പത്തനംതിട്ട: മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അനുമതിയില്ലാതെ പ്രവര്‍ത്തിക്കുന്ന ഡയറി ഫാം രണ്ടാഴ്ചയ്ക്കകം നിയമാനുസൃതമായ അനുമതി ബോര്‍ഡില്‍ നിന്നും കരസ്ഥമാക്കണമെന്ന് മനുഷ്യാവകാശ കമ്മിഷന്. പ്രവര്‍ത്തനാനുമതിയില്ലാതെ നിഷേധാത്മകമായ രീതിയില്‍ പ്രവര്‍ത്തനം തുടരാനാണ് ഭാവമെങ്കില്‍ ഫാം അടച്ചുപൂട്ടാന്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ് നടപടിയെടുക്കണമെന്നും കമ്മിഷന് അംഗം വി. കെ. ബീനാകുമാരി ഉത്തരവില്‍ പറഞ്ഞു.
ബോര്‍ഡിന്റെ പരിസ്ഥിതി എന്‍ജിനീയറും കടമ്പനാട് പഞ്ചായത്ത് സെക്രട്ടറിയും ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കണം. 70 സെന്റ് വസ്തുവില്‍ പ്രവര്‍ത്തിക്കുന്ന ഫാമിന്റെ തൊഴുത്ത് പരാതിക്കാരനായ അടൂര്‍ കടമ്പനാട് വടക്ക് മേലൂട്ട് വീട്ടില്‍ പൊടിക്കുഞ്ഞിന്റെ വീടിന്റെ അടുക്കളക്ക് മുന്നിലായതിനാല്‍ അവിടെ നിന്നും മാറ്റി സ്ഥാപിക്കാന്‍ ഫാം ഉടമയ്ക്ക് നിര്‍ദ്ദേശം നല്‍കണമെന്നും കമ്മിഷന് മലിനീകരണ നിയന്ത്രണ ബോര്‍ഡിന് നിര്‍ദ്ദേശം നല്കി. പരാതിക്കാരന്റെ അടുക്കളയോട് ചേര്‍ന്ന് ചാണകം ഉണക്കാനിടുന്നതു കാരണം ദുര്‍ഗന്ധവും കൊതുക് ശല്യവും ഉണ്ടാകുന്നതായി കമ്മീഷന് ചൂണ്ടിക്കാണിച്ചു.
ഡയറി ഫാം അനുമതിയില്ലാതെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് കമ്മിഷനെ അറിയിച്ചു. ഉണക്കാനിട്ടിരിക്കുന്ന ചാണകം അവിടെ നിന്നും മാറ്റാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് പഞ്ചായത്ത് സെക്രട്ടറി കമ്മിഷനെ അറിയിച്ചു.