കുളക്കാട്ടില്‍ ഗീവര്‍ഗീസ് ജോര്‍ജ്: മലയാള സിനിമയ്ക്ക് പത്തനംതിട്ടയുടെ പത്തരമാറ്റ് സംഭാവന: ചരിത്രമെഴുതിയ തിരുവല്ലാക്കാരന്‍ നാടിന് അഭിമാനം

1 second read
Comments Off on കുളക്കാട്ടില്‍ ഗീവര്‍ഗീസ് ജോര്‍ജ്: മലയാള സിനിമയ്ക്ക് പത്തനംതിട്ടയുടെ പത്തരമാറ്റ് സംഭാവന: ചരിത്രമെഴുതിയ തിരുവല്ലാക്കാരന്‍ നാടിന് അഭിമാനം
0

കോഴഞ്ചേരി: മലയാള ചലച്ചിത്ര രംഗത്തിന് പത്തനംതിട്ടസംഭാവന ചെയ്ത അതുല്യ പ്രതിഭയായിരുന്നു അന്തരിച്ച വിഖ്യാത സംവിധായകന്‍ കെ.ജി.ജോര്‍ജ്. തിരുവല്ലയില്‍ സാമുവല്‍-അന്നമ്മ ദമ്പതികളുടെ മൂത്ത മകനായി 1945 മെയ് മേയ് 24ന് ജനനം. കുളക്കാട്ടില്‍ ഗീവര്‍ഗീസ് ജോര്‍ജ് ആണ് കെ.ജി.ജോര്‍ജ് ആയത്. തിരുവല്ല എസ്.ഡി സ്‌കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. ചങ്ങനാശേരി എന്‍.എസ്.എസ് കോളജില്‍ നിന്നും പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദം നേടിയ ശേഷം പുണെ ഫിലിം ഇന്‍സ്റ്റിട്ട്യൂട്ടില്‍ നിന്നും സിനിമാ സംവിധാനം കോഴ്‌സ് പൂര്‍ത്തിയാക്കി. സംവിധായകന്‍ രാമു കാര്യാട്ടിന്റെ സഹായിയായിട്ടാണ് സിനിമാരംഗത്തേയ്ക്കു ചുവടു വച്ചത്. പിന്നീട് നെല്ലിനായി തിരക്കഥ ഒരുക്കി സജീവമായി. ദേശീയ-അന്തര്‍ ദേശീയ അംഗീകാരം നേടിയ ചിത്രങ്ങള്‍ക്ക് പുറമെ മലയാളത്തിന്റെ ഗന്ധമുള്ള നിരവധി സിനിമകളും അദ്ദേഹം സംവിധാനം ചെയ്തു.

അവാര്‍ഡ് സിനിമകളുടെ സംവിധായകന്‍ എന്ന പേരില്‍ നിന്നും ഇതിലൂടെ അദ്ദേഹം പുറത്തു കടക്കുകയുമായിരുന്നു. ഇരകളിലൂടെ അംഗീകാരങ്ങള്‍ നിരവധിയായ തേടി എത്തിയെങ്കിലും സമീപ കാലത്തെ ഏറ്റവും വലിയ ശാപമായ കൈക്കൂലിക്കും അഴിമതിക്കും എതിരെ പതിറ്റാണ്ടുകള്‍ മുന്‍പ് കെ.ജി.ജോര്‍ജ് ജനമനസുകളില്‍ എത്തിച്ച അഭ്ര കാവ്യമായിരുന്നു പഞ്ചവടിപ്പാലം. അന്ന് സിനിമ കളക്ഷന്‍ റെക്കോര്‍ഡുകള്‍ ഒന്നും ഭേദിച്ചില്ലെങ്കിലും കാലങ്ങള്‍ക്കിപ്പുറം പാലാരിവട്ടം പാലം തകര്‍ന്നപ്പോള്‍ ഹൈക്കോടതി പോലും പഞ്ചവടിപ്പാലം പരാമര്‍ശിച്ചു എന്നതാണ് അതിന്റെ പ്രമേയത്തിന്റെ മേന്മ വ്യക്തമാക്കുന്നത്. ഈ സിനിമ റിലീസ് ചെയ്യുന്നത്. ഏതാണ്ട് നാല് പതിറ്റാണ്ട് മുന്‍പ് 1984 സെപ്തംബര് 28 ന് ആയിരുന്നു. സിനിമയിലെ പഞ്ചായത്ത് പ്രസിഡന്റായ ദുശാസന കുറുപ്പായി ഭരത് ഗോപിയും ഭാര്യ മണ്ഡോദരി അമ്മയായി ശ്രീവിദ്യയും വേഷമിട്ടു. നെടുമുടി വേണു, ജഗതി ശ്രീകുമാര്‍, സുകുമാരി, വേണു നാഗവള്ളി, ശ്രീനിവാസന്‍, തിലകന്‍, കല്‍പ്പന, ആലുംമൂടന്‍ തുടങ്ങിയവരും മുഖ്യ കഥാപാത്രങ്ങളില്‍ എത്തി.

