ആറന്മുളയപ്പന് ഓണമുണ്ണാനുള്ള വിഭവങ്ങളുമായി മങ്ങാട്ട് ഭട്ടതിരി പുറപ്പെട്ടു: കാട്ടൂരില്‍ നിന്ന് യാത്ര തിരിച്ചത് ഉത്രാടസന്ധ്യയ്ക്ക്

0 second read
Comments Off on ആറന്മുളയപ്പന് ഓണമുണ്ണാനുള്ള വിഭവങ്ങളുമായി മങ്ങാട്ട് ഭട്ടതിരി പുറപ്പെട്ടു: കാട്ടൂരില്‍ നിന്ന് യാത്ര തിരിച്ചത് ഉത്രാടസന്ധ്യയ്ക്ക്
0

കോഴഞ്ചേരി: ഉത്രാടരാവില്‍ ദീപങ്ങള്‍ തീര്‍ത്ത പ്രഭാവലയത്തില്‍ ആറന്മുള ഭഗവാനുള്ള ഓണവിഭവങ്ങളുമായി തിരുവോണത്തോണി കാട്ടൂര്‍ കടവില്‍ നിന്ന് പുറപ്പെട്ടു. തിരുവോണ നാളില്‍ പുലര്‍ച്ചെ ആറന്മുള പാര്‍ഥസാരഥി ക്ഷേത്രക്കടവില്‍ തോണിയെ ഉപചാരപൂര്‍വം വരവേല്‍ക്കും.

പമ്പയുടെ അടിത്തട്ട് തെളിഞ്ഞു കിടക്കുകയാണ്. കൊടുംവേനലില്‍ മണ്‍പുറ്റുകളും പ്രത്യക്ഷപ്പെട്ടിരിക്കുന്നു. ആചാര പ്രകാരം തോണിയാത്രയ്ക്ക് ഇക്കുറി നേതൃത്വം നല്‍കുന്നത് മങ്ങാട്ട് രവീന്ദ്ര ബാബു ഭട്ടതിരിയാണ്. അദ്ദേഹം ആറന്മുളയില്‍ നിന്നും കാട്ടൂരിലെത്തിയതോടെ ചടങ്ങുകള്‍ ആരംഭിച്ചു. വെച്ചൂര്‍ മനയിലെ വിശ്രമ ശേഷം അയിരൂര്‍ പുതിയകാവ് ദേവീ ക്ഷേത്രത്തിലെ ഉച്ചപൂജ തൊഴുതാണ് ഭട്ടതിരി കാട്ടൂര്‍ ക്ഷേത്രക്കടവിലെത്തിയത്. ഭട്ടതിരിയെ തിരുവോണ തോണി കമ്മറ്റി ഭാരവാഹികളും 18 നായര്‍ കുടുംബ പ്രതിനിധികളും ദേവസ്വം ഉദ്യോഗസ്ഥരും ചേര്‍ന്ന് ആചാരപൂര്‍വ്വം വരവേറ്റു .

