വാറണ്ട് കേസ് പ്രതിയെ കസ്റ്റഡിയില്‍ കിട്ടിയിട്ടും കോടതിയില്‍ ഹാജരാക്കാതെ വിട്ടയച്ചു: ആറന്മുള എസ്എച്ച്ഓയുടെ ഭാഗത്ത് വന്‍ വീഴ്ച: നടപടിയുണ്ടായേക്കും

0 second read
Comments Off on വാറണ്ട് കേസ് പ്രതിയെ കസ്റ്റഡിയില്‍ കിട്ടിയിട്ടും കോടതിയില്‍ ഹാജരാക്കാതെ വിട്ടയച്ചു: ആറന്മുള എസ്എച്ച്ഓയുടെ ഭാഗത്ത് വന്‍ വീഴ്ച: നടപടിയുണ്ടായേക്കും
0

പത്തനംതിട്ട: കഞ്ചാവ് കേസില്‍ തുടര്‍ച്ചയായി കോടതിയില്‍ ഹാജരാകാതിരുന്ന പ്രതിയെ പിടിയിലായിട്ടും കസ്റ്റഡിയില്‍ നിന്നു വിട്ടയച്ചു. ഗുരുതരമായ വീഴ്ച വരുത്തിയ ആറന്മുള പൊലീസ് ഇന്‍സ്‌പെക്ടര്‍ സി.കെ.  മനോജിനെതിരേ വകുപ്പു തല നടപടിക്ക് സാധ്യതയേറി. രണ്ടര മാസം മുന്‍പ് നടന്ന സംഭവം ഇപ്പോഴാണ് പുറത്തു വന്നിരിക്കുന്നത്. ആറന്മുള സ്‌റ്റേഷനില്‍ 2019 ല്‍ രജിസ്റ്റര്‍ ചെയ്ത 970/2019 നമ്പര്‍ കേസിലെ പ്രതി  തെന്മല കഴുതുരുട്ടി എച്ച്ആര്‍ മന്‍സിലില്‍ റഹിമിനെയാണ് കസ്റ്റഡിയില്‍ കിട്ടിയിട്ടും കോടതിയില്‍ ഹാജരാക്കാതെ വിട്ടയച്ചത്.

ഓഗസ്റ്റ് 23 നാണ് റഹിമിനെ ആര്യങ്കാവില്‍ നിന്ന് ആറന്മുള സ്‌റ്റേഷനിലെ വാറണ്ട് നടപ്പാക്കുന്ന സിപിഓ കണ്ടെത്തിയത്. തുടര്‍ന്ന് തന്റെ ബൈക്കിന് പിന്നിലിരുത്തി സ്‌റ്റേഷനിലെത്തിച്ച് ലോക്കപ്പില്‍ അടച്ചു. ജനറല്‍ ഡയറിയില്‍ അടക്കം ഇത് രേഖപ്പെടുത്തുകയും ചെയ്തു. ഓഗസ്റ്റ് 24 ന് ആയിരുന്നു റഹിമിനെ കോടതിയില്‍ ഹാജരാക്കേണ്ടിയിരുന്നത്.  അന്ന് ആശുപത്രി ആക്രമണ കേസില്‍ പിടിയിലായ മറ്റൊരു പ്രതിയെ കോടതിയില്‍ ഹാജരാക്കേണ്ടി വന്നിരുന്നു. ഇതിനിടെ ലോക്കപ്പിലുള്ള വാറണ്ട്  പ്രതിയുടെ കാര്യം പൊലീസ് ഇന്‍സ്‌പെക്ടര്‍ മറഞ്ഞു. ആശുപത്രി ആക്രമണ കേസിലെ പ്രതിയെ അന്ന് വൈകിട്ടാണ് കോടതിയില്‍ കൊണ്ടു പോയത്. അപ്പോഴാണ് ലോക്കപ്പിലുള്ള റഹിമിന്റെ കാര്യം ഓര്‍മ വന്നത്. ഇയാളെ തുറന്നു വിടാന്‍ എസ്എച്ച്ഓ പറയുകയും  ചെയ്തു. എന്നാല്‍, അന്ന് ഇയാളെ വിട്ടയച്ചില്ല. പിറ്റേന്ന് രാവിലെ എസ്എച്ച്ഓ എത്തിയപ്പോള്‍ ഇയാള്‍ ലോക്കപ്പില്‍ തന്നെ കിടക്കുന്നത് കണ്ട് തുറന്നു വിടാന്‍ പറയുകയായിരുന്നു. വണ്ടിക്കൂലിക്ക് പണവും നല്‍കിയാണ് വിട്ടത്.

വാറണ്ട് കേസില്‍ കസ്റ്റഡിയിലായ പ്രതിയെ കോടതിയുടെ മുന്നില്‍ ഹാജരാക്കാതിരുന്നത് ഗുരുതരമായ വീഴ്ചയാണ്. വീണ്ടും പ്രതിക്ക് വാറണ്ട് വന്നപ്പോഴാണ് നേരത്തേ കസ്റ്റഡിയില്‍ കിട്ടിയിട്ടും കോടതിയില്‍ ഹാജരാക്കിയില്ലെന്ന വിവരം പുറത്തു വന്നത്. വിവരം ഉന്നത പൊലീസ് അധികാരികളുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇന്‍സ്‌പെക്ടര്‍ക്കെതിരേ നടപടിയുണ്ടാകുമെന്നാണ് സൂചന.

Load More Related Articles
Load More By Veena
Load More In EXCLUSIVE
Comments are closed.

Check Also

നിലയ്ക്കലില്‍ മദ്യലഹരിയില്‍ നാട്ടുകാരോട് വഴക്കടിച്ച എക്‌സൈസ് അസി. ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍: പോലീസ് കേസെടുത്തത് കുറവിലങ്ങാട് റേഞ്ച് ഓഫീസിലെ അജിമോനെതിരേ

പത്തനംതിട്ട: ശബരിമല ഡ്യൂട്ടിക്കെത്തിയ അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ മദ്യപിച്ച് ലക്കുകെട്ട്…