
പത്തനംതിട്ട: പൂങ്കാവനത്തിലെ ആദിവാസികള്‍ക്ക് രേഖകള്‍ സമ്മാനിച്ച് ഡോ. ദിവ്യാ എസ് അയ്യര്‍ പത്തനംതിട്ട കലക്ടറേറ്റിന്റെ പടിയിറങ്ങി. സംസ്ഥാന സര്‍ക്കാരിന്റെ നൂറ് ദിന കര്‍മ്മ പരിപാടിയില്‍ ഉള്‍പ്പെടുത്തി എല്ലാ ആദിവാസി സങ്കേതങ്ങളിലെയും കുടുംബങ്ങള്‍ക്കും വ്യക്തികള്‍ക്കും ആധികാരിക രേഖകള്‍ നല്കുന്ന എ ബി സി ഡി പദ്ധതി യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കി രേഖകളുടെ വിതരണവും നടത്തിയ ശേഷമാണ് ഡോ. ദിവ്യാ എസ് അയ്യര്‍ പുതിയ ചുമതല ഏല്ക്കാനായി യാത്ര തിരിച്ചത്. ജില്ലയിലെ ആദിവാസി ജനവിഭാഗത്തിന് സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനുള്ള ആദ്യ ചുവട് വയ്പ്പ് മാത്രമാണ് എ ബി സി ഡി പദ്ധതിയെന്നും രേഖകളുടെ വിതരണ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു കൊണ്ട് ഡോ. ദിവ്യാ എസ് അയ്യര്‍ പറഞ്ഞു.
ഏബിസിഡി പദ്ധതിക്കായി ഡോ. ദിവ്യാ എസ് അയ്യരുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍ നടത്തിയ പ്രവര്‍ത്തനം മാതൃകാപരമാണെന്ന് പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന വകുപ്പ് മന്ത്രി എ രാധാക്യഷ്ണന് പറഞ്ഞു. ആദിവാസി പട്ടികവര്‍ഗ്ഗ ജനവിഭാഗത്തെ സ്വയം പര്യാപ്തതയിലെത്തിക്കാന്‍ സര്‍ക്കാര്‍ നിരവധി പദ്ധതികള്‍ ആവിഷ്ക്കരിച്ച് നടപ്പാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മുന്‍പും ആദിവാസികള്‍ക്ക് രേഖകള്‍ നല്‍കിയിരുന്നെങ്കിലും അവ വിവിധ കാരണങ്ങളാല്‍ നഷ്ടമാകുന്ന സാഹചര്യമുണ്ടായതിനാല്‍ ആനുകുല്ല്യങ്ങള്‍ ലഭിക്കുന്നതിനടക്കം തടസ്സമുണ്ടാകുന്നത് പതിവായിരുന്നു. എന്നാല്‍ നിലവില്‍ രേഖകള്‍ ഡിജിറ്റലായി സൂക്ഷിക്കാന്‍ സംവിധാനമൊരുക്കിയതിനാല്‍ അത്തരം പ്രതിസന്ധികള്‍ക്ക് പരിഹാരമായി.
ഇന്നലെ രാത്രി ഏഴോടെ ജില്ലാകളക്ടര്‍ എന്ന നിലയിലുള്ള അവസാന ചുമതലയും പൂര്‍ത്തിയാക്കിയ സത്യപ്തിയോടെയായിരുന്നു ഡോ. ദിവ്യാ എസ് അയ്യര്‍ മടങ്ങിയത്.
പത്തനംതിട്ട ജില്ലയുടെ 37-ാമത് കലക്ടറായി എ. ഷിബു ഇന്ന് രാവിലെ ചുമതലയേറ്റു. സാമൂഹിക സുരക്ഷാമിഷന് എക്സിക്യൂട്ടീവ് ഡയറക്ടറായിരുന്നു. 2015 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനായ ഷിബു തിരുവനന്തപുരം കരമന സ്വദേശിയാണ്. ബി ടെക് (മെക്കാനിക്കല്‍), എം.ബി.എ ബിരുദധാരിയായ ഷിബു 2009 ല്‍ ഡെപ്യുട്ടി കലക്ടറായാണ് കേരളാ സിവില്‍ സര്‍വീസിലേക്ക് പ്രവേശിക്കുന്നത്. ഹൗസിങ് കമ്മിഷണര്‍, ഹൗസിങ് ബോര്‍ഡ് സെക്രട്ടറി, ലാന്‍ഡ് ബോര്‍ഡ് സെക്രട്ടറി, എറണാകുളം ജില്ലാ വികസന കമ്മിഷണര്‍, കയര്‍ വികസനഡയറക്ടര്‍ തുടങ്ങിയ തസ്തികകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ഖത്തറില്‍ സോഫ്റ്റ്വെയര് എന്‍ജിനീയറായ ഷക്കീലയാണ് ഭാര്യ. മകന് ദില്‍ഷാദ് ഖത്തറില്‍ പൈലറ്റാണ്. മകള്‍ ജൊഹാന ദോഹ രാജഗിരി സ്കൂളില്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയാണ്.