പേര് സത്യജ എന്നാണെങ്കിലും പണി തട്ടിപ്പ്: സംസ്ഥാനമൊട്ടാകെ കോടികളുടെ വിസ തട്ടിപ്പ് നടത്തിയ പാലക്കാട്ടെ വീട്ടമ്മയെ പൊലീസ് തൊടാനറയ്ക്കുന്നു: വണ്ടിച്ചെക്ക് കേസിലെ എല്‍പി വാറണ്ടില്‍ പിടിയിലായെങ്കിലും കോടതി വിട്ടയച്ചു

0 second read
Comments Off on പേര് സത്യജ എന്നാണെങ്കിലും പണി തട്ടിപ്പ്: സംസ്ഥാനമൊട്ടാകെ കോടികളുടെ വിസ തട്ടിപ്പ് നടത്തിയ പാലക്കാട്ടെ വീട്ടമ്മയെ പൊലീസ് തൊടാനറയ്ക്കുന്നു: വണ്ടിച്ചെക്ക് കേസിലെ എല്‍പി വാറണ്ടില്‍ പിടിയിലായെങ്കിലും കോടതി വിട്ടയച്ചു
0

തളിപ്പറമ്പ്: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വിസ വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയ കേസിലെ പ്രതിയെ ഇനിയും അറസ്റ്റ് ചെയ്യാന്‍ കഴിയാതെ പൊലീസ്. വണ്ടിച്ചെക്ക് കേസില്‍ ലോങ് പെന്‍ഡിങ് വാറണ്ട് പുറപ്പെടുവിച്ചതിനെ തുടര്‍ന്ന് ഇവരെ ബംഗളൂരുവിലെ  ഒളിയിടത്തില്‍ നിന്ന് കേരളാ പൊലീസ് പൊക്കിയെങ്കിലും കോടതിയില്‍ ഹാജരാക്കിയപ്പോള്‍ ജാമ്യത്തില്‍ വിട്ടയച്ചു. പാലക്കാട്  ശേഖരിപൂരം കൗസ്തുഭത്തില്‍ സത്യജ ശങ്കറിനെയാണ് തളിപ്പറമ്പ് കോടതിയിലുള്ള ചെക്ക് കേസിന്റെ ലോങ് പെന്‍ഡിങ് വാറണ്ട് പ്രകാരം പാലക്കാട് ടൗണ്‍ നോര്‍ത്ത് പൊലീസ് ബംഗളൂരുവില്‍ നിന്ന് കസ്റ്റഡിയില്‍ എടുത്തത്. തളിപ്പറമ്പ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ഇവരെ ജാമ്യത്തില്‍ വിട്ടു. കാനഡയിലേക്ക് വിസാ വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ കൈപ്പറ്റുകയും പകരം കൊടുത്ത ചെക്ക് മടങ്ങുകയും ചെയ്ത കേസിലാണ് അറസ്റ്റ്.

