ജില്ലാ പ്രസിഡന്റും കൂട്ടരും രാജിവച്ചു: പത്തനംതിട്ടയില്‍ കേരളാ കോണ്‍ഗ്രസ് (ബി) കടുത്ത പ്രതിസന്ധിയില്‍: വരും ദിവസങ്ങളില്‍ കൂടുതല്‍ രാജി ഉണ്ടായേക്കുമെന്ന് സൂചന

0 second read
Comments Off on ജില്ലാ പ്രസിഡന്റും കൂട്ടരും രാജിവച്ചു: പത്തനംതിട്ടയില്‍ കേരളാ കോണ്‍ഗ്രസ് (ബി) കടുത്ത പ്രതിസന്ധിയില്‍: വരും ദിവസങ്ങളില്‍ കൂടുതല്‍ രാജി ഉണ്ടായേക്കുമെന്ന് സൂചന
0

പത്തനംതിട്ട: കേരളാ കോണ്‍ഗ്രസ് (ബി) ജില്ലാ പ്രസിഡന്റ് പി.കെ. ജേക്കബ് പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍ നിന്ന് രാജി വച്ചതിന് പിന്നാലെ ജില്ലാ, നിയോജക മണ്ഡലം കമ്മറ്റികളില്‍ നിന്ന് നേതാക്കളുടെയും പ്രവര്‍ത്തകരുടെയും കൂട്ടരാജി. ഫലത്തില്‍ കേരളാ കോണ്‍ഗ്രസ് (ബി) ജില്ലയില്‍ ഇല്ലാതെയായി. പാര്‍ട്ടി നേതൃത്വത്തിന്റെ ഏകാധിപത്യ പ്രവണതകളിലും സമീപകാല വിവാദങ്ങളിലും പ്രതിഷേധിച്ചാണ് പി.കെ. ജേക്കബ് രാജിവച്ചത്. തൊട്ടുപിന്നാലെ അദ്ദേഹത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മറ്റുള്ളവരും സ്ഥാനമൊഴിഞ്ഞു. പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍ നിന്ന് കൂട്ടരാജിയാണുണ്ടായിരിക്കുന്നത്.

ജില്ലാ വൈസ് പ്രസിഡന്റ് ചെറിയാന്‍ ഏബ്രഹാം, സെക്രട്ടറിമാരായ സുനില്‍ വലഞ്ചുഴി, ബാബു ജോസഫ് അന്ത്യാംകുളം, ബിജിമോള്‍ മാത്യു, ജില്ലാ ട്രഷറാര്‍ അഡ്വ.ജോണ്‍ പോള്‍ മാത്യു, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ. കെ.ഗോപാലന്‍, സോണി വാഴകുന്നത്ത്, ആറന്‍മുള നിയോജകമണ്ഡലം പ്രസിഡന്റ് സാം ജോയ്കുട്ടി, റാന്നി നിയോജകമണ്ഡലം പ്രസിഡന്റ് മാത്യു ദാനിയേല്‍, കോന്നി നിയോജകമണ്ഡലം പ്രസിഡന്റ് ശ്യാം കൃഷ്ണന്‍, തിരുവല്ല നിയോജകമണ്ഡലം പ്രസിഡന്റ് റോയി ആന്റണി എന്നിവരും ജില്ലാ, നിയോജകമണ്ഡലം കമ്മിറ്റി അംഗങ്ങളും രാജി വച്ചു. വരും ദിവസങ്ങളില്‍ കൂടുതല്‍ രാജി ജില്ലയില്‍നിന്ന് ഉണ്ടാകുമെന്ന് പി.കെ. ജേക്കബ് വ്യക്തമാക്കി.

ഏറെ നാളായി സംസ്ഥാന നേതൃത്വവുമായി ജില്ലാ നേതൃത്വം അകല്‍ച്ചയിലായിരുന്നു. കേരളാ കോണ്‍ഗ്രസ് (എം) സംസ്ഥാന സെക്രട്ടറി, യു.ടി.യു.സി (എം) ജില്ലാ പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരുന്ന പി.കെ. ജേക്കബ് കെ.എം. മാണിയുടെ നിര്യാണത്തെ തുടര്‍ന്നാണ് പാര്‍ട്ടി വിട്ട് കേരളാ കോണ്‍ഗ്രസി(ബി)ല്‍ ചേര്‍ന്നത്. രണ്ടു വര്‍ഷം മുന്‍പ് പാര്‍ട്ടിയിലെത്തിയ അദ്ദേഹത്തെ ഗണേഷ്‌കുമാര്‍ ജില്ലാ പ്രസിഡന്റാക്കി. പി.കെ. ജേക്കബിനൊപ്പം നിരവധി പേരാണ് കേരളാ കോണ്‍ഗ്രസി(ബി)ലേക്ക് ചേക്കേറിയത്. നിര്‍ജീവമായി കിടന്ന ജില്ലാ കമ്മറ്റി പുനഃസംഘടിപ്പിച്ച ജേക്കബും കൂട്ടരും പാര്‍ട്ടിക്ക് ജില്ലയില്‍ മുഴുവന്‍ വേരു പിടിപ്പിച്ചു. എല്ലാ മണ്ഡലം കമ്മറ്റികളും സജീവമാക്കി. കേരളാ കോണ്‍ഗ്രസ് (ബി) സജീവമായി നിന്ന ഏക ജില്ലയും പത്തനംതിട്ടയായിരുന്നു.

എന്നാല്‍, സംസ്ഥാന നേതൃത്വത്തിന്റെ ഭാഗത്ത് നിന്നും സഹകരണം ഉണ്ടാകാതെ വന്നതോടെ ജില്ലാ കമ്മറ്റിയില്‍ അസ്വാരസ്യങ്ങള്‍ ഉടലെടുത്തു. ജില്ലാ കമ്മറ്റിയുമായി ആലോചിക്കാതെ സംസ്ഥാന നേതൃത്വം തീരുമാനങ്ങള്‍ എടുക്കാന്‍ തുടങ്ങിയത് പ്രശ്‌നം കൂടുതല്‍ വഷളാക്കി. മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചിരുന്ന കമ്മറ്റി ഇതോടെ പിന്നാക്കം വലിഞ്ഞു.ഏറെ നാളായി അത്ര സ്വരച്ചേര്‍ച്ചയിലായിരുന്നില്ല. സമീപകാലത്ത് സോളാര്‍ വിഷയം വീണ്ടും ചൂടു പിടിച്ചതോടെയാണ് കൂട്ടരാജിയുണ്ടായിരിക്കുന്നത്. പാര്‍ട്ടിക്കും നേതാക്കള്‍ക്കും ഇത് മാനക്കേടുണ്ടാക്കിയെന്നാണ് ജില്ലാ കമ്മറ്റിയുടെ വിലയിരുത്തല്‍.

Load More Related Articles
Load More By Veena
Load More In KERALAM
Comments are closed.

Check Also

കോന്നിയില്‍ അച്ചന്‍കോവിലാറ്റില്‍ ഒഴുക്കില്‍പ്പെട്ട രണ്ടു പെണ്‍കുട്ടികളെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി

പത്തനംതിട്ട: കോന്നി പൂങ്കാവില്‍ അച്ചന്‍കോവിലാറ്റില്‍ ഒഴുക്കില്‍പ്പെട്ട രണ്ടു പെണ്‍കുട്ടികള…