പത്തനംതിട്ട: സി.ഐ.ടി.യു നിയന്ത്രണത്തിലുള്ള ഡിസ്ട്രിക് മോട്ടോര്‍ ഡ്രൈവിങ് സ്കൂള്‍ ഓണേഴ്സ് ആന്‍ഡ് വര്‍ക്കേഴ്സ് സോഷ്യല്‍ വെല്‍ഫയര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയില്‍ വന്‍ സാമ്പത്തിക ക്രമക്കേടെന്ന ആരോപണവുമായി അംഗങ്ങള്‍. ഒരു കോടിയോളം രൂപയുടെ ക്രമക്കേട് നടന്നുവെന്നാണ് ഇവര്‍ പറയുന്നത്. അന്വേഷണം നടത്തി കുറ്റക്കാര്‍ക്ക് എതിരെ നടപടി സ്വീകരിക്കണമെന്ന് സൊസൈറ്റി അംഗങ്ങള്‍ ആവശ്യപ്പെട്ടു. കോന്നി മാമ്മൂട് കേന്ദ്രമായി 2020 സെപ്റ്റംബറില്‍ പ്രവര്‍ത്തനം ആരംഭിച്ച സംഘമാണിത്.
കേന്ദ്ര സര്‍ക്കാര്‍ മോട്ടോര്‍ മേഖലയില്‍ നടപ്പാക്കുന്ന പരിഷ്ക്കാരത്തെ തുടര്‍ന്ന് തൊഴില്‍ സംരക്ഷണത്തിന്റെ ഭാഗമായാണ് ഡ്രൈവിങ് സ്കൂളുകളും മറ്റ് വാഹന ഉടമകളും ചേര്‍ന്ന് സൊസൈറ്റി രൂപികരിച്ചത്. മൊത്തം മുപ്പത്തിയെട്ടോളം വാഹന ഉടമകളുള്ളതില്‍ ഡ്രൈവിങ് സ്കൂളുകളും ഉള്‍പ്പെടും. ഒന്‍പത് ബോര്‍ഡ് മെമ്പര്‍മാര്‍ സംഘത്തിലുണ്ട്. എന്നാല്‍ ബോര്‍ഡ് മെമ്പര്‍മാര്‍ പോലും അറിയാതെ ഗുരുതരമായ സാമ്പത്തിക ക്രമക്കേടാണ് സംഘത്തില്‍ നടക്കുന്നതെന്ന് അംഗങ്ങള്‍ പറഞ്ഞു. ചിട്ടിയില്ചേര്ന്നവര്ക്ക് പണം നല്‍കിയിട്ടില്ല. സൊസൈറ്റിയില്‍ ഗുരുതരമായ സാമ്പത്തിക ക്രമക്കേട് നടക്കുന്നതായി കഴിഞ്ഞ മാസം ഓഡിറ്റ് വിഭാഗവും കണ്ടെത്തിയിരുന്നു. സംഘം പ്രവര്‍ത്തനത്തിന്റെ ഭാഗമായി യോഗങ്ങള്‍ വിളിക്കുകയോ ബോര്‍ഡ് യോഗങ്ങള്‍ കൂടുകയോ ചെയ്യാറില്ല.ബോര്‍ഡ് യോഗങ്ങളില്‍ സംഘത്തിലെ അഴിമതി ചോദ്യം ചെയ്യുന്നവരെ പുറത്താക്കുകയും ഭീഷണിപ്പെടുത്തുകയുമാണ് പതിവ്. 13 ലക്ഷത്തില്‍ അധികം രൂപയാണ് ബോര്‍ഡ് അംഗങ്ങള്‍ അടക്കമുള്ളവര്‍ സൊസൈറ്റിയില്‍ ഓഹരിയായി നല്‍കിയിരിക്കുന്നത്. എന്നാല്‍ ഈ പണത്തിന് യാതൊരു രേഖകളും ഇല്ല. പണം അടച്ച രസീതുകള്‍ സീലോ ബന്ധപ്പെട്ടവരുടെ ഒപ്പോ ഇല്ലാതെയാണ് നല്‍കുന്നത്.
