
പത്തനംതിട്ട: റവന്യൂ ഭൂമിയില്‍ വനം കൊള്ള. 78 തേക്കുമരം മുറിച്ചു കടത്താന്‍ ശ്രമിച്ച രണ്ടു പേര്‍ക്കെതിരേ വനംവകുപ്പ് കേസെടുത്തു. കോന്നി അരുവാപ്പുലം പഞ്ചായത്ത് പ്രസിഡന്റ് രേഷ്മ മറിയം റോയിയുടെ പിതാവ് റോയി, കോന്നി മാമ്മൂട് സ്വദേശി വിമോദ് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റാണ് രേഷ്മ മറിയം റോയി.
കസ്തുരി രംഗന്‍ റിപ്പോര്‍ട്ടില്‍ പരിസ്ഥിതലോല പ്രദേശമായി ഉള്‍പ്പെട്ട അരുവാപ്പുലം വില്ലേജിലെ ഊട്ടുപാറയില്‍ വനഭൂമിയോടു ചേര്‍ന്നുള്ള റവന്യൂ ഭൂമിയില്‍ നിന്നും 78 തേക്കുമരങ്ങളാണ് മുറിച്ചു കടത്താന്‍ ശ്രമിച്ചത്. റവന്യൂ ഭൂമിയാണങ്കിലും റവന്യൂ, വനം വകുപ്പുകളുടെ അനുമതി ഉണ്ടെങ്കില്‍ ഇവിടെ നിന്നും മരങ്ങള്‍ മുറിക്കാം. പാസിനു വേണ്ടി വനംവകുപ്പില്‍ അപേക്ഷ നല്‍കിയ ശേഷമാണ് വനപാലകരുടെ ഒത്താശയോടെ തേക്കുമരങ്ങള്‍ മുറിച്ചത്.
ഇതു സംബന്ധിച്ച് വനം വകുപ്പിന്റെ ഫ്‌ളയിങ് സ്‌ക്വാഡിനും വിജിലന്‍സിനും പരാതി ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് അനധികൃതമായാണ് മരങ്ങള്‍ മുറിച്ചിതെന്ന് കണ്ടെത്തിയത്. അരുവാപ്പുലം വില്ലേജില്‍ വ്യക്തികളുടെ പറമ്പില്‍ നിന്നും മരങ്ങള്‍ മുറിക്കുന്നതിനും അനുമതി വേണം. നടുവത്തുമൂഴി റേഞ്ചിലെ മരങ്ങള്‍ മുറിച്ച പത്തനാപുരം സ്വദേശിയായ കരാറുകാരനും വനം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥനും തമ്മിലുള്ളതായി പറയുന്ന ബന്ധവും വിവാദമായിട്ടുണ്ട്.
പരിസ്ഥിതിലോല മേഖലകളില്‍ റവന്യൂ ഭൂമിയിലെ മരങ്ങള്‍ വനം വകുപ്പ് മാര്‍ക്ക് ചെയ്യണമെന്നാണ് ചട്ടം. എന്നാല്‍ അരുവാപ്പലം വില്ലേജില്‍ ഇത്തരത്തില്‍ മരങ്ങള്‍ മാര്‍ക്ക് ചെയ്തിട്ടില്ല. ഇങ്ങനെയുള്ള മരങ്ങളാണ് ഇവിടെയും മുറിച്ചിട്ടിട്ടുള്ളത്. സംഭവം വിവാദമായതോടെ വനപാലകര്‍ മലക്കം മറിയുകയാണ്. ഇവര്‍ വില്ലേജ് ഓഫീസുമായി ബന്ധപ്പെടുകയും മരംമുറിക്കുന്നതിന് മതിയായ രേഖകള്‍ നല്‍കിയിട്ടില്ലന്ന് വ്യക്തമാക്കുകയും ചെയ്തതോടെയാണ് അനധികൃത മരംമുറിക്കെതിരെ കേസെടുത്തത്.
മരം കൊള്ളയ്ക്ക് പ്രശസ്തമായ റേഞ്ചാണ് നടുവത്തു മൂഴി. രണ്ട് വര്‍ഷം മുന്‍പ് ഈ വനമേഖലയില്‍ നിന്നും വനപാലകരുടെ ഒത്താശയോടെ കോടികള്‍ വിലമതിക്കുന്ന തടികള്‍ മുറിച്ചു കടത്തിക്കൊണ്ടുപോയ സംഭവം വിവാദമായിരുന്നു. സസ്‌പെന്‍ഷനുംസ്ഥലമാറ്റവും കൊണ്ട് ഉദ്യോഗസ്ഥരെ സംരക്ഷിക്കുകയാണ് ചെയ്തത്. ഇവരെല്ലാം പ്രമോഷനോടെ സര്‍വീസില്‍ ഇപ്പോഴും തുടരുകയാണ്.