പന്തളം: ഒരിക്കല്‍ ലൈംഗിക അതിക്രമം നടത്തിയതിന് പോക്സോ കേസില്‍ പ്രതിയായ യുവാവ് ഇതേ ഇരയെ തന്നെ പല സ്ഥലങ്ങളില്‍ കൊണ്ടു പോയി ലൈംഗിക പീഡനം നടത്തിയ കേസില്‍ ഒളിവിലിരിക്കേ പിടിയില്‍. ഉളനാട് ചിറക്കരോട്ടു വീട്ടില്‍ അനന്തു അനിലിനെ(22)യാണ് ഇന്‍സ്പെക്ടര്‍ ടി.ഡി. പ്രജീഷിന്റെ നേതൃത്വത്തില്‍ എറണാകുളത്ത് നിന്ന് പൊക്കിയത്. മുമ്പ് ഇതേ പെണ്‍കുട്ടിയെ ലൈംഗിക അതിക്രമത്തിന് വിധേയയാക്കിയതിന് ഇയാള്‍ക്കെതിരെ പന്തളം സ്റ്റേഷനില്‍ പോക്സോ കേസ് നിലവിലുണ്ട്. കഴിഞ്ഞ വര്‍ഷം പന്തളം പോലീസ് രജിസ്റ്റര്‍ ചെയ്ത കഞ്ചാവ് കേസില്‍ പ്രതിയാണ് അനന്തു.
രണ്ടു വര്‍ഷം മുന്‍പ് പെണ്‍കുട്ടിയുമായി ഫോണ്‍ വഴി ബന്ധം സ്ഥാപിച്ചു. പിന്നീട് പ്രണയം നടിച്ച് ബൈക്കില്‍ കയറ്റിക്കൊണ്ടു പോയി കഴിഞ്ഞ ഡിസംബറില്‍ അടൂരിലെ ലോഡ്ജില്‍ എത്തിച്ചാണ് ആദ്യം പീഡിപ്പിച്ചത്. പിന്നീട് പലപ്പോഴും ഇത് തുടര്‍ന്നു. ഈ വര്‍ഷം പഴകുളത്തെ ഒരു വീട്ടിലെത്തിച്ചും പിന്നീട് പ്രതിയുടെ വീട്ടില്‍ വച്ചും പലദിവസങ്ങളിലായി പലതവണ ലൈംഗിക പീഡനത്തിന് വിധേയയാക്കി. പീഡനവിവരം പുറത്തുപറഞ്ഞാല്‍ ജീവിക്കാന്‍ അനുവദിക്കില്ലെന്നും മുഖത്ത് ആസിഡ് ഒഴിക്കുമെന്നും കൊല്ലുമെന്നും ഭീഷണിപ്പെടുത്തി.
ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിനൊ ടുവില്‍ എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷന് സമീപത്തു നിന്നുമാണ് അനന്തു പിടിയിലായത്. പീഡനവിവരം കുട്ടി അമ്മയെ അറിയിച്ചതിനെ തുടര്‍ന്ന് വെള്ളിയാഴ്ചയാണ് കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്തത്. വൈദ്യപരിശോധന നടത്തി തെളിവുകള്‍ ശേഖരിക്കുകയും, ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിക്ക് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു. കുട്ടിയെ അന്യായതടങ്കലില്‍ പാര്‍പ്പിച്ച് പീഡിപ്പിച്ചതായി അന്വേഷണത്തില്‍ വ്യക്തമായി. അടൂര്‍ ഡിവൈ.എസ്.പി ആര് ജയരാജിന്റെ മേല്‍നോട്ടത്തില്‍ നടന്ന അന്വേഷണത്തില്‍ എസ്.ഐ അനില്‍കുമാര്‍, എ എസ് ഐ മഞ്ചുമോള്‍, സി പി ഓമാരായ അന്‍വര്‍ഷാ, അമീഷ്, നാദിര്‍ഷാ, രഞ്ജിത്ത് എന്നിവരായിരുന്നു സംഘത്തില്‍ ഉണ്ടായിരുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.