ഹാസ്യ കാഥികന്‍ വി.ഡി.രാജപ്പനെ കപട സന്യാസി ആയി ചിത്രത്തില്‍ എത്തിച്ചതും കെ.ജി ജോര്‍ജ് ആയിരുന്നു. ഇക്കാലത്ത് രാഷ്ര്ടീയത്തില്‍ ഉണ്ടാകുന്ന അപചയം ആയിരുന്നു വേളൂരിന്റെ പ്രമേയത്തില്‍ നിന്നും കെ.ജി.ജോര്‍ജ് സിനിമയാക്കിയത് എന്നതായിരുന്നു ഏറെ പ്രസക്തം. ഇലന്തൂര്‍ സ്വദേശിയായ ഗാന്ധിമതി ബാലന്‍ നിര്‍മ്മിച്ച സിനിമയുടെ കഥ ജില്ലയുടെ തന്നെ ബന്ധു ആയ വേളൂര്‍ കൃഷ്ണന്‍ കുട്ടിയുടേതായിരുന്നു. കോട്ടയം, ഇല്ലിക്കല്‍,കുമരകം ഭാഗങ്ങളില്‍ ആയിരുന്നു ചിത്രീകരണമെങ്കിലും പഞ്ചവടി പാലം നിര്‍മ്മിക്കാന്‍ ഉപയോഗിച്ച തെങ്ങിന്‍ തടികളും മറ്റ് സാധനങ്ങളും എല്ലാം കൊണ്ടു പോയത് ജില്ലയില്‍ നിന്ന് തന്നെ ആയിരുന്നു.
സിനിമയുടെ ആവശ്യത്തിനായി മാത്രം നിര്‍മ്മിച്ച പാലം പൊളിക്കാന്‍
നാട്ടുകാര്‍ അനുവദിക്കാതെ ഇരുന്നതും ചരിത്രം.

മീനച്ചിലാറു കടക്കാന്‍ ബുദ്ധിമുട്ടിയിരുന്ന നാട്ടുകാര്‍ക്ക് പിടിവള്ളി ആയിരുന്നു പഞ്ചവടിപ്പാലം. അന്ന് സുരേഷ് കുറുപ്പ് എം.എല്‍.എ ഇടപെട്ടാണ് പരിഹാരം ഉണ്ടാക്കിയത്. സ്വപ്നാടനം, ഉള്‍ക്കടല്‍, മേള, യവനിക, ലേഖയുടെ മരണം ഒരു ഫ്‌ളാഷ്ബാക്ക്, ആദാമിന്റെ വാരിയെല്ല്, ഇരകള്‍, മറ്റൊരാള്‍ തുടങ്ങിയവയാണ് ജോര്‍ജിന്റെ മറ്റു പ്രധാന ചിത്രങ്ങള്‍. ഇവയില്‍ മിക്കവയും ദേശീയ, സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ നേടി. 1998ല്‍ പുറത്തിറങ്ങിയ ഇലവങ്കോടുദേശം ആയിരുന്നു അവസാന ചിത്രം. ചലച്ചിത്ര രംഗത്തെ സമഗ്ര സംഭാവനയ്ക്ക് 2016 ല്‍ ജെ.സി ഡാനിയേല്‍ പുരസ്‌കാരത്തിന് അര്‍ഹനായിട്ടുണ്ട്.

കെ.ജി. ജോര്‍ജിന്റെ ഭൗതിക ശരീരം നാളെ കാലത്ത് 11 മുതല്‍ വൈകിട്ട് 3 വരെ എറണാകുളം ടൗണ്‍ ഹാളില്‍ പൊതുദര്‍ശനത്തിന് വെയ്ക്കുന്നു. സംസ്‌കാരം രവിപുരം ശ്മശാനം 4.30ന്. വൈകിട്ട് ആറിന് വൈഎംസിഎ ഹാളില്‍ മാക്ടയും ഫെഫ്കയും സംയുക്തമായി അനുസ്മരണം സംഘടിപ്പിക്കും.

Load More Related Articles
Load More By Veena
Load More In SHOWBIZ
Comments are closed.

Check Also

നിലയ്ക്കലില്‍ മദ്യലഹരിയില്‍ നാട്ടുകാരോട് വഴക്കടിച്ച എക്‌സൈസ് അസി. ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍: പോലീസ് കേസെടുത്തത് കുറവിലങ്ങാട് റേഞ്ച് ഓഫീസിലെ അജിമോനെതിരേ

പത്തനംതിട്ട: ശബരിമല ഡ്യൂട്ടിക്കെത്തിയ അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ മദ്യപിച്ച് ലക്കുകെട്ട്…