നാരങ്ങാനം(പത്തനംതിട്ട): രാത്രിയില്‍ കാട്ടുപന്നിയെ ഇടിച്ച് റോഡില്‍ വീണ സ്‌കൂട്ടര്‍ യാത്രക്കാരന്‍ രക്തം വാര്‍ന്ന് മരിച്ചു. റോഡില്‍ യുവാവ് വീണു കിടക്കുന്നത് കണ്ട് സമീപവാസി ആംബുലന്‍സ് വിളിച്ചിട്ടും വന്നില്ലെന്നും പരാതി ഉയര്‍ന്നു. പിന്നീട് ആറന്മുള സ്‌റ്റേഷനില്‍ നിന്നും പോലീസ് എത്തിയാണ് ഇയാളെ ആശുപത്രിയിലേക്ക് മാറ്റിയത്. ഇതിനോടകം യുവാവ് മരണപ്പെട്ടിരുന്നു.
നാരങ്ങാനം കടമ്മനിട്ട വാലയില്‍ പരേതനായ ഗോപാലകൃഷ്ണനാചാരിയുടെ മകന്‍ രഞ്ജു (32) വാണ് മരിച്ചത്. അലൂമിനിയം ഫേബിക്കേഷന്‍ ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരുന്ന വഴി ആലുങ്കല്‍ ജങ്ഷന് സമീപം ആലുങ്കല്‍ നെല്ലിക്കാല റോഡില്‍ വച്ചാണ് സംഭവം. കുമാരിയാണ് മാതാവ്. ചിഞ്ചു ഏക സഹോദരിയാണ്. രഞ്ജു അവിവാഹിതനാണ്. സംസ്‌കാരം പിന്നീട്.
രാത്രിയായാല്‍ റോഡില്‍ പന്നികളുടെ ശല്യം കാരണം കാല്‍നടയാത്രയും ഇരുചക്രവാഹനയാത്രയും അസാധ്യമാണ്. വ്യാപകമായി നശിപ്പിക്കുന്നതിനാല്‍ കര്‍ഷകര്‍ കൃഷിയുപേക്ഷിച്ചു. ഈ സ്ഥലം മുഴുവന്‍ കാടുകയറി കിടക്കുകയാണ്. പന്നികള്‍ പെരുകുന്നതിന് ഇതും കാരണമാകുന്നു.
ഇതിന് പരിഹാരം കാണണമെന്ന നാട്ടുകാരുടെയും കൃഷിക്കാരുടേയും ആവശ്യം അധികൃതര്‍ പരിഗണിക്കുന്നില്ലെന്നാണ് പരാതി.