പ്രവർത്തകർ പത്രസമ്മേളനത്തിൽ പറഞ്ഞു.
സിബി പടിയറ കഥ, തിരക്കഥ, സംഭാഷണം എഴുതി സംവിധാനം ചെയ്ത മുകൾ പരപ്പ് സെപ്റ്റംബർ ഒന്നിനു റിലീസാകും. പാറഖനനത്തിന്റെ പ്രകമ്പനങ്ങൾ മുഴങ്ങുന്ന ഗ്രാമത്തിലെ പേരെടുത്ത തെയ്യക്കാരനായ ചാത്തുട്ടിപ്പെരുവണ്ണാന്റെ അന്തഃസംഘർഷങ്ങളിലൂടെ വികസിക്കുന്ന മുകൾപ്പരപ്പ് കണ്ണൂരിന്റെ ഗ്രാമ്യഭാഷാ സൗന്ദര്യം തുളുമ്പുന്ന ചിത്രമാണന്ന് സംവിധായകൻ സിബി പടിയറ പറഞ്ഞു.
പ്രവാസിയായ ജെ. പി.തവറൂലാണ് നിർമാതാവ്. പത്തനംതിട്ടക്കാരും പ്രവാസി മലയാളികളുമായ സിനു ഗോപാലകൃഷ്ണൻ സീതത്തോട്, ബിജോ മോഡിയിൽ കുമ്പളാംപൊയ്ക, ലെജു നായർ നരിയാപുരം എന്നിവർ സിനിമയുടെ സഹനിർമാതാക്കളുമാണ്. പ്രമുഖരും നൂറിലധികം പുതുമുഖങ്ങളും അണിനിരക്കുന്ന ചിത്രമാണിത്. പാട്ടിനും പ്രണയത്തിനും നർമത്തിനും ഒരേപോലെ ചലച്ചിത്രം പ്രാധാന്യം നൽകിയിട്ടുണ്ട്. സുനിൽ സൂര്യ നായകനാകുന്ന ചിത്രത്തിൽ തെലുങ്കിലും മലയാളത്തിലുമായി ശ്രദ്ധേയ ആയ അപർണ ജനാർദനൻ നായിക വേഷത്തിലുമെത്തുന്നു.
ലിഷോയ്, ശിവദാസ് മട്ടന്നൂർ, ഉണ്ണിരാജ് ചെറുവത്തൂർ, കുഞ്ഞിക്കണ്ണൻ ചെറുവത്തൂർ, ഊർമിള ഉണ്ണി, ചിത്ര നായർ, രജിത മധു, ചന്ദ്രദാസൻ ലോധർമി, ബിന്ദു കൃഷ്ണഎന്നിവർക്കൊപ്പം പുതുമുഖങ്ങളായ ശരത് അന്പാടി, ശ്രീഹരി, ദേവൻ പണിക്കർ, മണികണ്ഠൻ വയനാട്, പ്രഭുരാജ് തുടങ്ങിയവരും ചിത്രത്തിലെ താരങ്ങളാണ്. വിദീഷ് ലാൽ, വിപിൻലാൽ എന്നിവർക്കൊപ്പം മണികണ്ഠൻ വയനാടും ഗായകരായി ചിത്രത്തിലുണ്ട്. ജ്യോതിസ് വിഷന്‍റെ ബാനറിലാണ് ചിത്രം തയാറാകുന്നത്.
സുനിൽസൂര്യ , സിനുഗോപാലകൃഷ്ണൻ, മണികണ്ഠൻ വയനാട്, ശിവദാസ് മട്ടന്നൂർ, പ്രജിത്ത് എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.