പൂരുരുട്ടാതി നാള്‍ വൈകിട്ട് മൂന്നു വരെ പമ്പ നീര്‍ച്ചാലു പോലെ: രാത്രി ഒമ്പതു മണിയായപ്പോള്‍ ജലസമൃദ്ധം: ഇത് ഭഗവാന്റെ ലീലയെന്ന് ആറന്മുള പള്ളിയോട കരക്കാര്‍: നിറഞ്ഞ നെട്ടായത്തില്‍ ഇന്ന് ഭഗവാന് മുന്നില്‍ മത്സര വള്ളംകളി: ഒരു പുഷ്പം ചോദിച്ചപ്പോള്‍ ഭക്തന് പൂന്തോട്ടം നല്‍കിയ ഭഗവാന്‍

0 second read
Comments Off on പൂരുരുട്ടാതി നാള്‍ വൈകിട്ട് മൂന്നു വരെ പമ്പ നീര്‍ച്ചാലു പോലെ: രാത്രി ഒമ്പതു മണിയായപ്പോള്‍ ജലസമൃദ്ധം: ഇത് ഭഗവാന്റെ ലീലയെന്ന് ആറന്മുള പള്ളിയോട കരക്കാര്‍: നിറഞ്ഞ നെട്ടായത്തില്‍ ഇന്ന് ഭഗവാന് മുന്നില്‍ മത്സര വള്ളംകളി: ഒരു പുഷ്പം ചോദിച്ചപ്പോള്‍ ഭക്തന് പൂന്തോട്ടം നല്‍കിയ ഭഗവാന്‍
0

സുരേഷ് റാന്നി

ഒരു പുഷ്പത്തിനായി പ്രാര്‍ത്ഥിച്ച ഭക്തന് ഭഗവാന്‍ ഒരു പൂന്തോട്ടം മുഴുവനായി നല്‍കിയതുപോലെയായി പമ്പാനദിയിലെ ജലസമൃദ്ധി. ഒറ്റരാത്രിയില്‍ നദിയില്‍ ഒഴുകിയെത്തിയത് പത്തടിയിലേറെ വെള്ളം. തിരുവാറന്മുളയപ്പന്റെ ക്ഷേത്രക്കടവില്‍ നടക്കുന്ന ഉതൃട്ടാതി ജലമേളയ്ക്ക് ആവശ്യമായത്ര വെള്ളമാണ് നദിയില്‍ ഉയര്‍ന്നത്. ഭഗവല്‍ സാന്നിദ്ധ്യമുള്ള പള്ളിയോടങ്ങള്‍ക്ക് തുഴഞ്ഞു നീങ്ങാന്‍ പോലും വെള്ളം ഇല്ലാതിരുന്ന വെള്ളിയാഴ്ച അല്ല മണിക്കൂറുകള്‍ പിന്നിട്ടപ്പോള്‍ കണ്ട ശനിയാഴ്ച.

തിരുവാറന്മുളയുമായി ബന്ധപ്പെട്ട മുഴുവന്‍ കരകളിലേയും ഭക്തജനങ്ങളും വള്ളംകളി പ്രേമികളും വലിയ ആശങ്കയിലായിരുന്നു. ഓണക്കാലത്ത് നീര്‍ച്ചാലു മാത്രമായി വറ്റിവരണ്ട നദിയില്‍ വള്ളംകളിക്ക് ആവശ്യമായ വെള്ളം എത്തിക്കണേ എന്നായിരുന്നു പ്രാര്‍ത്ഥന. കടുത്ത വേനലില്‍ വറ്റി വരണ്ട ഡാമുകളില്‍ നിന്നും വെള്ളം നല്‍കാന്‍ കഴിയില്ലെന്നായിരുന്നു അധികൃതരുടെ നിലപാട്. എങ്കിലും അല്‍പ്പാല്‍പ്പമായി ഒലിച്ചെത്തുന്ന വെള്ളം മണിയാര്‍ ബാരേജില്‍ സംഭരിച്ച് ശനിയാഴ്ച പുലര്‍ച്ചെ നദിയിലേക്ക് ഒഴുക്കാനായിരുന്നു അവരുടെ തീരുമാനം.