നിലവില്‍ ഏഴു വിസാ തട്ടിപ്പു കേസുകളാണ് സത്യജയ്ക്ക് എതിരേ വിവിധ പൊലീസ് സ്‌റ്റേഷനുകളിലുള്ളത്.  കാസര്‍ഗോഡ് ജില്ലയിലെ ആദൂര്‍, പെരുമ്പാവൂര്‍, ചാലക്കുടി, കരിങ്കുന്നം (ഇടുക്കി), ഇന്‍ഫോപാര്‍ക്ക് കൊച്ചി,  പാലക്കാട് ടൗണ്‍ നോര്‍ത്ത് പോലീസ് സ്‌റ്റേഷന്‍ (രണ്ട് കേസ്) എന്നീ സ്‌റ്റേഷനുകളിലാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ചില കേസുകളില്‍ ഇവര്‍ മുന്‍കൂര്‍ ജാമ്യം നേടിയെന്നാണ് വിവരം. ശേഷിക്കുന്നവയില്‍ പോലീസ് ഒളിവിലിട്ട് കുറ്റപത്രം കൊടുത്ത് തലയൂരിയിരിക്കുകയാണ്. ഫലത്തില്‍ ലക്ഷങ്ങള്‍ നഷ്ടമായവര്‍ കഷ്ടത്തിലായി. എന്നാല്‍, 2020 ല്‍ ആദൂര്‍ പൊലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ പരാതിക്കാരനായ ആദൂര്‍ കുണ്ടാര്‍ പ്രണവം നിലയത്തില്‍ കെ.വി. പ്രണവ് ഇവര്‍ക്ക് പിന്നാലെയുണ്ട്. കാനഡയിലേക്ക് വിസ വാഗ്ദാനം ചെയ്ത് 2019 മുതല്‍  പലപ്പോഴായി ബാങ്ക് അക്കൗണ്ടിലൂടെയും നേരിട്ടും 8,37,500 രൂപയാണ് വാങ്ങിയെടുത്തത്. പണമോ വിസയോ കിട്ടാതെ വന്നപ്പോള്‍ പ്രണവ് നല്‍കിയ പരാതിയില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. വി.ഓ.എം എന്ന കണ്‍സള്‍ട്ടന്‍സി മുഖേനെയാണ് സത്യജയ്ക്ക് പ്രണവ് പണം നല്‍കിയത്. കേസില്‍ സത്യജ, മകള്‍  ശ്രുതി, കണ്‍സള്‍ട്ടന്‍സി ജീവനക്കാരി ശ്രീലത എന്നിവരാണ് പ്രതികള്‍.
ഈ കേസില്‍ മുന്‍കൂര്‍ ജാമ്യം നേടുന്നതിനായി സത്യജ കീഴ്‌കോടതിയെ സമീപിച്ചിരുന്നു. അപേക്ഷ തളളിയതിനെ തുടര്‍ന്ന് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. എതിര്‍പ്പുമായി പ്രണവും രംഗത്തുണ്ട്. ഒരു കേസില്‍ സത്യജയ്ക്ക് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍ ജാമ്യവ്യവസ്ഥകള്‍ ലംഘിച്ച് ഇവര്‍ അന്വേഷണ ഉദ്യോഗസ്ഥന് മുന്‍പാകെ ഹാജരായില്ല. ഇവരെ തെരഞ്ഞു കണ്ടുപിടിക്കാനും പൊലീസ് ശ്രമിച്ചില്ല. ഒടുവില്‍ ഒളിവിലിട്ട് ചാര്‍ജ് കൊടുക്കുകയാണ് ചെയ്തത്.

തളിപ്പറമ്പ്, ഹോസ്ദുര്‍ഗ് കോടതികളില്‍ ഇവര്‍ക്കെതിരേ വണ്ടിച്ചെക്ക് കേസും നിലവിലുണ്ട്.  2019 മുതല്‍ കാനഡയിലേക്ക് പായ്ക്കിങ്  വിസ നല്‍കാമെന്ന് പറഞ്ഞ് തുടങ്ങിയ തട്ടിപ്പ് ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. ഇതിന് പുറമേ അസര്‍ബൈജാനില്‍ ജോലി വാഗ്ദാനം  ചെയ്ത് വിവിധ സ്ഥലങ്ങളില്‍ ഇരുന്നൂറിലധികം ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും പണവും പാസ്‌പോര്‍ട്ടും കൈക്കലാക്കി. എന്നാല്‍, വളരെ കുറച്ച്  പരാതികള്‍ മാത്രമാണ് സ്‌റ്റേഷനുകളില്‍ ചെന്നിരിക്കുന്നത്. കൂടാതെ പോര്‍ച്ചുഗല്‍, ക്രൊയേഷ്യ, എസ്‌റ്റോണിയ, മാള്‍ട്ട എന്നീ രാജ്യങ്ങളിലേക്കും വിസ നല്‍കാമെന്നും പറഞ്ഞ് പണം തട്ടിപ്പ് നടത്തിയിരിക്കുന്നത്. എറണാകുളം ഇടപ്പള്ളിയിലുള്ള ഒരു  ഏജന്‍സിയില്‍ നിന്നും മാത്രമായി അസര്‍ബൈജാന്‍, മാള്‍ട്ട എന്നീ രാജ്യങ്ങളിലേക്ക് വിസ നല്‍കാമെന്ന് പറഞ്ഞ് നൂറോളം പേരില്‍ നിന്ന് ഒന്നരക്കോടി രൂപയോളം പണം തട്ടിയെടുത്തിട്ടുണ്ട്. മുംബൈ ആസ്ഥാനമാക്കിയുള്ള ഏഷ്യ ഓറിയ കമ്പനിയുടെ മാനേജിങ് പാര്‍ട്ണര്‍ എന്ന് പരിചയപ്പെടുത്തി കൊണ്ടാണ് തട്ടിപ്പുകള്‍ തുടരുന്നത്. നിരവധി കുട്ടികളുടെ പാസ്‌പോര്‍ട്ടും വിദ്യാഭ്യാസ രേഖകളും ഇവരുടെ കൈവശം അകപ്പെട്ടു പോയിരിക്കുകയാണ്.

