
അടൂര്‍: കഴിഞ്ഞ വര്‍ഷത്തെക്കാള്‍ പൂക്കള്‍ക്ക് ഇക്കുറി വില കുറഞ്ഞത് മലയാളിക്ക് ആശ്വാസമായി. തമിഴ്‌നാട്ടില്‍ മഴ കുറവായതിനാല്‍ ബന്ദിപ്പൂക്കളുടെ ലഭ്യത വര്‍ധിച്ചതാണ് വിലക്കുറവിന് കാരണം. കഴിഞ്ഞ ഓണക്കാലത്ത് തമിഴ്‌നാട്ടില്‍ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് പൂക്കള്‍ അഴുകിപ്പോയിരുന്നു. ഇതാണ് വിലവര്‍ധിക്കാന്‍ ഇടയാക്കിയത്. കിലോയ്ക്ക് അന്ന് 250 രൂപയായിരുന്ന ബന്ദിപ്പൂക്കള്‍ക്ക് ഇപ്പോള്‍ 150 രൂപയായി കുറഞ്ഞു.
തമിഴ്‌നാട്ടിലെ ഹൊസൂര്‍, ദിണ്ഡിഗല്‍, ശങ്കരന്‍ കോവില്‍, തേനി, സൊറണ്ട എന്നിവിടങ്ങളിലും ബംഗളുരുവിലും നിന്നുമാണ് കേരളത്തിലേക്ക് പൂക്കള്‍ കൂടുതലായി എത്തുന്നത്. അത്തപ്പൂക്കളം തീര്‍ക്കാന്‍ ബന്ദിപ്പുക്കള്‍, വാടാമുല്ല,അരളി, റോസ്, ട്യൂബ് റോസ് എന്നിവയ്ക്കാണ് ആവശ്യക്കാര്‍ ഏറെ. സ്‌കൂള്‍, സ്ഥാപനങ്ങള്‍, ക്ലബ്ബുകള്‍ എന്നിവിടങ്ങളില്‍ ഓണാഘോഷങ്ങള്‍ നടന്നതോടെ കഴിഞ്ഞ ദിവസങ്ങളില്‍ പൂക്കള്‍ക്ക് വലിയ വില്പനയായിരുന്നു. കോവിഡ് കാലത്തെ നിയന്ത്രണങ്ങള്‍ക്ക് ശേഷം ഇക്കുറി ആള്‍ക്കാര്‍ കൂടുന്ന ഓണാഘോഷങ്ങളില്‍ മുന്‍തൂക്കം നല്കിയതോടെ പൂക്കള്‍ക്കും ആവിശ്യക്കാരേറി. വാടാമുല്ലയ്ക്ക് കിലോയ്ക്ക് 150 രൂപ മുതല്‍ 250 രൂപ വരെയും അരളിക്ക് 350 മുതല്‍ 400 രൂപയും റോസിന് 350 മുതല്‍ 400 രൂപയും ട്യൂബ് റോസിന് നാനൂറും മുല്ലയ്ക്ക് 1000 മുതല്‍ 1500 രൂപയുമാണ് വില. ഉത്രാടത്തിനും തിരുവോണ ദിവസവും വലിയ തോതില്‍ വില്പന പ്രതീക്ഷിച്ച് വന്‍തോതില്‍ വ്യാപാരികള്‍ പൂക്കള്‍ ശേഖരിച്ചിട്ടുണ്ട്.