
പത്തനംതിട്ട: ജില്ലയുടെ കിഴക്കന്‍മേഖലയില്‍ പേമാരി. ഉരുള്‍പൊട്ടലുണ്ടായി എന്നും സംശയം. വെറും മൂന്നു മണിക്കൂര്‍ കൊണ്ട് സംഭരണ ശേഷി കവിഞ്ഞ മൂഴിയാര്‍ ഡാമും മണിയാര്‍ ബാരേജും തുറന്നു വിട്ടു. മൂന്നു ഷട്ടറുകള്‍ 30 സെന്റിമീറ്റര്‍ വീതമാണ് ഉയര്‍ത്തിയത്. രണ്ടെണ്ണം പിന്നീട് അടച്ചു. കനത്ത മഴയില്‍ മൂഴിയാള്‍ സായിപ്പന്‍കുഴിയില്‍ ഉരുള്‍പൊട്ടിയെന്ന് സംശയിക്കുന്നു. ഗവിയിലേക്കുള്ള പാത മണ്ണിടിച്ചില്‍ ഉണ്ടായതിനെ തുടര്‍ന്ന് അടച്ചു.
വൈകിട്ട് മൂന്നിന് തുടങ്ങിയ മഴയില്‍ മൂഴിയാര്‍ ഡാം നിറഞ്ഞത് വെറും രണ്ട് മണിക്കൂര്‍ കൊണ്ടാണ്. വൈകിട്ട് ആറിന് കലക്ടര്‍ റെഡ് അലെര്‍ട്ട് പ്രഖ്യാപിച്ച് അരമണിക്കൂര്‍ കഴിയുന്നതിന് മുന്‍പാണ് മൂഴിയാര്‍ ഡാം തുറന്നു വിട്ടത്.
വനത്തില്‍ നിന്നും അതിശക്തമായി വെള്ളം വന്നതാണ് ഉരുള്‍പൊട്ടല്‍ സംശയിക്കാന്‍ കാരണമായിട്ടുള്ളത്.
മൂഴിയാര്‍ ഡാം ഷട്ടര്‍ ഉയര്‍ത്തിയതിന് പിന്നാലെ കക്കാട്ടാറ്റില്‍ വെള്ളത്തിന്റെ വരവ് കൂടിയതോടെ കാരികയത്തും മണിയാര്‍ കാര്‍ബൊറാണ്ടത്തിലും വൈദ്യുതോത്പാദനം പുനരാരംഭിച്ചു. ആറന്മുള വള്ളംകളിക്കായി മണിയാര്‍ ബാരേജില്‍ വെള്ളം സംഭരിച്ചു വച്ചിരുന്നതിനാല്‍ കാര്‍ബറാണ്ടത്തിലെ വൈദ്യുതോത്പാദനം താല്‍ക്കാലികമായി നിര്‍ത്തി വച്ചിരുന്നതാണ് പുനരാരംഭിച്ചത്.
മൂഴിയാര്‍ ഡാമില്‍ നിന്നുമുള്ള വെള്ളവും നിലയ്ക്കാതെ ചെയ്യുന്ന മഴയിലെ വെള്ളവും കൂടുതലായി എത്തിയതോടെയാണ് മണിയാര്‍ ബാരേജ് തുറന്നു വിട്ടത്.