പത്തനംതിട്ട: യൂണിവേഴ്സിറ്റികളില്‍ നിന്ന് പ്രൈവറ്റ് രജിസ്ട്രേഷന് ഇല്ലാതാക്കിയ നടപടി തിരുത്തി പാരലല്‍ കോളേജുകളെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള നിവേദനം മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള 140 എം.എല്‍.എമാര്‍ക്കും നല്കുന്ന പ്രവര്‍ത്തനം പാരലല്‍ കോളേജ് അസോസിയേഷന്റെ നേതൃത്വത്തില്‍ ആരംഭിച്ചു. കഴിഞ്ഞ ഏഴിന് മുഖ്യമന്ത്രിയുടെ കണ്ണൂരെ വസതിയിലെത്തി പരിപാടിക്ക് തുടക്കംകുറിച്ചു. 16 ഇന ചോദ്യങ്ങള്‍ അടങ്ങിയ നിവേദനമാണ് നല്‍കുന്നത്.
സര്‍ക്കാര്‍ പുതിയതായി രൂപീകരിച്ച ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്സിറ്റിയുടെ നിയമത്തില്‍ മറ്റ് യൂണിവേഴ്സിറ്റികള്‍ നടത്തുന്ന പ്രൈവറ്റ് രജിസ്ട്രേഷന് ഇനി മുതല്‍ അനുവദിക്കില്ലെന്ന് വെളിപ്പെടുത്തുന്ന 47 (2), 72 എന്നീ വകുപ്പുകള്‍ ചേര്‍ത്തതുമായി ഉയര്‍ന്നു വരുന്നതാണ് ചോദ്യങ്ങള്‍. ഈ വകുപ്പുകളിലൂടെ കേരള, കാലിക്കറ്റ്, എംജി, കണ്ണൂര്‍ എന്നീ സര്‍വകലാശാലകള്‍ നടത്തി വന്ന പ്രൈവറ്റ് രജിസ്ട്രേഷന് ഇല്ലാതാക്കിയത് എന്ത് സാമൂഹിക നന്മ ഉദ്ദേശിച്ചാണെന്നും വിശദമായി ചര്‍ച്ച ചെയ്യാതെയല്ലേ ഈ വകുപ്പുകള്‍ ചേര്‍ത്തത് എന്നും മറ്റ് സര്‍വ്വകലാശാലകളുടെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്നതല്ലേ ഈ വകുപ്പുകള്‍ എന്നും തുടങ്ങി 16 ചോദ്യങ്ങള്‍ നിവേദനത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. വിദ്യാഭ്യാസ മന്ത്രി ആര്. ബിന്ദു, സാംസ്കാരികമന്ത്രി സജി ചെറിയാന് എന്നിവര്‍ക്കും പരാതി നല്കി.
നേരിട്ട് കാണാവുന്ന എം.എല്‍.എമാരെ കാണും. അല്ലാത്തവരുടെ ഓഫീസില്‍ അധികാരികളെ ഏല്‍പ്പിക്കും. കൊല്ലം, തിരുവനന്തപുരം എന്നീ ജില്ലകളിലൊഴികെ എല്ലായിടത്തും പരാതി കൊടുത്തു.