അജോ കുറ്റിക്കന്‍
തേനി: തമിഴ്നാട് പൊലീസിന്റെ പക്കലുള്ള ഇരുപത്തിയഞ്ച് ശതമാനം വാഹനങ്ങളും ഉപയോഗയോഗ്യമല്ലെന്ന് റിപ്പോര്‍ട്ട്. ഇതോടെ 1,188 വാഹനങ്ങളുടെ രജിസ്ട്രേഷന് കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കി.ഇവയില്‍ കാറുകള്‍, എസ്യുവികള്, ആഡംബര കാറുകള്‍, ഇരുചക്ര വാഹനങ്ങള്‍ എന്നിവ ഉള്‍പ്പെടും.
15 വര്‍ഷം കഴിഞ്ഞ വാഹനങ്ങളുടെ രജിസ്ട്രേഷന് പുതുക്കണമെന്ന ചട്ടപ്രകാരം വാഹനങ്ങളുടെ രജിസ്ട്രേഷന് പതുക്കലിന് സമീപിച്ചപ്പോഴാണ് നടപടി. കഴിഞ്ഞ 6 മാസത്തിനിടെയില്‍ 1,188 വാഹനങ്ങളുടെ രജിസ്ടേഷനാണ് ഇത്തരത്തില്‍ റദ്ദായിട്ടുള്ളത്. വാഹനങ്ങള്‍ മാറ്റി പുതിയവ നല്‍കണമെന്ന് ആവശ്യപ്പെട്ട് ഡി.ജി.പി ശങ്കര്‍ ജിവാള്‍ സംസ്ഥാന ആഭ്യന്തര വകുപ്പിന് കത്തയച്ചിട്ടുണ്ട്.ലോക്സഭാ തിരഞ്ഞെടുപ്പ് നടപടി ക്രമങ്ങള്‍ ആരംഭിച്ചതിനാല്‍ സുരക്ഷാ ചുമതല, പട്രോളിംഗ്, ക്രമസമാധാന പാലനം, പൊതുപ്രശ്നങ്ങള്ക്കുള്ള അടിയന്തര പരിഹാരം തുടങ്ങിയവയ്ക്ക് വാഹനങ്ങള്‍ അനിവാര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഓഗസ്റ്റ് 31 വരെയുള്ള കണക്കനുസരിച്ച് 2,250 ഇരുചക്രവാഹനങ്ങള്‍, 715 ജീപ്പുകള്‍, 460 വാനുകള്‍, 150 മിനിബസുകള്, 130 ട്രക്കുകള്‍, 31 ആംബുലന്‍സുകള്‍, 80 കാറുകള്‍ എന്നിവയ്ക്കുള്ള രജിസ്ട്രേഷനാണ് പൊലീസിന് നഷ്ടമായത്.