അടൂര്‍: ഏഴംകുളം നെടുമണ്ണില്‍ മധ്യവയസ്കന് വീടിനുള്ളില്‍ മരിച്ച നിലയില്‍ കാണപ്പെട്ട സംഭവം കൊലപാതകം. സഹോദരനെയും സുഹൃത്തിനെയും പൊലീസ് അറസ്റ്റ് ചെയ്തു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ മരണ കാരണം തലയ്ക്ക പിന്നിലേറ്റ ക്ഷതമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റ്.
ഏഴംകുളം നെടുമണ്‍ ഓണവിള പുത്തന്‍ വീട്ടില്‍ അനീഷ് ദത്ത(52) നെയാണ് ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടിന് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവുമായി ബന്ധപ്പെട്ട് ഇളയസഹോദരന് മനോജ് ദത്തന് (ജോജോ-46), വാണേക്കാട് പള്ളി ബിനു ഭവനില്‍ ബിനു (42) എന്നിവരെയാണ് അടൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച രാത്രി മൂന്ന് പേരും വീട്ടിലിരുന്ന് ഒരുമിച്ച് മദ്യപിച്ചിരുന്നു. തുടര്‍ന്ന് പരസ്പരം വഴക്കും അടിപിടിയും ഉണ്ടായതായി അനീഷിന്റെ അമ്മ ശാന്തമ്മ അന്വേഷണസംഘത്തിന് മൊഴിനല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടന്ന അന്വേഷണത്തിലാണ് അറസ്റ്റ്.
പിറ്റേന്ന് പുലര്‍ച്ചെ രണ്ടിന് ശാന്തമ്മയാണ് വീട്ടിലെ മുറിയില്‍ നിലത്ത് അനീഷിനെ ചലനമറ്റനിലയില്‍ കണ്ടത്. അപ്പോഴേക്കും ഇയാള്‍ മരണപ്പെട്ടിരുന്നു. അനീഷും അമ്മയും സഹോദരനും മാത്രമാണ് വീട്ടില്‍ താമസം. സംഭവദിവസം ഒരുമിച്ചിരുന്ന് മദ്യപിച്ച ബിനുവും ഇവിടെ തന്നെയാണ് കിടന്നത്. തലയ്ക്കേറ്റ ക്ഷതമാണ് മരണകാരണമെന്ന് പോലീസിന് വ്യക്തമായിരുന്നു.
ജില്ലാ പോലീസ് മേധാവി വി.അജിത്തിന്റെ നിര്‍ദ്ദേശാനുസരണം അടൂര്‍ ഡിവൈഎസ്പി ആര് ജയരാജിന്റെ നേതൃത്വത്തില്‍ പോലീസ് ഇന്‍സ്പെക്ടര്‍ എസ് ശ്രീകുമാര്‍, എസ് ഐമാരായ ശ്യാമകുമാരി,
ജലാലുദ്ദീന്‍ റാവുത്തര്‍, സിപിഓമാരായ റോബി ഐസക്ക്, എം.ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ് നടന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.