കാട്ടൂര്‍ മഹാവിഷ്ണു ക്ഷേത്രത്തില്‍ ദീപാരാധന തൊഴുത ശേഷം ഓണവിഭവങ്ങള്‍ തോണിയില്‍ കയറ്റാന്‍ ഭട്ടതിരി നിര്‍ദേശിച്ചു. ഉപ്പ് മുതല്‍ സദ്യക്ക് ആവശ്യമുള്ള വിഭവങ്ങള്‍ തോണിയില്‍ കയറ്റി. കൊടിയും കുടയും പലകയുമടക്കമുള്ള സാധനങ്ങളും തോണിയിലേറ്റി. ക്ഷേത്ര ശ്രീകോവിലില്‍ നിന്ന് മേല്‍ശാന്തി പകര്‍ന്ന് നല്‍കിയ ദീപം ഏറ്റുവാങ്ങി ഭട്ടതിരിയും തോണിയിലേറി. തുടര്‍ന്ന് തോണിയില്‍ പ്രത്യേകം തയാറാക്കിയ പീഠത്തില്‍ ദീപം സ്ഥാപിച്ചു. ഈ ദീപമാണ് അടുത്ത ഒരുവര്‍ഷം ആറന്‍മുള പാര്‍ഥസാരഥിയുടെ ശ്രീലകത്തെ കെടാവിളക്കില്‍ തെളിയുന്നത്. ഭക്തി സാന്ദ്രമാക്കിയ അന്തരീക്ഷത്തില്‍ മങ്ങാട്ട് ഭട്ടതിരി തോണിയില്‍ കയറിയതോടെ നായര്‍ കുടുംബാംഗങ്ങളും ദേവസ്വം ഉദ്യോഗസ്ഥരും ഒപ്പം കയറി. ഭട്ടതിരിയുടെ അനുജ്ഞ ലഭിച്ചതോടെ യാത്രക്ക് തുടങ്ങി. തോണി മൂന്ന് വളളപ്പാട് കിഴക്ക് ദിശയിലേക്ക് തുഴഞ്ഞ് നീങ്ങി വടക്ക് ഭാഗത്തേക്ക് തിരിഞ്ഞ് പടിഞ്ഞാറ് ദിശയിലേക്ക് മാറി ആറന്‍മുള ലക്ഷ്യമാക്കി തുഴഞ്ഞ് നീങ്ങിയപ്പോള്‍ സമീപ പള്ളിയോടങ്ങള്‍ അകമ്പടിയായി. അയിരൂര്‍ മഠത്തിലെത്തിയ തോണിക്ക് ആദ്യ വരവേല്‍പ്പ് അവിടെ ലഭിച്ചു. മഠത്തിലെ ദീപാരാധനയ്ക്കു ശേഷം പുറപ്പെട തോണിക്ക് മേലുകര വെച്ചൂര്‍ മനയിലും സ്വീകരണം ലഭിച്ചു. മനയിലെ ദീപാരാധനയ്ക്കും നാരായണീയ പാരായണത്തിനും ശേഷം പുറപ്പെട്ട തോണിക്ക് ഇടനാട്ട്കാവ്, തേവരക്കുന്ന് ക്ഷേത്രക്കടവുകളിലും പമ്പയുടെ ഇരുകരകളിലും ഭക്തര്‍ മണ്‍െചരാത് ഒഴുക്കിയും വായ്ക്കുരവയിട്ടും വഞ്ചിപ്പാട്ട് പാടിയും സ്വീകരണം നല്‍കി.

കോട്ടയം കുമാരനല്ലൂര്‍ മങ്ങാട്ടില്ലത്തെ മൂപ്പുമുറക്കാരന്‍ രവീന്ദ്രബാബു
ഭട്ടതിരിയാണ് ഇത്തവണ തിരുവോണ തോണിക്ക് നായകത്വം വഹിക്കുന്നത്. പരമ്പരാഗതമായി ലഭിച്ച ഈ അവകാശം നാലാം തവണയാണ് വിനിയോഗിക്കാന്‍ കഴിയുന്നത്. ആറന്മുള കാട്ടൂര്‍ കരക്കാര്‍ പാര്‍ഥസാരഥി ഭഗവാന്
തിരുവോണത്തോണിയില്‍ പരമ്പരാഗത ആചാരങ്ങളോടെ നിറയ്ക്കുന്ന വിഭവങ്ങള്‍ വര്‍ഷംതോറും തിരുനടയില്‍ സമര്‍പ്പിക്കുക എന്ന നിയോഗമാണ് മങ്ങാട്ടില്ലത്തെ കാരണവര്‍ക്കുള്ളത്.

 

Load More Related Articles
Load More By Veena
Load More In SPECIAL
Comments are closed.

Check Also

നിലയ്ക്കലില്‍ മദ്യലഹരിയില്‍ നാട്ടുകാരോട് വഴക്കടിച്ച എക്‌സൈസ് അസി. ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍: പോലീസ് കേസെടുത്തത് കുറവിലങ്ങാട് റേഞ്ച് ഓഫീസിലെ അജിമോനെതിരേ

പത്തനംതിട്ട: ശബരിമല ഡ്യൂട്ടിക്കെത്തിയ അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ മദ്യപിച്ച് ലക്കുകെട്ട്…