മൈലപ്ര: ജില്ലാ സ്റ്റേഡിയം കോംപ്ലക്സ് അടുത്ത മാസം നിര്‍മാണം ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ടെണ്ടര്‍ നടപടി പൂര്‍ത്തിയായാല്‍ ഉടന്‍ മുഖ്യമന്ത്രി പിണറായി വിജയന് നിര്‍മാണോദ്ഘാടനം നിര്‍വഹിക്കുമെന്നും മന്ത്രി പറഞ്ഞു. റഷീദിന്റെ സുഹൃത്തുക്കള്‍ വാട്സാപ്പ് കൂട്ടായ്മയുടെ വാര്‍ഷികവും കുടുംബസംഗമവും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പത്തനംതിട്ട നഗരത്തിന്റെ മുഖഛായ മാറ്റുന്ന പദ്ധതികളാണ് വരാന്‍ പോകുന്നത്. ആനപ്പാറയില്‍ വീഡിയോ വാള് സ്ഥാപിക്കാനുള്ള നടപടിയായി. ഇത് യാഥാര്‍ഥ്യമാകുന്നതോടെ സായാഹ്നങ്ങള്‍ മിഴിവേറിയതാകും. നഗരത്തിലെ തകര്‍ന്ന റോഡുകളുടെ അറ്റകുറ്റപ്പണി ഉടന്‍ പൂര്‍ത്തിയാകും. കുമ്പഴയിലേക്കുള്ള റോഡ് ഉയര്‍ത്തി നിര്‍മിക്കും.
ജാതിയും മതവും രാഷ്ര്ടീയ വ്യത്യാസവുമില്ലാതെ രണ്ടായിരത്തിലധികം അംഗങ്ങളുമായി പ്രവര്‍ത്തിക്കുന്ന റഷീദിന്റെ സുഹൃത്തുക്കള്‍ വാട്സാപ്പ് ഗ്രൂപ്പ് ഇന്നത്തെ സമൂഹത്തില്‍ ഒരു അതിശയമാണെന്നും മന്ത്രി പറഞ്ഞു. നാനാജാതി മതസ്ഥര്‍ ഒരേ മനസോടെ ഒരു വാട്സാപ്പ് കൂട്ടായ്മയില്‍ അണിനിരക്കുന്നത് ഈ രാജ്യത്ത് തന്നെ ഒരു പക്ഷേ ആദ്യമായിരിക്കും. ഗ്രൂപ്പ് അഡ്മിനായിട്ടുള്ള റഷീദ് ആനപ്പാറയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മന്ത്രി എടുത്തു പറഞ്ഞു. മുതിര്‍ന്ന ഗ്രൂപ്പ് അംഗങ്ങളെയും പരീക്ഷകളില്‍ വിജയം നേടിയവരെയും വിവിധ മേഖലകളില്‍ പ്രാഗല്ഭ്യം തെളിയിച്ചവരെയും മന്ത്രി ആദരിച്ചു.
സ്വാഗതസംഘം ചെയര്മാന് അഷ്റഫ് അലങ്കാര്‍ അധ്യക്ഷത വഹിച്ചു. ആന്റോ ആന്റണി എം.പി, മുന്‍ എം.പി ഫ്രാന്‍സിസ് ജോര്‍ജ്, മുന്‍ എം.എല്‍.എ ശിവദാസന്‍ നായര്‍, നഗരസഭ ചെയര്മാന് സക്കീര്‍ ഹുസൈന്, കൗണ്‍സിലര്‍ അംബികാ വേണു, മുന്‍ വൈസ് ചെയര്മാന് പി.കെ. ജേക്കബ്, മാധ്യമപ്രവര്‍ത്തകരായ എബ്രഹാം തടിയൂര്‍, ജി. വിശാഖന്, ബിജു കുര്യന്, എം. ബിജു മോഹന്‍, ശശി നാരായണന്, വി.എസ്. പ്രസാദ്, മുന്‍ ജില്ലാ പഞ്ചായത്ത് അംഗം എലിസബത്ത് അബു, ശശികുമാര്‍ തുരുത്തിയില്‍, കെ.ആര്. അശോക് കുമാര്‍, ജോര്‍ജ് വര്‍ഗീസ് തെങ്ങുംതറയില്‍, ടി.വി മിത്രന് എന്നിവര്‍ പ്രസംഗിച്ചു.
സമാപന സമ്മേളനം മുന്‍ സംസ്ഥാന വിവരാവകാശ കമ്മിഷണര്‍ ജസ്റ്റിസ് പി.എന്‍. വിജയകുമാര്‍ ഉദ്ഘാടനം ചെയ്തു. കലാപരിപാടികളില്‍ പങ്കെടുത്ത ഗ്രൂപ്പംഗങ്ങള്‍ക്കും കുട്ടികള്‍ക്കും അദ്ദേഹം സമ്മാനദാനവും നടത്തി.