തിരുവല്ല: നിക്ഷേപകര്‍ അറിയാതെ ലക്ഷങ്ങള്‍ തട്ടിയ കേസില്‍ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യ നിഷേധിച്ചിട്ടും അന്വേഷണ ഉേദ്യാഗസ്ഥന് മുന്‍പാകെ ഹാജരാകാതെ മുങ്ങി നടന്ന സഹകരണ സംഘം മുന്‍ മാനേജരെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവല്ല അര്‍ബന്‍ സഹകരണ ബാങ്കില്‍ തട്ടിപ്പ് നടത്തിയ കേസില്‍ മതില്‍ഭാഗം കുറ്റിവേലില്‍ വീട്ടില്‍ പ്രീത ഹരിദാസ് ആണ് പിടിയിലായത്. ചെങ്ങന്നൂരില്‍ നിന്ന് കാറില്‍ തിരുവല്ലയിലേക്ക് വരുന്ന വഴി വ്യാഴാഴ്ച രാവിലെ ഒമ്പതിനാണ് ഇവര്‍ അറസ്റ്റിലായത്.
സിപിഎം ജില്ലാ സെക്രട്ടറിയേറ്റംഗം ആര്‍. സനല്‍കുമാര്‍ ചെയര്‍മാനായ ബാങ്കില്‍ പ്രീത മാനേജര്‍ ആയിരിക്കുന്ന സമയത്ത് നിക്ഷേപക അറിയാതെ സ്ഥിരനിക്ഷേപം പിന്‍വലിച്ചുവെന്നാണ് കേസ്. മഹിളാ അസോസിയേഷന്റെ നേതാവ് കൂടിയായിരുന്നു പ്രീത. തിരുവല്ല മതില്‍ഭാഗം സ്വദേശിനി വിജയലക്ഷ്മി മോഹന്‍ ബാങ്കില്‍ നിക്ഷേപിച്ച സ്ഥിരനിക്ഷേപ തുക വ്യാജ ഒപ്പിട്ട് കൈക്കലാക്കിയതിന് തിരുവല്ല പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രീതാ ഹരിദാസ് നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ കഴിഞ്ഞ നാലിന് ഹൈക്കോടതി തള്ളിയിരുന്നു. 17 ന് മുമ്പായി അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ ഹാജരാവാനും കോടതി നിര്‍ദ്ദേശിച്ചിരുന്നു. കോടതി നിര്‍ദേശിച്ച സമയം കഴിഞ്ഞിട്ടും അന്വേഷണ ഉദ്യോഗസ്ഥന് മുന്‍പാകെ ഹാജരാകാതെ ഇവര്‍ ഒളിച്ചു കഴിയുകയായിരുന്നു.
രാഷ്ട്രീയ സമ്മര്‍ദ്ദത്തിന്റെ പേരില്‍ പ്രീതയുടെ അറസ്റ്റ് ഒഴിവാക്കി ഇവരെ ഒളിവില്‍ പോകാന്‍ പൊലീസ് സഹായിച്ചു എന്ന ആരോപണം ഉയര്‍ന്നിരുന്നു. 2015 ലാണ് വിജയലക്ഷ്മി 350,000 രൂപ അര്‍ബന്‍ സഹകരണ ബാങ്കില്‍ സ്ഥിര നിക്ഷേപമിട്ടത്. അഞ്ചു വര്‍ഷത്തിനു ശേഷം പലിശ സഹിതം 6.70 ലക്ഷം രൂപ കിട്ടേണ്ടിയിരുന്നു. കാലാവധി പൂര്‍ത്തിയായ തുക തിരികെ എടുക്കാന്‍ കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ എത്തിയപ്പോഴാണ് പണം പിന്‍വലിച്ച് വിവരം പരാതിക്കാരി അറിഞ്ഞത്. തുടര്‍ന്ന് വിജയലക്ഷ്മി തിരുവല്ല ഡിവൈഎസ്പിക്ക് പരാതി നല്‍കി. ഡിവൈഎസ്പിയുടെ നിര്‍ദ്ദേശപ്രകാരം അടുത്ത ദിവസം സ്‌റ്റേഷനില്‍ എത്തിയ പ്രീത വ്യാജ ഒപ്പിട്ട് പണം പിന്‍വലിച്ചതായി സമ്മതിച്ചു. മൂന്ന് മാസത്തിനകം പണം തിരികെ നല്‍കാം എന്ന ഉറപ്പിന്മേല്‍ ഇവര്‍ ചെക്കും പ്രോമിസറി നോട്ടും പരാതിക്കാരിക്ക് നല്‍കി.
അഞ്ചു മാസങ്ങള്‍ക്ക് ശേഷവും പണം ലഭിക്കാതെ വന്നതോടെയാണ് വിജയലക്ഷ്മി സഹകരണ രജിസ്ട്രാറിനും ഹൈക്കോടതിക്കും പരാതി നല്‍കിയത്. സഹകരണ രജിസ്ട്രാര്‍ നടത്തിയ അന്വേഷണത്തില്‍ പരാതിക്കാരുടെ ആവലാതി സത്യമാണെന്ന് ബോധ്യമാവുകയും ഏഴു ദിവസത്തിനകം നിക്ഷേപകയുടെ പണം തിരികെ നല്‍കണം എന്ന് ആവശ്യപ്പെട്ട് രണ്ട് തവണ നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. ഇതിനിടെ തട്ടിയെടുത്ത പണം കഴിഞ്ഞ ആഴ്ച പ്രീത തിരികെ അടച്ചിരുന്നു. ഇന്‍സ്‌പെക്ടര്‍ ബി കെ സുനില്‍ കൃഷ്ണന്‍, എസ് ഐ
സുരേന്ദ്രന്‍ പിള്ള , സീനിയര്‍ സി പി ഒ മാരായ അഖിലേഷ് , അവിനാശ്, ഉദയന്‍ , മനോജ് എന്നിവര്‍ അടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ പിന്നീട് കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ് പറഞ്ഞു.