ചിറ്റാര്‍: തുടര്‍ച്ചയായ രണ്ടാം ദിവസവും ചിറ്റാറിനെ വിറപ്പിച്ച് ഒറ്റായാന്‍ ഇറങ്ങി. ചൊവ്വാഴ്ച രാത്രി രാജാമ്പാറ റേഞ്ച് പരിധിയിലെ ബിമ്മരം കാട്ടില്‍ നിന്നും കക്കാട്ടാര്‍ നീന്തി എത്തിയ കൊമ്പന്‍ ജനവാസ മേഖലയില്‍ വ്യാപകമായ കൃഷിനാശമാണ് വരുത്തിയത്. പുലര്‍ച്ചെ 12.30 ഓടെ ചിറ്റാര്‍ എസ്‌റ്റേറ്റ് എല്‍.പി സ്‌കൂളിന് സമീപം ഷാജി മന്‍സിലില്‍ എച്ച്. അബ്ദുള്‍ റഹിമാന്റെ പുരയിടത്തില്‍ എത്തിയ കൊമ്പന്‍ തെങ്ങും വാഴയും നശിപ്പിച്ചു. ശബദം കേട്ട് വീട്ടുകാര്‍ പുറത്തിറങ്ങിയപ്പോള്‍ മുറ്റത്ത് നില്‍ക്കുന്ന കാട്ടുകൊമ്പനെയാണ് കണ്ടത്.
ഇവര്‍ ബഹളം വച്ചതോടെ തെങ്ങോലയില്‍ നിന്ന് കൊമ്പന്‍ പിടിവിട്ട് അത്തിക്കയം തോണിക്കടവില്‍ വീട്ടില്‍ മാത്യൂസ് ജോസഫിന്റെ ബംഗ്ലാവിന്റെ അടുക്കള മുറ്റത്തോട് ചേര്‍ന്ന കൃഷിയിടത്തിലേക്ക് നീങ്ങി. അവിടെയും വാഴയും തെങ്ങും നശിപ്പിച്ചു. രാവിലെയാണ് കക്കാട്ടാര്‍ നീന്തി കടന്ന് കൊമ്പന്‍ ബിമ്മരം കാടുകയറിയത്. രണ്ടാം ദിനത്തിലും ആന ജനവാസ മേഖലയില്‍ ഇറങ്ങിയതോടെ പ്രദേശവാസികള്‍ ഭീതിയിലാണ്. ആന ജനവാസമേഖലയില്‍ ഇറങ്ങാതിരിക്കാന്‍ അളളുങ്കല്‍ ഭാഗത്ത് വനപാലകര്‍ കാവലിരുന്നെങ്കിലും പ്രയോജനമുണ്ടായില്ല. ആറു മാസത്തിനു മുമ്പും ഈ പ്രദേശത്ത് ചുളളന്‍ കൊമ്പന്‍ എന്നു നാട്ടുകാര്‍ വിളിപ്പേരിട്ട ആന ഇറങ്ങി കൃഷി നശിപ്പിച്ചിരുന്നു.