കമ്പംമെട്ട്: കേരളത്തില്‍ നിപ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ കര്‍ശന പരിശോധനയുമായി തമിഴ്‌നാട്. കമ്പംമെട്ട്, ബോഡിമെട്ട്, കുമളി എന്നിവിടങ്ങളിലാണ് ആരോഗ്യവകുപ്പും പോലീസ് ഉദ്യോഗസ്ഥരും സംയുക്തമായി പരിശോധന നടത്തുന്നത്. തമിഴ്‌നാട്ടിലേക്ക് നിപ വൈറസ് പടരുന്നത് തടയാന്‍ കേരള അതിര്‍ത്തിയായ നീലഗിരി, തേനി, തെങ്കാശി തുടങ്ങിയ ജില്ലകളിലാണ് പരിശോധന നടത്താന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം.
ഇതിന്റെ ഭാഗമായാണ് തേനി ജില്ലയുടെ അതിര്‍ത്തി ചെക്കുപോസ്റ്റുകളില്‍ പരിശോധന നടക്കുന്നതെന്ന് തേനി ജില്ലാ കലക്ടര്‍ ആര്‍.വി ഷാജീവന പറഞ്ഞു. അതിര്‍ത്തി പ്രദേശങ്ങളില്‍ നിപ വൈറസ് പ്രതിരോധ ക്യാമ്പ് തുടങ്ങാനും ആരോഗ്യവകുപ്പിന്റെ നിരീക്ഷണം ശക്തിപ്പെടുത്താനും ജില്ലാ കലക്ടര്‍ ഉത്തരവിട്ടിട്ടുണ്ട്.
കാമയകൗണ്ടന്‍പട്ടി പ്രാഥമികാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ.സിറാജുദ്ദീന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ മുരളി, ദിനേശ്, കമ്പം ട്രാഫിക് സബ് ഇന്‍സ്‌പെക്ടര്‍ ചെന്താമര കണ്ണന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അതിര്‍ത്തി മേഖലയില്‍ ക്യാമ്പ് ചെയ്യുന്നുണ്ട്.
കേരളത്തില്‍ നിന്ന് തമിഴ്‌നാട്ടിലേക്ക് വരുന്ന എല്ലാ വാഹനങ്ങളും തടഞ്ഞു നിര്‍ത്തി വാഹനത്തിലുള്ളവരെ പരിശോധിക്കുന്നുണ്ട്. ഡിജിറ്റല്‍ തെര്‍മല്‍ സ്‌കാനറിന്റെ സഹായത്തോടെയാണ് പരിശോധന. പരിശോധനയില്‍ ആര്‍ക്കെങ്കിലും പനിയുണ്ടെന്ന് കണ്ടെത്തിയാല്‍ കമ്പം സര്‍ക്കാര്‍ ആശുപത്രിയിലേക്ക് അയക്കുമെന്ന് അധികൃതര്‍ പറഞ്ഞു.