മാന്‍പവര്‍ കണ്‍സള്‍ട്ടന്‍സികളെ വാചകമടിയില്‍ വീഴ്ത്തി തട്ടിപ്പ്

വിവിധ സ്ഥലങ്ങളിലുള്ള ചെറിയ ചെറിയ മാന്‍പവര്‍ കണ്‍സള്‍ട്ടന്‍സികളെ വാചകമടിച്ച് വീഴ്ത്തിയാണ സത്യജയുടെ ഇരപിടുത്തം. അസര്‍ബൈജാന്‍, എസ്‌റ്റോണിയ, പോര്‍ച്ചുഗല്‍, ഇറ്റലി, കാനഡ എന്നിവിടങ്ങളില്‍ ജോലി ഒഴിവുണ്ടെന്ന് പറഞ്ഞ് സമീപിക്കുകയും പത്തോ ഇരുപതോ പേരിടങ്ങുന്ന ഗ്രൂപ്പിനെ പാസ്‌പോര്‍ട്ടുകളും ബിസിനസ് സര്‍വീസ് ചാര്‍ജും ഇത്തരത്തിലുള്ള ചെറിയ ഏജന്റുകളില്‍ നിന്നും കൈപ്പറ്റും.  സത്യജ പറയുന്ന 45 ദിവസം അല്ലെങ്കില്‍ രണ്ടുമാസം സമയം കഴിഞ്ഞിട്ടും വിസ കിട്ടില്ല. സബ് ഏജന്‍സികള്‍ സത്യജയെ വിളിക്കും. അപ്പോള്‍ സത്യജ നേരിട്ട് പണം നല്‍കിയവരെ വിളിക്കും. അവരുടെ ഏജന്‍സികള്‍ തനിക്ക് പണം തന്നിട്ടില്ലെന്ന് പറയും. ഇത് വിശ്വസിക്കുന്ന അപേക്ഷകര്‍ ഏജന്‍സിക്ക് എതിരാവുകയും സത്യജ രക്ഷപ്പെട്ടു പോവുകയും ചെയ്യും. ഇത്തരത്തില്‍ നിരവധി സബ് ഏജന്‍സികള്‍ ഇവരുടെ കെണിയില്‍ വീണിട്ടുണ്ട്. ടര്‍ക്കിയിലെ കോഴിഫാമില്‍ ജോലി വാഗ്ദാനം ചെയ്താണ് ഏറ്റവും പുതിയ തട്ടിപ്പ്.

ഏഴ് എഫ്‌ഐആറുകള്‍, ഒന്നിലും അറസ്റ്റില്ല

വിസ തട്ടിപ്പ് കേസില്‍ ഏഴ് എഫ്‌ഐആറുകളാണ് സത്യജയ്ക്കും കൂട്ടാളികള്‍ക്കുമെതിരേ പൊലീസ് ഇതു വരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതില്‍ ചിലത് തട്ടിപ്പിന് ഇരയായവര്‍ കോടതിയെ സമീപിച്ചതിനെ പോലീസ് എഫ്‌ഐആര്‍ ഇട്ടതാണ്.

2021 നവംബര്‍ 24 ന് പെരുമ്പാവൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പെരുമ്പാവുര്‍ സ്വദേശി പോളിന്റെ മകന്‍ അഖിലിന് കാനഡയിലേക്ക് വിസ വാഗ്ദാനം ചെയ്ത് 10.50 ലക്ഷം തട്ടിയെന്ന  പരാതിയില്‍ സത്യജയടക്കം മൂന്നു പ്രതികളുണ്ട്. ജിഷ്ണു, ഷിബു, എന്നിവരാണ് മറ്റ് രണ്ടു പേര്‍. 2019 ജൂണിലാണ് അഖിലിന്റെ എസ്ബിഐ അക്കൗണ്ടില്‍ നിന്നും ജിഷ്ണുവും ഷിബുവും പണം കൈപ്പറ്റിയത്. സത്യജ പറഞ്ഞു വിശ്വസിപ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് താന്‍ പണം നല്‍കിയതെന്നാണ് പോള്‍ പറയുന്നത്.

