പെരുനാട്: പഞ്ചായത്തിലെ സി.പി.എം നേതാക്കളുടെ പേര് എഴുതി വച്ച ശേഷം മഠത്തുംമൂഴി മേലേതില്‍ ബാബു ജീവനൊടുക്കിയിട്ട് 25 ന് ഒരു വര്‍ഷം തികയും. തന്നെ ആത്മഹത്യയിലേക്ക് നയിച്ച നേതാക്കളുടെ പേര് എഴുതി വച്ച ശേഷമായിരുന്നു സി.പി.എം പ്രവര്‍ത്തകനായ ബാബു സമീപത്തെ പളളിയുടെ പറമ്പിലെ റബര്‍ മരത്തില്‍ തൂങ്ങി മരിച്ചത്. ആത്മഹത്യാക്കുറിപ്പ് തള്ളിക്കളഞ്ഞ് പോലീസ് അന്വേഷണം അട്ടിമറിച്ചു.
ബാബുവിന്റെ ഭാര്യ പരാതിയും കേസുമൊക്കെയായി മുന്നോട്ട് പോയിട്ടും ഈ കുടുംബത്തിന് നീതി ലഭിച്ചിട്ടില്ല. ഇതിനെതിരേ ബാബുവിന്റെ ചരമവാര്‍ഷിക ദിനത്തില്‍ ബി.ജെ.പി ഏരിയ കമ്മറ്റിയുടെ നേതൃത്വത്തില്‍ ഉപവാസ സമരം നടത്തും. ബാബുവിന്റെ ആത്മഹത്യ സംബന്ധിച്ച കേസില്‍ അന്വേഷണം പ്രഹസനമായതിന് എതിരേയാണ് ഉപവാസ സമരം
പെരുനാട്ടിലെ സി.പി.എം നേതാക്കളുടെ സമ്മര്‍ദവും ഭീഷണിയുമാണ് ബാബുവിനെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് കുറിപ്പില്‍ നിന്ന് വ്യക്തമായിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് പി.എസ് മോഹനന്‍, പഞ്ചായത്ത് മെമ്പര്‍ ശ്യാം വിശ്വന്‍, സി.പി.എം ലോക്കല്‍ സെക്രട്ടറി റോബിന്‍ കെ. തോമസ്എന്നിവര്‍ക്കുള്ള പങ്ക് വ്യക്തമായി ആത്മഹത്യ കുറുപ്പില്‍ അദ്ദേഹം രേഖപ്പെടുത്തിയിരുന്നു.
സി.പി.എം നേതാക്കളുടെ പങ്ക് വ്യക്തമായി തെളിഞ്ഞെങ്കിലും ഭരണ രാഷ്ട്രീയ സ്വാധീനമുള്ളതിനാല്‍ അവര്‍ക്കെതിരെ ഒരു ചെറു വിരല്‍ അനക്കാന്‍ പോലും ഇവിടുത്തെ പോലീസ് സംവിധാനം തയാറായിട്ടില്ലെന്ന് ബി.ജെ.പി നേതാക്കള്‍ പറഞ്ഞു. ആത്മഹത്യ കുറിപ്പിലുള്ളത് ബാബുവിന്റെ കൈയക്ഷരം തന്നെയാണെന്ന് തെളിയിക്കാന്‍ പോലീസ് ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിരുന്നു. പരിശോധനയില്‍ ഫലം പോസിറ്റീവ് ആയാല്‍ കുറ്റവാളികളെ ഉടന്‍ അറസ്റ്റ് ചെയ്യുന്നതായിരിക്കും എന്ന് പോലീസ് ഉറപ്പു നല്‍കിയിരുന്നു. പരിശോധനാ ഫലം വന്നിട്ടും നടപടിയെടുക്കുന്നതില്‍ പോലീസിന് ഉദാസീനതയാണെന്നും അവര്‍ പറഞ്ഞു. 25 ന് രാവിലെ 10 ന് മഠത്തുംമൂഴി വലിയപാലം ജങ്ഷനില്‍ ഉപവാസ സമരം ആരംഭിക്കും. റാന്നി മണ്ഡലം ജനറല്‍ സെക്രട്ടറി അരുണ്‍ അനിരുദ്ധന്‍ ഉദ്ഘാടനം ചെയ്യും. വൈകിട്ട് അഞ്ചിന് നടക്കുന്ന സമാപന സമ്മേളനം ജില്ലാ പ്രസിഡന്റ് വി.എ. സൂരജ് ഉദ്ഘാടനം ചെയ്യും.