വറ്റിവരണ്ട പമ്പയില്‍ ബാരേജില്‍ നിന്നും അളന്നു കുറിച്ചു നല്‍കുന്ന വെള്ളം നല്ലൊരു വള്ളംകളിക്കു പര്യാപ്തമാക്കുമായിരുന്നുമില്ല എങ്കിലും മണിയാര്‍ കാര്‍ബറാണ്ടത്തില്‍ വൈദ്യുതോദ്പാദനം പോലും നിര്‍ത്തി വച്ച് ബാരേജില്‍ സംഭരിക്കുന്ന വെള്ളത്തിലായിരുന്നു ഏവരുടേയും പ്രതീക്ഷ. തിരുവോണ ദിവസം വരെ വറ്റിവരണ്ടു കിടന്ന പമ്പാ നദിയില്‍ അവിട്ടം നാളില്‍ ആവശ്യത്തിന് വെള്ളം എത്തിച്ച് റാന്നി ജലമേള ഭംഗിയാക്കിയ ഈശ്വര കാരുണ്യം ഉതൃട്ടാതി ജലമേളയിലും ഉണ്ടാകണേ എന്നായിരുന്നു പതിനായിരങ്ങളുടെ പ്രാര്‍ത്ഥന.

പാണ്ഡവരുടെ ദൂതുമായി കൗരവസഭയില്‍ പോകുകയും സൂചി കുത്താന്‍ ഇടം നല്‍കില്ലെന്ന മറുപടി കേട്ട് ഖിന്നനായി മടങ്ങേണ്ടി വരികയും ചെയ്‌തെങ്കിലും പിന്നീട് പാണ്ഡവര്‍ക്ക് രാജ്യവും രാജാധികാരവും വീണ്ടെടുത്തു നല്‍കാന്‍ മുന്‍പില്‍ നിന്ന ശ്രീകൃഷ്ണ ഭഗവാന്റെ ( പാര്‍ത്ഥസാരഥി ) ക്ഷേത്രക്കടവില്‍ നടക്കുന്ന ജലമേളയ്ക്ക് വെള്ളം നല്‍കാന്‍ നിര്‍വാഹമില്ലെന്ന അധികൃത നിലപാട് ഉണ്ടായെങ്കിലും ഇടിവെട്ടി മഴ പെയ്യിച്ച് വെള്ളം എത്തിച്ചിരിക്കുകയാണ് ഭഗവാനെന്നാണ് കരക്കാര്‍ വിശ്വസിക്കുന്നത്.

കിഴക്കന്‍ വനമേഖലയില്‍ തിമിര്‍ത്തു ചെയ്ത മഴ മൂഴിയാര്‍ അണക്കെട്ടിനേയും മണിയാര്‍ ബാരേജിനേയും അതിവേഗമാണ് നിറച്ചത്. ശനിയാഴ്ച പുലര്‍ച്ചെ തുറക്കാന്‍ നിശ്ചയിച്ചിരുന്ന മണിയാര്‍ ബാരേജിന്റെ രണ്ടു ഷട്ടറുകള്‍ വെള്ളിയാഴ്ച രാത്രി തന്നെ പതിവിലുമേറെ ഉയര്‍ത്തേണ്ടി വന്നു. ഒപ്പം മൂഴിയാറിന്റെ ഗേറ്റുകളും തുറന്നു. അങ്ങനെ പമ്പ ജലസമൃദ്ധമായി. വള്ളംകളി പ്രേമികളുടേയും ഭക്തരുടേയും മനം നിറഞ്ഞു. ഇനി ആപത്തുകള്‍ ഒന്നുമില്ലാതെ ഉതൃട്ടാതി ജലമേള ഭംഗിയായി നടക്കണം. അതിനും ഭഗവാന്റെ കടാക്ഷം ഉണ്ടാകുമെന്ന ഉറച്ച വിശ്വാസത്തിലാണ് പള്ളിയോട കരക്കാര്‍.

Load More Related Articles
Load More By Veena
Load More In NEWS PLUS
Comments are closed.

Check Also

കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ഓണക്കോടി നൽകി

തിരുവല്ല: കെ.എസ്.ആർ.ടി.സിയുടെ പത്തനംതിട്ട – ഗുരുവായൂർ – കുറ്റ്യാടി – മാന…