
പത്തനംതിട്ട: തകര്‍ന്നു തരിപ്പണമായ ജില്ലാ ആസ്ഥാനം പുനര്‍നിര്‍മിക്കാന്‍ അധികാരികളുടെ കണ്ണു തുറക്കാന്‍ വേണ്ടി മൂന്നു ചിത്രകാരന്മാരുടെ ചിത്രമെഴുത്ത്.ഏറ്റവുമധികം നരകയാതനയുള്ള കുമ്പഴ റോഡ് തുടങ്ങുന്ന കണ്ണങ്കരയിലാണ് സ്മൃതി ബിജു, ജോണ്‍സണ്‍ ജെ. അടൂര്‍, രാജൂസ് കുളനട എന്നിവര്‍ ചേര്‍ന്ന് ചിത്രം വരച്ച് പ്രതിഷേധിച്ചത്. ഒരു ജില്ലാ ആസ്ഥാനത്തിനും പത്തനംതിട്ടയുടെ ഗതി വരുത്തരുതേയെന്ന പ്രാര്‍ത്ഥനയോടെയായിരുന്നു ചിത്രകാരന്മാരുടെ വരയരങ്ങ്.
നഗരത്തിലെ റോഡുകള്‍ തകര്‍ന്ന് ഗതാഗതം തടസ്സപ്പെടുകയും നിത്യേനെയെന്നോണം അപകടങ്ങള്‍ സംഭവിക്കുകയും ചെയ്യുന്നതില്‍ മനംനൊന്താണ് കുമ്പഴ സ്വദേശി സ്മൃതി ബിജു ശനിയാഴ്ച്ച വൈകിട്ട് കണ്ണങ്കര ജങ്ഷനില്‍ വരയരങ്ങ് സംഘടിപ്പിക്കുമെന്ന് ഫേസ് ബുക്കില്‍ പോസ്റ്റ് ഇട്ടത്. സ്മൃതി ബിജുവിന് പിന്തുണയുമായി ജോണ്‍സണ്‍ ജെ അടൂരും രാജൂസ് കുളനടയും എത്തിയതോടെ വരയരങ്ങ് ഏറെ ശ്രദ്ധേയമാവുകയായിരുന്നു. റോഡുകളുടെ ശോചനീയാവസ്ഥയെപ്പറ്റി അധികാരികളുടെ ശ്രദ്ധയിലെത്തിക്കാനുള്ള ചെറിയ ശ്രമമാണ് കലാകാരന്‍മാരെന്ന നിലയില്‍ തങ്ങള്‍ ചെയ്യുന്നതെന്ന് സ്മൃതി ബിജു പറഞ്ഞു.
അപകടങ്ങളില്‍ പൊലിയുന്ന മനുഷ്യ ജീവനുകളെപ്പറ്റി അധികാരികളുടെയും പൊതു സമൂഹത്തിത്തിന്റെയും മനസ്സാക്ഷിയെ ഉണര്‍ത്തുന്നതിന് ലക്ഷ്യമിട്ടാണ് സ്മൃതി ബിജു തന്റെ ചിത്രം വരച്ചത്. റോഡുകള്‍ തകര്‍ന്ന അവസ്ഥയിലാകുമ്പോള്‍ നഷ്ടമാകുന്ന വിലപ്പെട്ട സമയം പ്രമേയമാക്കിയ ചിത്രമാണ് രാജൂസ് കുളനട കാന്‍വാസില്‍ വരച്ചത്.
തകര്‍ന്ന റോഡുകളെ മനുഷ്യ ജീവനുകളെ വിഴുങ്ങാന്‍ കൊതിയോടെ നില്‍ക്കുന്ന രാക്ഷസനോടുപമിക്കുന്നതായിരുന്നു ജോണ്‍സണ്‍ ജെ അടൂരിന്റെ ചിത്രം.
നിങ്ങള്‍ എത്ര വരച്ചാലും ഇവിടെ ആര്‍ക്കും ഒരു നാണവും ഉണ്ടാവാന്‍ പോകുന്നില്ലെന്ന നിരാശയാണ് യാത്രക്കാര്‍ പങ്കുവച്ചത്. എന്നാല്‍ കലാ സൃഷ്ടികള്‍ക്ക് സമൂഹ മനസാക്ഷിയെയും അധികാരികളുടെ ശ്രദ്ധയേും ആകര്‍ഷിക്കാന്‍ കഴിയുമെന്നും ജനങ്ങളുടെ ദുരിതത്തിന് പരിഹാരമാകുമെന്നുമുള്ള പ്രതീക്ഷയാണ് കലാകാരന്‍മ്മാര്‍ക്ക് ഉള്ളത്.