
ഉത്തമപാളയം(തമിഴ്‌നാട്): ശ്രീലങ്കന്‍ പൗരന്മാരെ ഇസ്ലാമിക് തീവ്രവാദ സംഘടന ഐഎസിലേക്ക് റിക്രൂട്ട് ചെയ്യാന്‍ ശ്രമിച്ച കേസില്‍ ഒരാളെ എന്‍ഐഎ അറസ്റ്റ് ചെയ്തു. രാമനാഥപുരം ജില്ലയിലെ മരക്കയപ്പെട്ടി സ്വദേശി മുഹമ്മദ് ഇമ്രാന്‍ ഖാനാണ് പിടിയിലായത്.ഇയാള്‍ക്ക് തമിഴ് പുലികളുമായും ബന്ധമുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. ഇന്ന് പുലര്‍ച്ചെ 2.30 ന് തേനി ഉത്തമപാളയത്തെ വീട് വളഞ്ഞായിരുന്നു അറസ്റ്റ്.
2021 ലാണ് കേസിന് ആസ്പദമായ സംഭവം. ശ്രീലങ്കയില്‍ നിന്നും മതിയായ രേഖകളില്ലാതെ ചിലര്‍ മംഗലാപുരത്ത് താമസിച്ചു വരുന്നതായി
മംഗളൂരു സൗത്ത് പൊലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ 38 പേര്‍ പിടിയിലായി. ഇവരെ ചോദ്യം ചെയ്തതില്‍ തങ്ങളെ എത്തിച്ചത് മുഹമ്മദ് ഇമ്രാന്‍ ഖാനാണെന്ന് മൊഴി നല്‍കി.
ശ്രീലങ്കയില്‍ നിന്ന് ബോട്ടിലാണ് ഇവര്‍ മംഗളൂരുവില്‍ എത്തിയത്. ബംഗളൂരു വഴി കാനഡ ഉള്‍പ്പെടെയുള്ള വിദേശരാജ്യങ്ങളിലേക്ക് കടക്കുകയായിരുന്നു ലക്ഷ്യം. പൊലീസ് വിശദമായി നടത്തിയ അന്വേഷണത്തില്‍ ഇവരെ എത്തിച്ചത് മുഹമ്മദ് ഇമ്രാന്‍ ഖാന് എല്‍ടിടിഇയുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതോടെ കേസ് എന്‍.ഐ.എയ്ക്ക് കൈമാറുകയായിരുന്നു.
എന്‍.ഐ.എ തന്നെ തിരയുന്നുണ്ടെന്ന് അറിഞ്ഞ ഇമ്രാന്‍ ഖാന്‍ ഒളിവില്‍ പോയി.
ഇയാള്‍ക്കായി വ്യാപകമായി തെരച്ചില്‍ നടത്തി വരുന്നതിനിടയിലാണ് തേനി ജില്ലയിലെ ഉത്തമപാളയത്ത് ബന്ധുവീട്ടില്‍ താമസിക്കുന്നതായി വിവരം ലഭിച്ചത്. ഉത്തമപാളയത്ത് നടത്തിയ അന്വേഷണത്തില്‍ ബസ് സ്റ്റാന്‍ഡിലെ ഒരു ഹോട്ടലില്‍ ഇമ്രാന്‍ ജോലി ചെയ്തു വരുന്നതായി കണ്ടെത്തി.
രണ്ട് ദിവസത്തോളം ഇയാളെ നിരീക്ഷിച്ച സംഘം തങ്ങള്‍ അന്വേഷിക്കുന്ന മുഹമ്മദ് ഇമ്രാന്‍ ഖാന്‍ തന്നെയാണ് ഹോട്ടല്‍ ജോലിക്കാരനായി കഴിയുന്നതെന്ന് സ്ഥിരീകരിച്ചു. തുടര്‍ന്ന് ഹോട്ടലിലെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോയ ഇയാളെ വീട് വളഞ്ഞ് പിടികൂടുകയായിരുന്നു. അറസ്റ്റിലായ ഇമ്രാന്‍ഖാനെ ബംഗളൂരുവിലേക്ക് കൊണ്ടുപോയി. വ്യാജ പാസ്‌പോര്‍ട്ട് നിര്‍മ്മാണം, നക്ഷത്ര ആമക്കടത്ത് തുടങ്ങി നിരവധി കേസുകളില്‍ ഇയാള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് അധികൃതര്‍ പറഞ്ഞു.