പണം തിരികെ നല്കുവാനും തയാറല്ല. ഡ്രൈവിങ് സ്കൂള്‍ വാഹനങ്ങളുടെ ആര്. സി. ബുക്കുകള്‍ സംഘത്തിലാണ്. ഇത് ഉപയോഗിച്ച് ലോണ്‍ എടുത്തതായും കാണിക്കുന്നുണ്ട്. ഇത് മൂലം ഡ്രൈവിങ് സ്കൂളുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ പുറത്ത് ഇറക്കാന്‍ പോലും സാധിക്കാത്ത സ്ഥിതിയാണ്. കോ-ഓപ്പറേറ്റീവ് സൊസൈറ്റി പണം വാങ്ങുന്നതിനുള്ള രസീതില്‍ പ്രസിഡന്റ് ഒപ്പിടാന്‍ പോലും തയാറായിട്ടില്ല . സൊസൈറ്റിയില്‍ ബസ് വാങ്ങിയതിലും വലിയ സാമ്പത്തിക അഴിമതിയാണ് നടന്നതെന്ന് പറയുന്നു. എന്നാല്‍ കുറ്റക്കാര്‍ക്ക് എതിരെ നടപടി സ്വീകരിക്കുവാന്‍ ബന്ധപ്പെട്ടവര്‍ തയാറാകുന്നില്ല. സംഘവുമായി ബന്ധപ്പെട്ട് നടത്തിയ ഓഡിറ്റ് റിപ്പോര്‍ട്ടില്‍ ഗുരുതരമായ ക്രമക്കേടാണ് കണ്ടെത്തിയിരിക്കുന്നത്.
2021-22 വര്‍ഷത്തെ ഓഡിറ്റ് പരിശോധനയില്‍ ആണ് വലിയ സാമ്പത്തിക ക്രമക്കേട് നടന്നതായി കണ്ടെത്തിയിട്ടുള്ളത്. സംഘത്തിന്റെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് യാതൊരു പരിശോധനയും ഭരണ സമിതി നടത്തിയിട്ടില്ലെന്നും ഓഡിറ്റ് വിഭാഗം കണ്ടെത്തി. ബാങ്ക് പ്രസിഡന്റ് ഭരണ സമിതി കമ്മറ്റി വിളിക്കുകയോ കണക്കുകള്‍ അവതരിപ്പിക്കയോ ചെയ്യാറില്ല. വ്യാജ കണക്കുകളാണ് അംഗങള്‍ മുമ്പാകെ അവതരിപ്പിക്കുന്നത്.
കോന്നിയിലെ മാത്രം പതിനെട്ട് ഡ്രൈവിങ് സ്കൂളുകളും ജില്ലയില്‍ പല ഭാഗങ്ങളിലും ഡ്രൈവിങ് സ്കൂളുകളുടെ ഉടമകള്‍ക്കും സൊസൈറ്റിയില്‍ ഓഹരിയുണ്ട്. ഇത് എത്രയാണെന്നത് സംബന്ധിച്ച രേഖകള്‍ ഇല്ല. ബാങ്ക് പ്രസിഡന്റ് പലരില്‍ നിന്നായി ലക്ഷങ്ങള്‍ ജോലി നല്‍കാമെന്നും പറഞ്ഞ് വാങ്ങിയിട്ടുണ്ട്. മൂന്ന് ലക്ഷത്തോളം രൂപ ഒരാളില്‍ നിന്ന് തന്നെ വാങ്ങിയിട്ടുണ്ട്. നിക്ഷേപ ഗ്യാരന്റി സ്കീമില്‍ അംഗത്വം എടുക്കാതെ നിക്ഷേപം സ്വീകരിച്ചതായും കണ്ടെത്തി. സംഘം സ്റ്റേറ്റ്മെന്റുകള്‍ ഒന്നും തന്നെ കൃത്യമായും വ്യക്തമായും രേഖപ്പെടുത്തിയിട്ടില്ല. പൊതുയോഗ അംഗീകാരം ഇല്ലാതെയാണ് 6,91,462 രൂപ വാഹനം വാങ്ങുന്നതിന് വിനിയോഗിച്ചിട്ടുള്ളത്. എണ്‍പതിനായിരം രൂപയും അതില്‍ അധികവുമാണ് പലരുടെയും ഓഹരികള്‍. സി.പി.എം, സി.ഐ.ടി.യു നേതാക്കള്‍ക്ക് പരാതി നല്‍കിയിട്ടും അവര്‍ ഇടപെട്ടില്ലന്നും ബോര്‍ഡ് മെമ്പര്‍ രാധാമണി, സൊസൈറ്റി അംഗങ്ങളായ എ. ശ്രീവിശാഖ്, പി.എസ്.സാംകുട്ടി, എം.കെ. രാധാകൃഷ്ണന് എന്നിവര്‍ പറഞ്ഞു.