ഒമ്പതു വര്‍ഷം മുന്‍പുള്ള സരോജിനിയുടെ കൊലപാതകം: ഇലന്തൂര്‍ ഇരട്ടക്കൊലയുമായി ബന്ധിപ്പിക്കാനുള്ള കണ്ണികളില്ല: അന്വേഷണം നടത്തിയത് സ്വാഭാവികമെന്ന് ക്രൈംബ്രാഞ്ച്‌

0 second read
Comments Off on ഒമ്പതു വര്‍ഷം മുന്‍പുള്ള സരോജിനിയുടെ കൊലപാതകം: ഇലന്തൂര്‍ ഇരട്ടക്കൊലയുമായി ബന്ധിപ്പിക്കാനുള്ള കണ്ണികളില്ല: അന്വേഷണം നടത്തിയത് സ്വാഭാവികമെന്ന് ക്രൈംബ്രാഞ്ച്‌
0

പത്തനംതിട്ട: ഒമ്പതു വര്‍ഷം മുന്‍പ് ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ട സരോജിനിയുടെ കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം ഇലന്തൂര്‍ ഇരട്ടക്കൊലക്കേസിലെ പ്രതികളുടെ മൊഴിയെടുത്തു.  തിരുവല്ല ക്രൈംബ്രാഞ്ച് ഹോമിസൈഡ് വിഭാഗം യൂണിറ്റ് ഡിവൈ.എസ്.പി കെ.ആര്‍. പ്രതീകിന്റെ നേതൃത്വത്തിലാണ് മൊഴിയെടുപ്പ്. സ്വാഭാവികമായ ഒരു നടപടി മാത്രമാണിതെന്ന് ഡിവൈ.എസ്പി പറഞ്ഞു.  സരോജിനിയുടെ കൊലപാതകവും ഇലന്തൂര്‍ കേസുമായി ബന്ധമുണ്ടെന്ന് ബന്ധുക്കള്‍ സംശയം  ഉന്നയിച്ചതിനെ തുടര്‍ന്നാണ് മൊഴി എടുത്തത്. എല്ലാ സാധ്യതകളും പരിശോധിക്കണമെന്ന ക്രൈംബ്രാഞ്ചിന്റെ പതിവ് നടപടി ക്രമം മാത്രമാണിതെന്നും രണ്ടു സംഭവങ്ങളുമായി ബന്ധിപ്പിക്കുന്ന സൂചനകളൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു.

കാലഗണന വച്ചു നോക്കുമ്പോള്‍ ഇരു കേസുകളുമായി വിദൂരബന്ധം പോലുമില്ലെന്ന് നേരത്തേ് ഈ കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ച് പൊലീസ് ഇന്‍സ്‌പെകറും നിലവില്‍ പത്തനംതിട്ട  ഡിവൈ.എസ്പിയുമായ എസ്. നന്ദകുമാര്‍ പറഞ്ഞു. 2014 ലാണ് സരോജിനിയുടെ കൊലപാതകം നടന്നത്. ഇലന്തൂര്‍ ഇരട്ടക്കൊല അതിനും എട്ടു വര്‍ഷത്തിന് ശേഷമാണ് നടക്കുന്നത്. ലൈലയും ഭഗവല്‍സിങും മുഖ്യപ്രതി ഷാഫിയുമായി പരിചയപ്പെടുന്നതു പോലും ഒരു വര്‍ഷം മുന്‍പാണ്. ആ നിലയ്ക്ക് പരിശോധിക്കുമ്പോള്‍ രണ്ടു സംഭവങ്ങളും തമ്മിലുള്ള ബന്ധം ഒരിക്കലും യോജിക്കുന്നില്ല.  ഈ കേസ് ഏറ്റവുമധികം കാലം അന്വേഷിച്ചതും നന്ദകുമാറാണ്. ലോക്കല്‍ പൊലീസിന്റെ അന്വേഷണത്തിലെ വീഴ്ചകള്‍ കാരണം പല പ്രാഥമിക തെളിവുകളും കിട്ടാതെ വന്നതു കാരണം അന്വേഷണം അനിശ്ചിതത്വത്തിലാണ്. നിലവിലുള്ള അന്വേഷണ സംഘത്തിനും യാതൊരു തുമ്പും കിട്ടുന്നില്ല.

