
പത്തനംതിട്ട: യുവാവ് തലയ്ക്കടിയേറ്റ് മരിച്ച സംഭവത്തില്‍ സഹോദരന്മാരായ പ്രതികള്‍ക്ക് അഞ്ചുവര്‍ഷത്തെ കഠിനതടവും 31,000 രൂപ വീതം പിഴയും. കല്ലൂപ്പാറ കടമാന്‍കുളം കടമാന്‍കുളത്ത് വീട്ടില്‍ വാവച്ചന് എന്ന് വിളിക്കുന്ന അഭിലാഷ് (36), സഹോദരന് കൊച്ചുമോനെന്നു വിളിക്കുന്ന അശോകന് (32) എന്നിവരെയാണ് അഡിഷണല്‍ സെഷന്‍സ് കോടതി നാല് ജഡ്ജി പി പി പൂജ
ശിക്ഷിച്ചത്. സമീപവാസിയായ ബിജു (42)വാണ് പ്രതികളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ആകെ ഏഴര വര്‍ഷമാണ് ശിക്ഷ വിധിച്ചതെങ്കിലും ഒരുമിച്ച് അഞ്ചു വര്‍ഷം ശിക്ഷ അനുഭവിച്ചാല്‍ മതി. ആകെ 31000 രൂപ വീതം ഇരുവര്‍ക്കും പിഴയും വിധിച്ചു. പിഴ അടച്ചില്ലെങ്കില്‍ ഏഴു മാസത്തെ തടവ് കൂടി അനുഭവിക്കണം.
2013 ഡിസംബര്‍ 19 നാണ് കേസിന് ആസ്പദമായ സംഭവം. കടമാന്‍കുളത്ത് പബ്ലിക് റോഡില്‍ മദ്യപിച്ച് അസഭ്യം വിളിച്ചത് ചോദ്യം ചെയ്ത വിരോധത്താല്‍ കമ്പ്, കമ്പിവടി എന്നിവ കൊണ്ട് പ്രതികള്‍ ബിജുവിന്റെ തലയ്ക്കും മറ്റും അടിച്ച് പരുക്കേല്‍പ്പിക്കുകയായിരുന്നു. ആദ്യം മനഃപൂര്‍വല്ലാത്ത നരഹത്യാശ്രമത്തിനാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ചികിത്സയിലിരിക്കെ ബിജു മരിച്ചു. നിലവില്‍ പത്തനംതിട്ട ജില്ലാ െ്രെകം ബ്രാഞ്ച് ഡിവൈ.എസ്.പിയും അന്നത്തെ കീഴ്വായ്പ്പൂര് എസ്ഐയുമായിരുന്ന ജി. സുനില്‍ കുമാറാണ് പ്രാഥമിക അന്വേഷണം നടത്തിയത്. തുടര്‍ന്ന് പോലീസ് ഇന്‍സ്പെക്ടര്‍ ജി. സന്തോഷ് കുമാര്‍, ബിനു വര്‍ഗീസ് എന്നിവരും അന്വേഷണം നടത്തി. ബിനു വര്‍ഗീസാണ് അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.
കടമാന്‍കുളത്തെ മോനച്ചന്റെ ഫര്‍ണിച്ചര്‍ കടയില്‍ സഹായി ആയിരുന്നു ബിജു. സംഭവദിവസം രാത്രി ഒമ്പതു മണിയോടെ കടയുടെ മുന്‍വശം റോഡില്‍ മദ്യപിച്ച് അസഭ്യം വിളിച്ചുനിന്ന അഭിലാഷിനെ ചോദ്യം ചെയ്ത ബിജുവിനെ പ്രതി ഉപദ്രവിക്കാന്‍ ശ്രമിച്ചു. കടയിലെ മറ്റു ജോലിക്കാര്‍ ചേര്‍ന്ന് അയാളെ ഒഴിവാക്കി വിട്ടെങ്കിലും രാത്രി 10 മണിയോടെ സഹോദരന് അശോകനുമായെത്തി കമ്പും കമ്പിവടിയും ഉപയോഗിച്ച് ആക്രമിച്ചുതലയ്ക്കും മറ്റും പരിക്കേല്‍പ്പിച്ചു എന്നായിരുന്നു കേസ്.
പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍മാരായ അഡ്വ. രേഖ ആര്. നായര്‍, അഡ്വ. സന്ധ്യ ടി. വാസു എന്നിവര്‍ ഹാജരായി.