കോഴഞ്ചേരി: വൈദ്യുതി വാഹനങ്ങള്‍ക്കായി കെ.എസ്.ഇ.ബി വഴിയരുകില്‍ സ്ഥാപിച്ചിട്ടുള്ള ചാര്‍ജിങ് പോയിന്റ് കാടുകയറി. കോഴഞ്ചേരി -പത്തനംതിട്ട റോഡില്‍ സ്‌റ്റേഡിയത്തിന് സമീപമുള്ള ചാര്‍ജിങ് പോയിന്റാണ് വള്ളിപടര്‍പ്പുകള്‍ കയറി കിടക്കുന്നത്. ഇവിടേക്ക് വൈദ്യുതി വാഹനങ്ങള്‍ എത്താറില്ല. അടുത്ത കാലത്തെങ്ങും ഏതെങ്കിലും വാഹനം ഇവിടെ എത്തി ചാര്‍ജ് ചെയ്തതായും അറിവില്ല. ജില്ലയില്‍ ഇത്തരത്തില്‍ മുപ്പത് യൂണിറ്റുകളാണ് ആദ്യ ഘട്ടത്തില്‍ സ്ഥാപിച്ചത്. വൈദ്യുത വാഹന ഉപയോക്താക്കള്‍ക്ക് ചാര്‍ജിങ് പോയിന്റുകള്‍ എങ്ങനെ ഉപയോഗിക്കണം എന്നത് സംബന്ധിച്ച അറിവില്ലായ്മയാണ് ഇതില്‍ നിന്ന് അകലാന്‍ കാരണമെന്നാണ് സൂചന.
ചാര്‍ജ് ചെയ്യുന്നതിന് മുമ്പ് മൊബൈല്‍ ആപ്പ് വഴിയോ ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്‌തോ കെ.എസ്.ഇ.ബിക്ക് പണം അടയ്ക്കണം. പണം ഓണ്‍ ലൈനില്‍ ലഭിച്ചാലുടന്‍ ചാര്‍ജ് ചെയ്യാനുള്ള സന്ദേശം ലഭിക്കും. ഇതനുസരിച്ച് അടയ്ക്കുന്ന തുകയുടെ അടിസ്ഥാനത്തില്‍ വൈദ്യുതി എടുക്കാം. ഇത് സംബന്ധിച്ച് ഓട്ടോറിക്ഷ ഉടമകള്‍ക്ക് വലിയ ധാരണയില്ല. ഓട്ടം കുറവായതിനാല്‍ ഇടയ്ക്ക് ചാര്‍ജ് ചെയ്യേണ്ടി വരുന്നില്ലെന്ന് ഒരു ഡ്രൈവര്‍ പറഞ്ഞു. ആവശ്യത്തിന് വൈദ്യുതി രാത്രിയില്‍ തന്നെ ബാറ്ററിയില്‍ സംഭരിക്കും. വൈകിട്ട് വീട്ടില്‍ എത്തിയാലും തീരില്ല. പഴയതുപോലെ ഓട്ടം ഉണ്ടായിരുന്നുവെങ്കില്‍ തീര്‍ച്ചയായും തങ്ങള്‍ക്ക് ഈ പദ്ധതി ഏറെ ഉപകാരപ്രദമാകുമായിരുന്നുവെന്ന് ഓട്ടോ ഡ്രൈവര്‍മാര്‍ പറയുന്നു.
ഓരോ നിയമസഭാ മണ്ഡലത്തിലും കുറഞ്ഞത് അഞ്ച് ചാര്‍ജിങ് പോയിന്റുകള്‍ സ്ഥാപിക്കാനാണ് കെ.എസ്.ഇ.ബി ലക്ഷ്യമിട്ടിട്ടുള്ളത്.
ഇതിന്റെ ആദ്യ ഘട്ടം പൂര്‍ത്തിയാക്കി പ്രവര്‍ത്തനവും തുടങ്ങി. ക്യാമറ, മോഡം, ഇന്റര്‍നെറ്റ് എന്നിവ കൂടി അടങ്ങുന്നതാണ് ഇലക്ട്രിക് വാഹനങ്ങള്‍ക്കായുള്ള ചാര്‍ജിങ് പോയിന്റുകള്‍.
ധാരാളം ഇലക്ട്രിക് ഓട്ടോറിക്ഷകള്‍ നിരത്തില്‍ വരുമ്പോള്‍ അവ യഥാസമയം ചാര്‍ജു ചെയ്യാന്‍ സൗകര്യം ലഭിക്കുമോ എന്ന കാര്യത്തില്‍ നേരത്തെ ആശങ്ക ഉണ്ടായിരിന്നു. ഇതിനു പരിഹാരം എന്ന നിലയിലാണ് ഈ പദ്ധതി ആവിഷ്‌കരിച്ചത്. ഒരു പ്രാവശ്യം ഫുള്‍ ചാര്‍ജ് ചെയ്താല്‍ ഓട്ടോറിക്ഷകള്‍ക്ക് 100 കിലോമീറ്റര്‍ വരെ ഓടാന്‍ കഴിയും. ഇതിനാല്‍ ഓട്ടോ സ്റ്റാന്റുകള്‍ക്ക് സമീപമാണ് കെ.എസ്.ഇ.ബി ചാര്‍ജിങ് പോയിന്റുകള്‍ സ്ഥാപിച്ചിട്ടുള്ളത്. കാറുകള്‍ക്കും ഇവിടെ ചാര്‍ജ് ചെയ്യാം.
ചാര്‍ജിങ് പോയിന്റുകള്‍ സ്ഥാപിച്ചിട്ടുള്ള വൈദ്യുത പോസ്റ്റുകള്‍ പച്ചയും മഞ്ഞയും പെയിന്റ് അടിച്ച് മനോഹരമാക്കി. ഇപ്പോള്‍ ഇവിടേക്ക് അടുക്കാന്‍ കഴിയാത്ത വിധം കാടാണ്. വാഹനങ്ങള്‍ അടുപ്പിക്കാനും കഴിയുന്നില്ല. പുതിയ സംവിധാനം ഏറെ പ്രയോജനപ്പെടുത്താനും അതനുസരിച്ച് കൂടുതല്‍ പോയിന്റുകള്‍ ആരംഭിക്കാനുമായിരുന്നു പദ്ധതി.