2014 സെപ്റ്റംബര്‍ 14 നാണ് മല്ലപ്പുഴശേരി പഞ്ചായത്തിലെ നെല്ലിക്കാല കോളനിയിലെ താമസക്കാരി ആയിരുന്ന സരോജനിയുടെ മൃതദേഹം കുളനടഇലവുംതിട്ട റോഡിലെ പൈവഴിക്ക് സമീപം കാണപ്പെട്ടത്.  ദേഹമാസകലം വെട്ടേറ്റ് രക്തം വാര്‍ന്നാണ് മൃതദേഹം കിടന്നത്. പോലീസ് എത്തി നടത്തിയ അന്വേഷണത്തിലാണ് മരിച്ചയാളെ തിരിച്ചറിഞ്ഞത്. സരോജിനി കാരംവേലിയിലുള്ള ഹോമിയോ ഡോക്ടറുടെ വീട്ടില്‍ ജോലിക്കാരി ആയിരുന്നു. ദിവസവും രാവിലെ വന്ന് വൈകുന്നേരം മടങ്ങിപ്പോകും. കാരംവേലിയില്‍ നിന്നും നെല്ലിക്കാല എത്തി ചെറിയ നടപ്പാത വഴിയാണ് വീട്ടിലേക്ക് പോയിരുന്നത്. പതിവ് പോലെ അന്നും ഇവര്‍ നെല്ലിക്കാല കടക്കുന്നത് കണ്ടവരുണ്ട്.

എന്നാല്‍ രാത്രി ആയിട്ടും ഇവര്‍ വീട്ടില്‍ എത്തിയില്ല. ഇതിനടുത്ത് അന്നൊരു വിവാഹവും നടക്കുന്നുണ്ടായിരുന്നു. ഇവിടേക്ക് പോയതാകാം എന്ന് ബന്ധുക്കള്‍ കരുതി. തൊട്ടടുത്ത ദിവസം പുലര്‍ച്ചെ ആറന്മുള-കുളനട റോഡില്‍ പൈവഴിക്കും ഉള്ളന്നൂരിനും മദ്ധ്യേ ഒരു മൃതദേഹം  ഇത് വഴി വാഹനത്തില്‍ പോയവര്‍ കണ്ടെത്തി. പൊലീസ് എത്തി കൂടുതല്‍ തെളിവെടുപ്പിലാണ് ഇത് സരോജിനി ആണെന്ന് വ്യക്തമായത്. പിന്നീട് അടൂര്‍ ഡിവൈ.എസ്.പി നസീമിന്റെ നേതൃത്വത്തില്‍ അന്വേഷണം നടന്നു.

ഭര്‍ത്താവിനെയും കുടുംബക്കാരെയും മുഴുവന്‍ ദിവസങ്ങളോളം ചോദ്യം ചെയ്തു. സരോജനിക്ക് ജോലി കൊടുത്ത ഡോക്ടറെയും ചോദ്യം ചെയ്യലിലൂടെ പീഡിപ്പിക്കുക ആയിരുന്നു. സരോജിനിയെ കാണാതായ ദിവസം സമീപത്ത് വിവാഹ ചടങ്ങിന് എത്തിയവരെയും വെറുതെ വിട്ടില്ല. പോലീസ് നിരന്തരമായി അന്വേഷിച്ചെങ്കിലും പ്രതിയെ പിടിക്കാന്‍ കഴിഞ്ഞില്ല. മകനും ഭര്‍ത്താവും എല്ലാം പോലീസിന്റെ പരിധിയില്‍ തന്നെ നിലനിന്നു. ഗുണ്ടകള്‍ അന്ന് ഇവിടങ്ങളില്‍ കറങ്ങുന്നതായി പരാതികള്‍ ഉയര്‍ന്നിരുന്നു. സന്ധ്യ കഴിഞ്ഞാല്‍ ആരും പുറത്തിറങ്ങാത്ത സ്ഥിതി ഏറെ നാള്‍ തുടര്‍ന്നു. അന്ന്  മൃതദേഹം കണ്ടെത്തുമ്പോള്‍ 48 മുറിവുകള്‍ ഉണ്ടായിരുന്നു. ഒരു കൈ അറ്റ നിലയില്‍ ശരീരത്തു നിന്നും രക്തം പൂര്‍ണ്ണമായും ഒഴുകി പോയ സ്ഥിതിയിലുമായിരുന്നു. സരോജിനിയുടെ വീട്ടില്‍ നിന്നും ഒരു പാടം കടന്നാല്‍ ഇലന്തൂരിലെ നടന്ന കടകം പള്ളില്‍ എത്താം.

