പന്തളം: കാറിനുള്ളില്‍ ബി.ജെ.പിയുടെ കൊടി കണ്ട് കലിയിളകിയ മുഖ്യമന്ത്രിയുടെ അകമ്പടി വാഹനത്തിലുണ്ടായിരുന്നവര്‍ തന്റെ കാര്‍ ഇടിച്ചു തെറിപ്പിക്കാന്‍ നോക്കിയെന്ന് നടനും ബി.ജെ.പി ദേശീയ കൗണ്‍സില്‍ അംഗവുമായ ജി. കൃഷ്ണകുമാര്‍. എം.സി റോഡില്‍ പന്തളം ടൗണില്‍ ഇന്നലെ രാവിലെ 11.30 നാണ് സംഭവം. പുതുപ്പള്ളിയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പോവുകയായിരുന്ന കൃഷ്ണകുമാറിന്റെ കാറിന് പിന്നില്‍ മുഖ്യമന്ത്രിയുടെ സുരക്ഷാ ഡ്യൂട്ടിക്കായി വന്ന പോലീസുകാര്‍ സഞ്ചരിച്ചിരുന്ന ബസ് ഇടിക്കുകയായിരുന്നു. തന്റെ വാഹനം ഇടിച്ച് തെറിപ്പിക്കാന്‍ നോക്കിയെന്ന് മാത്രമല്ല, ബസിലുണ്ടായിരുന്ന പോലീസുകാര്‍ അസഭ്യം വിളിച്ചുവെന്നും അദ്ദേഹം പറഞ്ഞു. പന്തളം പോലീസ് സ്റ്റേഷനില്‍ ചെന്ന് കൃഷ്ണകുമാര്‍ പരാതി നല്‍കിയെങ്കിലും കേസ് എടുത്തിട്ടില്ല.
പന്തളം ടൗണില്‍ എത്തുന്നതിന് 20 മിനുട്ട് മുമ്പാണ് മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം എത്തിയത്. അപ്പോള്‍ വാഹനം സൈഡിലേക്ക് മാറ്റിയിരുന്നുവെന്ന് കൃഷ്ണകുമാര്‍ പറഞ്ഞു. യാത്ര തുടരവേ പന്തളം ജങ്ഷനിലേക്ക് പ്രവേശിക്കുമ്പോഴാണ് പിന്നാലെ ഹോണടിച്ച് പോലീസുകാര്‍ സഞ്ചരിച്ചിരുന്ന ബസ് വന്നത്. ഈ സമയം റോഡില്‍ നല്ല തിരക്കായിരുന്നു. അല്‍പ്പം മുന്നിലേക്ക് മാറ്റി സൈഡ് ഒതുക്കി നിര്‍ത്താന്‍ ശ്രമിക്കുന്നതിനിടെ പാഞ്ഞെത്തിയ ബസ് കാറിന്റെ പിന്‍വശത്ത് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. പിന്നാലെ അസഭ്യവും വിളിച്ചു. എന്റെ അച്ഛനും പോലീസായിരുന്നു. പോലീസുകാരെ കണ്ടാണ് താനും വളര്‍ന്നത്. മൊത്തം പോലീസ് സേനയ്ക്ക് കളങ്കമുണ്ടാക്കുന്ന കാക്കിക്കുള്ളലെ ഗുണ്ടകളെ നിയന്ത്രിക്കണം. ഇവരാണ് പോലീസിന്റെ സല്‍പ്പേരിന് കളങ്കമുണ്ടാക്കുന്നത്. രാഷ്ട്രീയത്തെ രാഷ്ട്രീയമായി നേരിടണം. ഇത്തരം ഗുണ്ടാ പ്രവര്‍ത്തനവുമായി മുന്നോട്ടു പോകാനാണ് ശ്രമിക്കുന്നതെങ്കില്‍ പാര്‍ട്ടിയുടെ തന്നെ അന്ത്യം കുറിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.