2021 ഡിസംബര്‍ 24 ന് പാലക്കാട് ടൗണ്‍ നോര്‍ത്ത് പൊലീസ് കോടതി നിര്‍ദേശ പ്രകാരമെടുത്ത കേസില്‍ പാലക്കാട് പ്രേംനഗര്‍ സ്വദേശി ദിനൂപ് കുമാറാണ് പരാതിക്കാരന്‍. സത്യജ, സുന്ദരി എന്നിവര്‍ പ്രതികള്‍. 2019 ഏപ്രില്‍ മുതല്‍ ഡിസംബര്‍ 31 വരെ പരാതിക്കാരന്റെ അനുജന്റെ ഭാര്യയുടെ അക്കൗണ്ടില്‍ നിന്ന് ഏഴു ലക്ഷം രൂപ കൈപ്പറ്റി. ജോബ് വിസക്ക് പകരം ടൂറിസം വിസ കൊടുത്തു.

2020 ജനുവരി മൂന്നിന്  പാലക്കാട് ടൗണ്‍ നോര്‍ത്ത് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ സത്യജ, ശിവപാണ്ഡ്യ എന്നിവരാണ് പ്രതികള്‍. പാലക്കാട് നല്ലേപ്പുള്ളി സ്വദേശി ടി.ജി.ഷെയിനില്‍ നിന്ന് കാനഡയിലേക്ക് വിസ കൊടുക്കാമെന്ന് പറഞ്ഞ് 2019, ജൂണ്‍, ജൂലൈ മാസങ്ങളില്‍ 4.75 ലക്ഷം തട്ടിയെന്ന പരാതിയിലാണ്  കേസ്.

2021 ജൂണ്‍ 28 ന് ചാലക്കുടി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ തിരുവല്ല സ്വദേശി ഷിജു ഉമ്മന്‍, സത്യജ എന്നിവരാണ് പ്രതികള്‍. തൃശൂര്‍ കാടാശേരി ചൗക്ക സ്വദേശിനി ലീനയില്‍ നിന്ന് ഭര്‍ത്താവ് രഞ്ചു ഹാസന് കാനഡയില്‍ വിസ വാഗ്ദാനം ചെയ്ത് 2019 ജനുവരി മുതല്‍ മേയ് 15 വരെ 27 ലക്ഷം തട്ടിയെന്നാണ്  പരാതി. ചാലക്കുടിയിലെ വിവിധ ബാങ്കുകള്‍ വഴിയാണ് പണം കൈമാറിയത്. കോടതി നിര്‍ദേശപ്രകാരമാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

2023 ജൂണ്‍ രണ്ടിന് ആലപ്ര സ്വദേശി സി.ജി. അജിത്ത് കോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് കൊച്ചി ഇന്‍ഫോ പാര്‍ക്ക് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ സത്യജ, ശിവപാണ്ടി, കോട്ടലം സ്വദേശി ജിത്തു എന്നിവരാണ് പ്രതികള്‍. കാനഡയില്‍ പാക്കിങ് ജോലിക്ക് വിസ വാഗ്ദാനം ചെയ്ത് 5.50 ലക്ഷം തട്ടിയെന്നാണ് പരാതി.

2019 ഡിസംബര്‍ മൂന്നിന് ഇടുക്കി കരിങ്കുന്നം സ്‌റ്റേഷനിലെടുത്ത കേസില്‍ സത്യജ, ശിവപാണ്ടി, ജിത്തു എന്നിവരാണ് പ്രതികള്‍. കാനഡയില്‍ പാര്‍ക്കിങ് ജോലി വാഗ്ദാനം ചെയ്ത് 10.84 ലക്ഷം തട്ടിയെന്ന് പരാതി നല്‍കിയത് കരിങ്കുന്നം  സ്വദേശി ആല്‍ബിന്‍ ജേക്കബാണ്.

Load More Related Articles
Load More By Veena
Load More In CRIME
Comments are closed.

Check Also

നിലയ്ക്കലില്‍ മദ്യലഹരിയില്‍ നാട്ടുകാരോട് വഴക്കടിച്ച എക്‌സൈസ് അസി. ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍: പോലീസ് കേസെടുത്തത് കുറവിലങ്ങാട് റേഞ്ച് ഓഫീസിലെ അജിമോനെതിരേ

പത്തനംതിട്ട: ശബരിമല ഡ്യൂട്ടിക്കെത്തിയ അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ മദ്യപിച്ച് ലക്കുകെട്ട്…