ഈ വഴിയില്‍ സന്ധ്യ ആയാല്‍ പിന്നെ അന്നും ഇന്നും ആളനക്കം കുറവുമാണ്.ഇപ്പോഴത്തെ സംഭവവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ സരോജിനിയുടെ മരണം കൂടി ഉള്‍പ്പെടുത്തണമെന്നാണ് ബന്ധുക്കള്‍ ആവശ്യപ്പെട്ടത്. അന്ന് നാട്ടില്‍ പല അഭ്യൂഹങ്ങളും പ്രചരിച്ചു. അര്‍ധരാത്രിക്ക് ശേഷം ഒരു ടിപ്പറില്‍ ആരോ കൊണ്ടിട്ടതാണ് മൃതദേഹം എന്ന നിഗമനത്തിലെത്തി. കുറിയാനിപ്പള്ളിയിലേക്ക് വരുന്ന റോഡിന്റെ വയല്‍ക്കരയുള്ള കുളത്തില്‍ കൊണ്ടിടാന്‍ കൊണ്ടുവന്ന മൃതദേഹം ബൈക്ക് യാത്രികരെ കണ്ട് ധൃതിപ്പെട്ട് റോഡരികില്‍ തള്ളിയതാണെന്ന വിവരവും പുറത്തു വന്നു. ലൈംഗിക പീഡനം ഉണ്ടായി എന്ന് ഇന്‍ക്വസ്റ്റ് വേളയില്‍ തന്നെ പോലിസ് സംശയിച്ചിരുന്നു. നഗ്‌നദേഹം  പരിശോധിച്ച ശേഷം അന്നത്തെ പന്തളം പോലീസ് ഇന്‍സ്‌പെക്ടര്‍ റെജി ഏബ്രഹാം ഇക്കാര്യം മാധ്യമ പ്രവര്‍ത്തകരോട് പങ്ക് വച്ചിരുന്നു. കുറിയാനിപ്പള്ളി റോഡിലെ വയലരികിലുള്ള കുളത്തില്‍ ആള്‍ക്കാര്‍ വലിയ തോതില്‍ ഇറച്ചി മാലിന്യങ്ങള്‍ തള്ളൂമായിരുന്നു. അറവ് ശാലകളില്‍ നിന്ന് കൊണ്ടിടുന്ന മൃഗാവശിഷ്ടങ്ങളില്‍ നിന്നും കോഴി വേസ്റ്റില്‍ നിന്നും ദുര്‍ഗന്ധം വമിക്കുമായിരുന്നു. ഈ നാറ്റമാണ് ഉണ്ടാവുക എന്ന ചിന്തയില്‍ ഈ കുളത്തില്‍ മൃതദേഹം താഴ്ത്തിയാല്‍ പിടിക്കപ്പെടില്ല എന്ന കണ്ടെത്തലും കൊലയാളികള്‍ക്ക് ഉണ്ടായിരുന്നുവെന്നും അന്ന് സംശയം ഉയര്‍ന്നിരുന്നു.

ഈ കേസിന്റെ അന്വേഷണത്തില്‍ വീഴ്ച വരുത്തിയതിന്റെ പേരില്‍ ലോക്കല്‍ പൊലീസിലെ ഉദേ്യാഗസ്ഥരുടെ പേരില്‍ ഇപ്പോഴും നടപടി തുടരുന്നുണ്ട്.

Load More Related Articles
Load More By Veena
Load More In CRIME
Comments are closed.

Check Also

കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ഓണക്കോടി നൽകി

തിരുവല്ല: കെ.എസ്.ആർ.ടി.സിയുടെ പത്തനംതിട്ട – ഗുരുവായൂർ – കുറ്റ്യാടി – മാന…