പത്തനംതിട്ട: സ്വര്‍ണ പണയ സ്ഥാപനത്തിന്റെ മറവില്‍ നിയമവിരുദ്ധമായി ലക്ഷങ്ങള്‍ നിക്ഷേപം സ്വീകരിക്കുകയും ആവശ്യപ്പെട്ടവര്‍ക്ക് പണം തിരിച്ചു കൊടുക്കാതെ തട്ടിപ്പു നടത്തുകയും ചെയ്തുവെന്ന പരാതിയില്‍ സ്വകാര്യ ഫിനാന്‍സ് സ്ഥാപനം ഉടമ അറസ്റ്റില്‍. ആറന്മുള മാവുനില്‍ക്കുന്നതില്‍ ഫിനാന്‍സ് ഉടമ ആറന്മുള ഇടശേരിമല മാവുനില്‍ക്കുന്നതില്‍ വീട്ടില്‍ അശോകന് (57) ആണ് അറസ്റ്റിലായത്.
ആറന്മുള ഐക്കര ജങ്ഷനില്‍ പത്തു കൊല്ലമായി മാവുനില്‍ക്കുന്നതില്‍ ഫിനാന്‍സ് എന്ന സ്ഥാപനം നടത്തി വരികയായിരുന്നു. സ്വര്‍ണ പണയം സ്വീകരിച്ച് പണം പലിശയ്ക്ക കൊടുക്കാന്‍ മാത്രമായിരുന്നു സ്ഥാപനത്തിന് ലൈസന്‍സ് ഉണ്ടായിരുന്നത്. എന്നാല്‍, പൊതുജനങ്ങളില്‍ നിന്നും വന്‍ തുകകള്‍ നിക്ഷേപമായി സ്വീകരിച്ച ശേഷം രണ്ടു കൊല്ലത്തിനു മുമ്പ് സ്ഥാപനം അടച്ചു പൂട്ടുകയായിരുന്നു. പണം തിരികെ കിട്ടാത്തതിനെ തുടര്‍ന്ന് നിക്ഷേപകര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയും കേസ് രജിസ്റ്റര്‍ ചെയ്ത് പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ബഡ്സ് ആക്ട് 2019 പ്രകാരമുള്ള നടപടികളും പ്രതികള്‍ക്കെതിരെ ആരംഭിച്ചിട്ടുണ്ട്. നാലു പേരില്‍ നിന്നായി 28 ലക്ഷം രൂപ തട്ടിയെടുത്തതിന് നാലു കേസുകള്‍ ഇതുവരെ ആറന്മുള പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. തട്ടിപ്പില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നും നിക്ഷേപകരില്‍ നിന്നും തട്ടിയെടുത്ത പണം കണ്ടെത്തുന്നതിനുമായി വിശദമായ അന്വേഷണം നടത്തി വരുന്നു. പ്രതിയെ പത്തനംതിട്ട ജെ എഫ് എം സി ഒന്നാം കോടതി മുമ്പാകെ ഹാജരാക്കി റിമാന്റ് ചെയ്തു. ജില്ലാ പോലീസ് മേധാവി വി. അജിത്തിന്റെ നിര്‍ദ്ദേശപ്രകാരം ഡിവൈഎസ്പി എസ്. നന്ദകുമാറിന്റെ മേല്‍നോട്ടത്തില്‍ ആറന്മുള സ്റ്റേഷന് ഇന്‍സ്പെക്ടര്‍ സി കെ മനോജ്, എസ്ഐമാരായ അലോഷ്യസ്, ജയന്, എസ്.സിപിഓമാരായ പ്രദീപ് സലിം, ജ്യോതിസ്, താജുദീന് , ബിനു കെ. ഡാനിയല്‍, ഉമേഷ്, സിപിഓമാരായ ഹരികൃഷ്ണന്, ഫൈസല്‍, ബിയാന്‍സ എന്നിവര്‍ അടങ്ങിയ സംഘമാണ് കേസിന്റെ അന്വേഷണം നടത്തുന്നത്.