തേക്കുതോട്: ഉന്നതനിലവാരത്തില്‍ നിര്‍മ്മാണം അന്തിമഘട്ടത്തിലെത്തിയ തണ്ണിത്തോട് മൂഴി – തേക്കുതോട് റോഡിന്റെ രണ്ടിടങ്ങളില്‍ വശം തകര്‍ന്ന് കല്ലാറില്‍ പതിച്ചു. കഴിഞ്ഞ ദിവസത്തെ കനത്ത മഴയില്‍ ഒരു വശത്തെ മലയില്‍ നിന്ന് റോഡിലേക്ക് മണ്ണിടിച്ചിലുമുണ്ടായി. തേക്കുതോട്ടിലേക്കുള്ള റോഡിന്റെ വലതുഭാഗത്ത് ഉരുള്‍പൊട്ടല്‍ പോലെയാണ് ഇരുപത് മീറ്റര്‍ നീളത്തില്‍ ഒരു ഭാഗത്തും പത്ത് മീറ്റര്‍ നീളത്തില്‍ മറ്റൊരു ഇടത്തും മണ്ണിടിഞ്ഞത്.
ഇരുപതടി താഴ്ചയിലൂടെ ഒഴുകുന്ന കല്ലാറിലേക്കാണ് റോഡിന് അടിത്തറയായി കെട്ടിയ കല്ലുകളും മണ്ണും ഇടിഞ്ഞു വീണത്. റോഡിനോട് ചേര്‍ന്ന താഴ്ചയില്‍ താമസിക്കുന്ന തേക്കുതോട് തൂക്കനാല്‍ തോമസ് ഫിലിപ്പിന്റെ പറമ്പിന്റെ വശം ഇടിച്ചിളിക്കിയാണ് കല്ലുംമണ്ണും കല്ലാറ്റില്‍ വീണത്. ഇവിടെയുണ്ടായിരുന്ന റബര്‍ ഷീറ്റ് അടിക്കുന്ന ഷെഡും മെഷിനും പുകപ്പുരയും ആറ്റിലൂടെ ഒഴുകിപ്പോയി. ടാപ്പിങ് നടത്തുന്ന 20 മൂട് റബര്‍ മരങ്ങളും കടപുഴകി. റോഡിന് അടിയിലെ മണ്ണും കല്ലുകളും ഒലിച്ചുപോയതിനാല്‍ ഈ ഭാഗത്ത് ഗതാഗതം ഒറ്റവരിയാക്കി. നിരവധി വാഹനങ്ങളും ബസുകളും പോകുന്ന റോഡിലെ യാത്ര അപകടം നിറഞ്ഞതാണ്. ഞായറാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെ പെയ്ത മഴയിലാണ് റോഡ് തകര്‍ന്നതെന്ന് തോമസ് ഫിലിപ്പ് പറഞ്ഞു. റോഡിന്റെ ഒരു വശം മലയാണ്. ഇവിടെ നിന്ന് മണ്ണിടിഞ്ഞും മരം ഒടിഞ്ഞും റോഡില്‍ വീണത് നീക്കം ചെയ്തിട്ടുണ്ട്.
രണ്ടുഭാഗങ്ങളിലും വീപ്പയും വാട്ടര്‍ ടാങ്കുകളും നിരത്തി അപകട മുന്നറിയിപ്പ് സ്ഥാപിച്ചു. ബി.എം. ബി.സി നിലവാരത്തിലാണ് റോഡ് നിര്‍മ്മാണം പൂര്‍ത്തിയാകുന്നത്. റോഡിന്റെയും ഭൂമിയുടെയും ഒഴുക്കിന്റെ ഗതിയും പഠിക്കാതെ അശാസ്ത്രീയമായിട്ടാണ് നിര്‍മ്മാണം നടത്തിയതെന്ന് നാട്ടുകാര്‍ ആരോപിച്ചു. മണ്ണിടിഞ്ഞ രണ്ടുഭാഗത്തും മലമുകളില്‍ നിന്നുള്ള വെള്ളം ആറ്റിലേക്ക് ഒഴുകിയിറങ്ങാന്‍ നേരത്തേ ചപ്പാത്തുകളുണ്ടായിരുന്നു. റോഡ് ഉന്നത നിലവാരത്തില്‍ പുനര്‍ നിര്‍മ്മിച്ചപ്പോള്‍ ചപ്പാത്ത് ഇല്ലാതായി. മുകളില്‍ നിന്നുള്ള വെള്ളത്തിന്റെ ഒഴുക്ക് തടസപ്പെട്ടുണ്ടായ മര്‍ദത്താലാണ് റോഡ് തകര്‍ന്നതെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാട്ടി. നിര്‍മ്മാണ വേളയില്‍ ചപ്പാത്ത് നിലനിറുത്തി കലുങ്ക് നിര്‍മ്മിക്കണമെന്ന് അധികൃതരോട് ആവശ്യപ്പെട്ടിരുന്നെങ്കിലും പരിഗണിച്ചില്ല.
റോഡിന്റെ തകര്‍ന്ന ഭാഗങ്ങളില്‍ റീബില്‍ഡ് കേരളയിലെ പ്രോജക്ട് മാനേജ്‌മെന്റ് യൂണിറ്റ് അസി.എന്‍ജിനീയര്‍മാരുടെ നേതൃത്വത്തില്‍ പരിശോധന നടത്തി. നിലവിലെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി തന്നെ തകര്‍ന്ന ഭാഗങ്ങള്‍ സംരക്ഷണഭിത്തി കെട്ടി നിര്‍മ്മിക്കുമെന്ന് അധികൃതര്‍ പറഞ്ഞു. റീബില്‍ഡ് കേരളയില്‍ ഉള്‍പ്പെടുത്തി തണ്ണിത്തോട് മൂഴിയില്‍ നിന്ന് നാല് കിലോമീറ്റര്‍ ദൂരത്തില്‍ ഗുരുമന്ദിരത്തിന് സമീപം വരെ റോഡ് നാല് കോടി രൂപ ചെലവിലാണ് നിര്‍മ്മിക്കുന്നത്. ബാക്കി ഭാഗങ്ങള്‍ പൊതുമരാമത്താണ് ഏറ്റെടുത്തിട്ടുള്ളത്. നിര്‍മ്മാണത്തിലെ വീഴ്ചയാണെങ്കില്‍ പരിശോധിച്ച് കര്‍ശന നടപടിയുണ്ടാകുമെന്നും കെ.യു.ജനീഷ്‌കുമാര്‍ എം.എല്‍.എ അറിയിച്ചു.