ഇടുക്കി: പ്രമുഖ ബ്രാന്‍ഡുകളുടെ പേരിനോട് സാമ്യം തോന്നുന്ന തരത്തില്‍ മായം കലര്‍ന്ന പാല്‍ കേരളത്തില്‍ വ്യാപകമായി വിറ്റഴിക്കുന്നു. തമിഴ്‌നാട്ടിലെ പാല്‍ ലോബിയുമായി ചേര്‍ന്ന് കേരളത്തില്‍ നിന്നുള്ളവരാണ് ഈ അതികമ്രം ഇന്നാട്ടില്‍ കാണിക്കുന്നത്.
ടാങ്കറുകളില്‍ കേരളത്തില്‍ എത്തിച്ച് പ്രമുഖ ബ്രാന്‍ഡുകളുടെ പേരിനോട് സാമ്യം തോന്നുന്ന വിധം ജനങ്ങള്‍ക്കിടയില്‍ കച്ചവടം നടത്തുകയാണ്. ആര്യങ്കാവ് ചെക്ക് പോസ്റ്റില്‍ കഴിഞ്ഞയാഴ്ച ഹൈഡ്രജന്‍ പെറോക്‌സൈഡ് കലര്‍ന്ന പാല്‍ പിടികൂടിയെന്ന് ക്ഷീരവികസന വകുപ്പ് അവകാശപ്പെടുമ്പോള്‍ അതിന് ക്ലീന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കി ജനങ്ങളെ വിഷം കുടിപ്പിക്കുന്ന തിരക്കിലാണ് ഭക്ഷ്യസുരക്ഷാ വകുപ്പ്. അവിടെ പിടികൂടിയ പാല്‍ പന്തളം ഇടപ്പോണിലെ ഫാമിലേക്ക് കൊണ്ടു വന്നതായിരുന്നു.
ഏതാനും പശുക്കളെ പേരിന് വളര്‍ത്തിയതിന് ശേഷം തമിഴ്‌നാട്ടില്‍ നിന്ന് മായം കലര്‍ന്ന പാല്‍ കൊണ്ടു വന്ന് പാക്കറ്റിലാക്കി പരിശുദ്ധമായ പാല്‍ എന്ന പേരില്‍ വിതരണം ചെയ്യുകയാണ് ശബരി മില്‍ക്ക് ചെയ്തു കൊണ്ടിരുന്നത്. ആര്യങ്കാവില്‍ ഇവിടേക്ക് കൊണ്ടു വന്ന പാല്‍ പിടികൂടിയെന്നും അതില്‍ ഹൈഡ്രജന്‍ പെറോക്‌സൈഡ് അടങ്ങിയിരുന്നുവെന്നും ക്ഷീരവികസന വകുപ്പ് കണ്ടെത്തിയപ്പോഴാണ് ഇടപ്പോണ്‍ അഗ്രിസോഫ്ട് ഡയറി ആന്‍ഡ് അഗ്രോ പ്രൊഡ്യ;ൂസേഴ്‌സ് കമ്പനി നല്‍കുന്നത് സ്വന്തം ഫാമിലെ പാല്‍ അല്ലെന്ന് നാട് അറിയുന്നത്.
ഇവരുടെ തട്ടിപ്പ് പിടിക്കപ്പെടുന്നത് ആദ്യമായിട്ടല്ല. ശബരി മില്‍ക്ക് എന്ന ബ്രാന്‍ഡ് നെയിമിന് പുറമേ മേന്മ എന്ന പേരിലും ഇവര്‍ പാല്‍ പുറത്തിറക്കി. ഇത് മില്‍മയ്ക്ക് തിരിച്ചടിയായതോടെ അവര്‍ കേസിന് പോയി. അതോടെ മേന്മ വിതരണം നിര്‍ത്തി. പന്തളം ഫാമിന്റെ പേര് ഉപയോഗിക്കുന്നതിനെതിരേ കൃഷി വകുപ്പ് നേരത്തേ ഇവര്‍ക്കെതിരേ പരാതി നല്‍കിയിരുന്നു. കാരണം, പന്തളത്ത് കൃഷിവകുപ്പിന്റെ ഫാം ഉണ്ട്. പന്തളം ഫാമിലെ പാല്‍ എന്ന ടാഗ്‌ലൈനില്‍ ശബരി മില്‍ക്ക് വില്‍ക്കുന്നത് ജനങ്ങളില്‍ തെറ്റിദ്ധാരണ പടര്‍ത്തുന്നുവെന്നായിരുന്നു ഇവരുടെ പരാതി. പക്ഷേ, അതിന്മേല്‍ നടപടിയൊന്നും ഉണ്ടായില്ല.
ഇവിടെ നിന്ന് വിതരണം ചെയ്യുന്നത് മായം കലര്‍ന്ന പാല്‍ ആണെന്ന് ജനം അറിഞ്ഞതോടെ വിപണനം വന്‍ തോതില്‍ ഇടിഞ്ഞു. മില്‍മ ഒരു രൂപയില്‍ താഴെ മാത്രമാണ് ഒരു പാക്കറ്റിന് കമ്മിഷന്‍ നല്‍കുന്നത്. ശബരി മില്‍ക്ക് മൂന്നു രൂപയും നല്‍കുന്നു. രണ്ടിനും വില ഒന്നു തന്നെ. മായം കലര്‍ന്ന പാല്‍ വന്നുവെന്ന വാര്‍ത്ത വൈറല്‍ ആയതോടെ ശബരി മില്‍ക്കിന്റെ വില്‍പ്പന ഇടിഞ്ഞു. ഇതോടെ വ്യാപാരി കമ്മിഷന്‍ നാലു രൂപയാക്കി ഉയര്‍ത്തി. എന്നിട്ടും രക്ഷയില്ല. ഇതിനിടെ ഈ പാല്‍ കുടിച്ചവര്‍ വായ്ക്കുള്ളില്‍ പൊട്ടലുണ്ടായി, വയറിന് അസുഖം വന്നു എന്നിങ്ങനെയുള്ള വെളിപ്പെടുത്തലുമായി മുന്നോട്ട് വന്നു. ഇവരുടെ അനുബന്ധ ഉല്‍പ്പന്നങ്ങളുടെയും വിപണി ഇടിഞ്ഞു.
