റോബിന്‍ മോട്ടോഴ്‌സിനെതിരേ വീണ്ടും മോട്ടോര്‍ വാഹനവകുപ്പ്: കോയമ്പത്തൂരിന് പോയ ബസ് റാന്നിയില്‍ പിടിച്ചെടുത്തു: കോണ്‍ട്രാക്ട് കാരിയര്‍ പെര്‍മിറ്റുമായി സ്‌റ്റേജ് കാരിയര്‍ സര്‍വീസ് നടത്തിയതിനെന്ന് ആര്‍ടിഓയുടെ വിശദീകരണം

0 second read
Comments Off on റോബിന്‍ മോട്ടോഴ്‌സിനെതിരേ വീണ്ടും മോട്ടോര്‍ വാഹനവകുപ്പ്: കോയമ്പത്തൂരിന് പോയ ബസ് റാന്നിയില്‍ പിടിച്ചെടുത്തു: കോണ്‍ട്രാക്ട് കാരിയര്‍ പെര്‍മിറ്റുമായി സ്‌റ്റേജ് കാരിയര്‍ സര്‍വീസ് നടത്തിയതിനെന്ന് ആര്‍ടിഓയുടെ വിശദീകരണം
0

റാന്നി: അന്തര്‍ സംസ്ഥാന പെര്‍മിറ്റുമായി കോയമ്പത്തൂരിലേക്ക് സര്‍വീസ് നടത്താനൊരുങ്ങിയ റോബിന്‍ മോട്ടോഴ്‌സിന്റെ ബസ് യുദ്ധസമാന സജ്ജീകരണങ്ങളുമായെത്തി പിടിച്ചെടുത്ത് പൊലീസും മോട്ടോര്‍ വാഹനവകുപ്പും. തിങ്കളാഴ്ച പുലര്‍ച്ചെ റാന്നിയില്‍ വച്ചാണ് ബസ് തടഞ്ഞ് കസ്റ്റഡിയിലെടുത്തത്. പെര്‍മിറ്റ് ലംഘനം എന്ന് മാത്രം പറഞ്ഞാണ് ബസ് പിടിച്ചെടുത്തിരിക്കുന്നത്.  സുപ്രീംകോടതിയില്‍ നിന്ന് അനുകൂല ഉത്തരവ് സമ്പാദിച്ചാണ് ബസ് സര്‍വീസ് തുടങ്ങിയതെന്ന് റോബിന്‍ മോട്ടോഴ്‌സ് ഉടമ ഗിരീഷ് പറഞ്ഞു. കോടതി ഉത്തരവ് ഉദ്യോഗസ്ഥരെ കാണിച്ചപ്പോള്‍ തങ്ങള്‍ക്ക് അത് വായിക്കാനറിയില്ലെന്നാണത്രേ ഉദ്യോഗസ്ഥര്‍ പറഞ്ഞത്.

പുലര്‍ച്ചെ 5.30 നാണ് പത്തനംതിട്ടയില്‍ നിന്ന് ബസ് പുറപ്പെട്ടത്. ടിക്കറ്റ് ബുക്ക് ചെയ്ത് കയറിയ ധാരാളം യാത്രക്കാരും ബസില്‍ ഉണ്ടായിരുന്നു. റാന്നിയിലെത്തിയപ്പോള്‍ ബസ് തടഞ്ഞ് മോട്ടോര്‍ വാഹന വകുപ്പും പൊലീസും ഉള്ളില്‍ കയറി യാത്രക്കാരെ ഇറക്കി വിടുകയായിരുന്നു. ഇത് രണ്ടാം  തവണയാണ് റോബിന്‍ ബസ് മോട്ടോര്‍ വാഹനവകുപ്പ് പിടിച്ചെടുക്കുന്നത്. കേന്ദ്രസര്‍ക്കാരിന്റെ പുതുക്കിയ ഗതാഗത നിയമത്തിന്റെ അടിസ്ഥാനത്തിലാണ് റോബിന്‍ ബസ് സര്‍വീസ് നടത്തിയത്. ആദ്യം സര്‍വീസ് തുടങ്ങിയപ്പോഴും ഇതു പോലെ നിസാര കാരണം പറഞ്ഞാണ് പിടിച്ചെടുത്തത്. തുടര്‍ന്നാണ് ഉടമ ഗിരീഷ് സുപ്രീം കോടതിയെ സമീപിച്ചത്.

കഴിഞ്ഞ ദിവസം 1.50 ലക്ഷം രൂപ നികുതി അടച്ചാണ് വാഹനം സര്‍വീസിന് ഇറക്കിയതെന്ന് ഉടമ ഗിരീഷ് പറഞ്ഞു.ഇപ്പോള്‍ പിടിച്ചെടുത്ത ബസ് തിരിച്ചു കിട്ടാന്‍ രണ്ടാഴ്ചയെങ്കിലും സമയം  എടുക്കും. അപ്പോഴേക്കും താന്‍ അടച്ച നികുതി നഷ്ടം വരുമെന്നും ഉടമ പറഞ്ഞു.

