പമ്പ: ഫോറസ്റ്റ് ഇന്‍സ്‌പെക്ഷന്‍ ബംഗ്ലാവ് പരിസരത്ത് പണം വാങ്ങി പാര്‍ക്കിങിന് സൗകര്യമൊരുക്കുന്നുവെന്ന പരാതിയില്‍ വിജിലന്‍സ് റെയ്ഡ്. വിജിലന്‍സ് സംഘമെത്തുമ്പോള്‍ ബംഗ്ലാവിന്റെ പരിസരത്ത് പാര്‍ക്ക് ചെയ്തിരുന്നത് അമ്പതോളം തീര്‍ഥാടക വാഹനങ്ങളാണ്. വാച്ചറുടെ കൈയില്‍ നിന്ന് കണക്കില്‍പ്പെടാത്ത രണ്ടായിരം രൂപയും കണ്ടെടുത്തു. പത്തനംതിട്ട വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ ഡിവൈ.എസ്.പി ഹരിവിദ്യാധരന്റെ നിര്‍ദേശ പ്രകാരം ഇന്‍സ്‌പെക്ടര്‍മാരായ രാജീവ്, പി. അനില്‍കുമാര്‍, കെ. അനില്‍കുമാര്‍ എന്നിവരാണ് പരിശോധന നടത്തിയത്. ഇപ്പോള്‍ കന്നിമാസ പൂജയ്ക്കായി ക്ഷേത്രനട തുറന്നിരിക്കുകയാണ്.
പോലീസ് രഹസ്യാന്വേഷണ വിഭാഗം ഈ കൊള്ളയ്ക്ക് എതിരേ പല തവണ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഡി.എഫ്.ഒ ഓഫീസില്‍ നിന്ന് വിളിച്ചു പറയുന്നത് അനുസരിച്ചാണ് ഇവിടെ പാര്‍ക്കിങ് കൊടുക്കുന്നത് എന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ബംഗ്ലാവിന്റെ പരിസരത്ത് അനധികൃത പാര്‍ക്കിങിന് ആയിരം മുതല്‍ പതിനായിരം വരെ രൂപയാണ് ഈടാക്കുന്നത്. മുഖ്യമായും ഇതര സംസ്ഥാന തീര്‍ഥാടകരെ ലക്ഷ്യമിട്ടുള്ള പകല്‍ക്കൊള്ള സംബന്ധിച്ച് പൊലീസ് ഇന്റലിജന്‍സ്, രഹസ്യാന്വേഷണ വിഭാഗങ്ങള്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടും യാതൊരു നടപടിയും സ്വീകരിച്ചില്ല. ഉന്നത വനംവകുപ്പ് ഉദ്യോഗസ്ഥരുടെ അനുവാദത്തോടെയുള്ള തട്ടിപ്പ് തുടര്‍ന്നു.
മണ്ഡല-മകര വിളക്ക് തീര്‍ഥാടനകാലത്താണ് ഇവിടെ ചാകര. മാസപൂജ, ഓണം, വിഷു, ഉത്സവ സമയങ്ങളിലും സ്ഥിതി വ്യത്യസ്ഥമല്ല. നിലവില്‍ ശബരിമലയുടെ ഹബ് എന്ന് പറയുന്നത് നിലയ്ക്കലാണ്. എല്ലാ വാഹനങ്ങളും ഇവിടെ എത്തി തീര്‍ഥാടകരെ ഇറക്കി പാര്‍ക്ക് ചെയ്യണം. ഇവിടെ നിന്ന് കെഎസ്ആര്‍ടിസി ബസ് മുഖേനെ വേണം പമ്പയിലേക്ക് തീര്‍ഥാടകരെ കടത്തി വിടാന്‍. വിഐപികള്‍, സര്‍ക്കാര്‍ വകുപ്പുകള്‍, മാധ്യമങ്ങള്‍ എന്നിവര്‍ക്ക് മാത്രമാണ് പമ്പയിലേക്ക് വാഹനങ്ങള്‍ കൊണ്ടു പോകുന്നതിന് അനുവാദമുള്ളു.
എന്നാല്‍, ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ ബന്ധുക്കള്‍ എന്ന പേരിലാണ് ഇന്‍സ്‌പെക്ഷന്‍ പമ്പയിലേക്ക് വാഹനങ്ങള്‍ കടത്തിക്കൊണ്ടു പോകുന്നത്. ഇത് ഇന്‍സ്‌പെക്ഷന്‍ ബംഗ്ലാവിന്റെ പരിസരത്ത് കൊണ്ടു പോയി പാര്‍ക്ക് ചെയ്യും. വണ്ടിയൊന്നിന് ആയിരം രൂപയാണ് ഈടാക്കുന്നത്. അടുത്തിടെ ഇങ്ങനെ വാഹനവുമായി ചെന്ന ഒരാളോട് 7000 രൂപയാണ് ഇവര്‍ ചോദിച്ചത്. അദ്ദേഹം കൊടുത്തില്ലെന്ന് മാത്രമല്ല, പരാതിപ്പെടുകയും ചെയ്തു. പരാതി ചെന്നത് പൊലീസിന് എതിരേയായിരുന്നു. പൊലീസുകാര്‍ പണം വാങ്ങി പാര്‍ക്കിങ് നല്‍കുന്നുവെന്ന പരാതി സ്‌പെഷല്‍ ബ്രാഞ്ചും ഇന്റലിജന്‍സും അന്വേഷിച്ചു ചെന്നപ്പോഴാണ് വനംവകുപ്പ് ജീവനക്കാര്‍ തന്നെയാണ് തട്ടിപ്പിന് പിന്നിലെന്ന് വ്യക്തമായത്. അങ്ങനെ രഹസ്യാന്വേഷണ വിഭാഗങ്ങള്‍ ഒന്നിലധികം തവണ റിപ്പോര്‍ട്ട് അയച്ചിട്ടും പണം വാങ്ങിയുള്ള പാര്‍ക്കിങ് നിര്‍ബാധം തുടരുകയാണ്.
ഇതരസംസ്ഥാനത്ത് നിന്നുള്ള വാഹനങ്ങള്‍ വരെ കേരളാ വനംവകുപ്പിലെ ഉദ്യോഗസ്ഥരുടെ ബന്ധുക്കള്‍ എന്ന രീതിയില്‍ ഇവിടെ പാര്‍ക്ക് ചെയ്യുന്നുണ്ട്.