വാഗമണ്‍ കുരിശുമല മില്‍ക്കിനും അപരന്റെ ഭീഷണിയുണ്ട്. വാഗമണ്‍ മില്‍ക്ക് എന്ന പേരില്‍ കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകള്‍ കേന്ദീകരിച്ച്
അപരന്റെ കച്ചവടം പൊടി പൊടിക്കുന്നു. തമിഴ്‌നാട്ടിലെ പ്ലാന്റുകളില്‍ നിന്നും എത്തിക്കുന്ന നിലവാരം കുറഞ്ഞ പാലാണ് വ്യാജ ലേബലില്‍ വിറ്റഴിക്കുന്നത് എന്ന് പരാതി ഉയര്‍ന്നിട്ടുണ്ട്.
മലങ്കര കത്തോലിക്കാ സഭയുടെ തിരുവല്ല രൂപതയുടെ കീഴില്‍ വാഗമണ്ണില്‍ പ്രവര്‍ത്തിക്കുന്ന ഫാമില്‍ നിന്നുമാണ് കുരിശുമല മില്‍ക്ക് എന്ന പേരില്‍ പാക്കറ്റ് പാല്‍ വിപണിയിലെത്തുന്നത്. 1957 ല്‍ വാഗമണ്ണില്‍ സഭ ആശ്രമം സ്ഥാപിച്ചതു മുതല്‍ മുതല്‍ ഇവിടെ ഫാമും പ്രവര്‍ത്തനം തുടങ്ങിയിരുന്നു. പതിറ്റാണ്ടുകളായി കുരിശുമല മില്‍ക്ക് എന്ന പേരില്‍ പാല്‍ വിപണനവും ഇവിടെനിന്നും നടത്തി വന്നിരുന്നു. സന്യാസി വൈദികരുടെ മേല്‍നോട്ടത്തിലാണ് ഫാമിന്റെ നടത്തിപ്പ്. കൊഴുപ്പ് നീക്കാത്ത പാലായതിനാല്‍ കുരിശുമല പാലിന് വന്‍ സ്വീകാര്യതയുമുണ്ട്. ഇതു മുതലെടുത്താണ് തട്ടിപ്പ് സംഘം ആശ്രമത്തിലെ പാലിനോട് പേരില്‍ സാമ്യം വരുന്ന രീതിയില്‍ കവര്‍പാലുകള്‍ വില്‍പ്പന നടത്തുന്നത്.
ആശ്രമത്തിനോട് ചേര്‍ന്നുള്ള ഫാമില്‍ 150 പശുക്കളുണ്ട്. ഇവിടെ ഉല്പാദിപ്പിക്കുന്നതും സമീപ ഗ്രാമങ്ങളിലെ കര്‍ഷകരില്‍ നിന്ന് സംഭരിക്കുന്നതുമായ പാലാണ് കുരിശുമല മില്‍ക്ക് എന്ന ബ്രാന്‍ഡില്‍ മാര്‍ക്കറ്റില്‍ എത്തുന്നത്. എന്നാല്‍ കുരിശുമല മില്‍ക്കിന്റെ കവര്‍ പാക്കറ്റിനോട് സാമ്യമുള്ള കവറിലാണ് വാഗമണ്‍ മില്‍ക്കുമെത്തുന്നത്. അതിനാല്‍ പലരും കുരിശുമല ആശ്രമത്തിലെ പാലാണെന്നു തെറ്റിദ്ധരിച്ചാണ് വാങ്ങി വഞ്ചിതരാകുന്നത്.
കുരിശുമല ആശ്രമത്തിന് പുറമേ വാഗമണ്ണില്‍ മറ്റു ഡയറി ഫാമുകള്‍ പ്രവര്‍ത്തിക്കുന്നില്ല.വാഗമണ്‍ മില്‍ക്ക് എന്ന പേരിലെത്തുന്നതാകട്ടെ കോട്ടയം ജില്ലയില്‍ നിന്നാണെന്ന് പറയുന്നു. ആശ്രമത്തില്‍ നിന്നുമുള്ള പാല്‍ പാലാ, ഈരാറ്റുപേട്ട പ്രദേശങ്ങളില്‍ മാത്രമാണ് വില്പന. മറ്റേടങ്ങളിലേക്ക് വില്പനക്കുള്ള പാല്‍ തികയാറില്ലത്തതാണ് കാരണം.
കുരിശുമല മില്‍ക്ക് എന്ന പേരിലും പലപ്പോഴും തട്ടിപ്പ് സംഘം പാല്‍ വില്പന നടത്തുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് ആശ്രമ അധികൃതര്‍ പരാതികള്‍ നല്‍കിയിരുന്നെങ്കിലും താല്‍ക്കാലിക ശമനം മാത്രമേയുണ്ടായിരുന്നുള്ളു. വ്യാപകമായി പരാതികളുയരുമ്പോഴും അധികൃതരുടെ ഭാഗത്തുനിന്ന് യാതൊരു നടപടികളുമുണ്ടാകാറില്ലെന്നും പറയപ്പെടുന്നു.