യാത്രക്കാരുടെയും ബസ് ജോലിക്കാരുടെയും ബസ് ഉടമയുടെയും മൊഴി എടുത്തു കൊണ്ടാണ് കേസ് എടുത്തത് എന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പറയുന്നു. വലിയ ഒരു സംഘം ഉദ്യോഗസ്ഥരാണ് ബസ് തടഞ്ഞത്. റാന്നി പഞ്ചായത്ത് പ്രസിഡന്റ് പ്രകാശ് കുഴികാല ഉള്‍പ്പെടെ നാട്ടുകാരും സംഭവസ്ഥലത്ത് എത്തി ശബരിമല ഉള്‍പ്പെടെ സര്‍വീസ് നടത്തുന്നതിനായി സ്വകാര്യ ബസ് ഉടമകള്‍ തയ്യാറാകുമ്പോള്‍ ആണ് റാന്നിയില്‍ വീണ്ടും ബസ് തടഞ്ഞത്.കേന്ദ്ര സര്‍ക്കാറിന്റെ പുതിയ ട്രാന്‍സ്‌പോര്‍ട് നിയമത്തിലാണ് അന്യ സംസ്ഥാന സര്‍വീസിനുള്ള കളം ഒരുങ്ങിയത്.

പെര്‍മിറ്റ് കോണ്‍ട്രാക്ട് കാരിയര്‍ സര്‍വീസ് നടത്തുന്നത് സ്‌റ്റേജ് കാരിയര്‍ ആയിട്ടെന്ന് ആര്‍ടിഓ

കോണ്‍ട്രാക്ട് കാരിയര്‍ പെര്‍മിറ്റാണ് റോബിന്‍ ബസിനുള്ളതെന്ന് പത്തനംതിട്ട ആര്‍ടിഒ എകെ ദിലു പറഞ്ഞു. എന്നാല്‍ സ്‌റ്റേജ് കാരിയര്‍ ആയിട്ടാണ് സര്‍വീസ് നടത്തുന്നത്. ഈ നിയമലംഘനം അനുവദിക്കാന്‍ കഴിയാത്തതു കൊണ്ടാണ് ബസ് കസ്റ്റഡിയില്‍ എടുത്തത്. കോണ്‍ട്രാക്ട് കാരിയറുകള്‍ക്ക് ഒരു സ്ഥലത്തു നിന്നും ആളെ എടുത്തു കൊണ്ട് മറ്റൊരിടത്ത് ഇറക്കാനാണ് പെര്‍മിറ്റ് കൊടുക്കുന്നത്. ഇവര്‍ക്ക് ഇടയ്ക്ക് നിര്‍ത്തി ആളു കയറ്റാനോ ഇറക്കാനോ അതനുസരിച്ചുള്ള യാത്രാക്കൂലി വാങ്ങുന്നതിനോ കഴിയില്ല. കോണ്‍ട്രാക്ട് കാരിയര്‍ പെര്‍മിറ്റുള്ള റോബിന്‍ ബസ് സ്‌റ്റേജ് കാരിയര്‍ ആയിട്ടാണ് സര്‍വീസ്  നടത്തിയത്. ഇതിന്റെ ടിക്കറ്റ് നിരക്ക് അടക്കം ഇവര്‍ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും ആര്‍ടിഓ പറഞ്ഞു. സെപ്റ്റംബര്‍ 12 ന് ഗതാഗതമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നത ഉദേ്യാഗസ്ഥരുടെ യോഗം ചേര്‍ന്ന് ഈ രീതിയിലുള്ള ബസുകള്‍ അനുവദിക്കാന്‍ കഴിയില്ലെന്ന് തീരുമാനിച്ചിരുന്നു. ഈ തീരുമാനമാണ് നടപ്പാക്കിയിരിക്കുന്നത്.

Load More Related Articles
Load More By Veena
Load More In KERALAM
Comments are closed.

Check Also

അബ്കാരി കേസില്‍ ജാമ്യത്തില്‍ ഇറങ്ങി മുങ്ങിയത് 24 വര്‍ഷം മുന്‍പ്: വിദേശത്തേക്ക് കടന്ന് അവിടെ സുഖവാസം: എല്‍പി വാറണ്ട് വന്നപ്പോള്‍ ലുക്കൗട്ട് നോട്ടീസ്: ബംഗളൂരു എയര്‍പോര്‍ട്ടില്‍ വന്നിറങ്ങിയപ്പോള്‍ പോലീസിന്റെ അറസ്റ്റും റിമാന്‍ഡും

പമ്പ: പോലീസ് 2001ല്‍ രജിസ്റ്റര്‍ ചെയ്ത അബ്കാരി കേസില്‍ ഒളിവില്‍ കഴിഞ്ഞുവന്ന പ്രതിയെ ബംഗളുര…