റാന്നി: പുനലൂര്‍-മൂവാറ്റുപുഴ റോഡ് ഉന്നത നിലവാരത്തിലെത്തിയതോടെ വലിയ കലുങ്ക് കനാല്‍ പാലത്തിന്റെ ഉയരത്തെകുറിച്ചുള്ള നാട്ടുകാരുടെ ആശങ്ക അസ്ഥാനത്തായില്ല. ഇതു വഴിയെത്തിയ വലിയ ചരക്കു ലോറിക്ക് പാലത്തിനടിയിലൂടെ കടന്നു പോകാനായില്ല. തുടര്‍ന്ന് ചരക്ക് പകുതി വഴിയില്‍ ഇറക്കി യാത്ര തുടരേണ്ടി വന്നു.
റാന്നി ഭാഗത്തു നിന്നും മരപ്പൊടിയുമായി എത്തിയ ലോറിയാണ് മറുവശം കടക്കാനാവാതെ കുടുങ്ങിയത്. നിര്‍ത്തിയിട്ട വാഹനത്തില്‍ നിന്നും പകുതി ചരക്ക് ഇറക്കി. പിന്നീട് വാഹനം മറുവശത്ത് എത്തിയ ശേഷം ഇറക്കിയ ചരക്ക് തിരികെ കയറ്റി യാത്ര തുടരുകയായിരുന്നു. ഉന്നത നിലവാരത്തിലാക്കുന്നതോടെ കനാല്‍ പാലവും റോഡിന്റെ ഉപരിതലവും തമ്മിലുള്ള ഉയരം കുറയുമെന്ന് നാട്ടുകാര്‍ ആശങ്കപ്പെട്ടിരുന്നു. ഇത് അധികൃതരെ അറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ വലിയ വാഹനങ്ങളുടെ ഗതാഗതത്തെ ഇതു ബാധിക്കുമെന്നുമുള്ള മുന്നറിയിപ്പ് ഇന്നലെ ലോറി കുടുങ്ങിയതോടെ യാഥാര്‍ഥ്യമായി.
പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാന പാതയുടെ വലിയ കലുങ്കിനും ഡിപ്പോപ്പടിക്കുമിടയിലെ കനാല്‍പാലമാണ് വികസനമെത്തിയതോടെ നാട്ടുകാര്‍ക്ക് ബാധ്യതയായത്. റോഡിന്റെ ഉപരിതലവും പാലവും തമ്മില്‍ നേരത്തെ തന്നെ ഉയരക്കുറവുണ്ടായിരുന്നു. പുതിയ റോഡ് വന്നതോടെ ഇത് വര്‍ധിച്ചു. ഉയരം വര്‍ധിപ്പിക്കണമെങ്കില്‍ റോഡ് ഇവിടെ താഴ്ത്തണം. താഴ്ത്തിയാല്‍ സമീപത്തെ തോട്ടിലെ വെള്ളം റോഡിലെത്തും. പാലത്തിനിരുവശവും റോഡ് ഉയര്‍ത്തിയാണ് പണിതിരിക്കുന്നത്. പിന്നീടുള്ള പരിഹാരം ഇവിടെ മേല്‍പ്പാലമെന്നതായിരുന്നു. ഇത് ഇവിടം സന്ദര്‍ശിച്ച പൊതുമരാമത്ത് മന്ത്രി ശരി വയ്ക്കുകയും ചെയ്തിരുന്നു. എന്നാല്‍ കെ.എസ്.ടി.പി അധികൃതരും കിഫ്ബിയും മേല്‍പ്പാലമെന്ന ആശയം തള്ളിക്കളയുകയായിരുന്നു. ഇതോടെ വലിയ ചരക്കു വാഹനങ്ങള്‍ക്ക് റാന്നിക്കും പത്തനംതിട്ടക്കുമിടയില്‍ ബദല്‍ പാതയായ വടശേരിക്കരയിലൂടെ ചുറ്റിപ്പോകേണ്ട ഗതികേടാണ് നിലവിലുള്ളത്.