വസ്തു വാങ്ങാന്‍ കരാര്‍ എഴുതിയ ശേഷം വായ്പ തിരികെ അടയ്ക്കാനെന്ന് ഉടമയെ വിശ്വസിപ്പിച്ച് 37.45 ലക്ഷം തട്ടി: ക്രിമിനല്‍ കേസ് പ്രതി പ്രിയ അടക്കം മൂന്നംഗ സംഘം പിടിയില്‍

0 second read
Comments Off on വസ്തു വാങ്ങാന്‍ കരാര്‍ എഴുതിയ ശേഷം വായ്പ തിരികെ അടയ്ക്കാനെന്ന് ഉടമയെ വിശ്വസിപ്പിച്ച് 37.45 ലക്ഷം തട്ടി: ക്രിമിനല്‍ കേസ് പ്രതി പ്രിയ അടക്കം മൂന്നംഗ സംഘം പിടിയില്‍
0

അടൂര്‍: വസ്തു വാങ്ങാന്‍ കരാറെഴുതിയ ശേഷം സ്ഥിരനിക്ഷേപത്തില്‍ നിന്നുള്ള വായ്പ തിരിച്ചടയ്ക്കാനെന്ന് പറഞ്ഞ് ഉടമയില്‍ നിന്ന് 37.50 ലക്ഷം തട്ടി മുങ്ങിയ വനിതയടക്കം മൂന്നംഗ സംഘം അറസ്റ്റില്‍. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ നെടുമങ്ങാട് കോലിയക്കോട് പ്രിയ ഭവനില്‍ പ്രിയ(35), പാങ്ങോട് സിദ്ദിഖ് മന്‍സിലില്‍ സിദ്ദിഖ്(47), ആറ്റിങ്ങല്‍ കുന്നുവരം യാദവ് നിവാസില്‍ അനൂപ്(26) എന്നിവരെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.

മൂന്നാളം സ്വദേശി ജയചന്ദ്രന്റെ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റ്. ജയചന്ദ്രന്റെയും ഭാര്യയുടെയും പേരിലുളള വസ്തു വാങ്ങാന്‍ എന്ന വ്യാജേനെ 37,45,000 രൂപയാണ് പ്രതികള്‍ സംഘം ചേര്‍ന്ന് തട്ടിയെടുത്തത്. ഒക്ടോബര്‍ ആദ്യം പ്രിയയാണ് ജയചന്ദ്രനേയും ഭാര്യയേയും സമീപിക്കുന്നത്. വസ്തു കണ്ട് ഇഷ്ടമായി എന്ന് വിശ്വസിപ്പിച്ച പ്രിയ മറ്റൊരു ദിവസം കൂട്ടു പ്രതികളായ സിദ്ധിഖിനെ ഭര്‍ത്താവാണെന്നും അനൂപിനെ മരുമകനാണെന്നും പരിചയപ്പെടുത്തി മൂന്നാളത്തെ വീട്ടിലെത്തി. ഇവിടെ വച്ച് സ്ഥലത്തിന് അഡ്വാന്‍സ് നല്‍കിയ ശേഷം വില്‍പ്പന കരാര്‍ തയാറാക്കി വസ്തു വാങ്ങാം എന്ന് ദമ്പതികളെ വിശ്വസിപ്പിച്ചു.

രണ്ടു ദിവസം കഴിഞ്ഞ് എത്തിയ ഇവര്‍ തങ്ങളുടെ പേരില്‍ പറന്തല്‍ ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കില്‍ സ്ഥിരനിക്ഷേപമുണ്ടെന്നും ഇതില്‍ നിന്ന് എടുത്ത വായ്പ അടച്ചു തീര്‍ത്താല്‍ മാത്രമേ പുതിയ വായ്പ ലഭിക്കുകയുള്ളൂവെന്നും വസ്തു ഉടമയോട് പറഞ്ഞു. വായ്പ എത്രയും വേഗം അടച്ചു തീര്‍ക്കാന്‍ വസ്തു ഉടമയോട് പ്രതികള്‍ സാമ്പത്തിക സഹായം ആവശ്യപ്പെട്ടു. പല തവണയായി ഗൂളിള്‍ പേ, ബാങ്ക് അക്കൗണ്ട് എന്നിവ വഴിയും നേരിട്ടു പണമായും കൈപ്പറ്റി. 33 പവന്‍ സ്വര്‍ണാഭരണങ്ങളും വാങ്ങിയെടുത്തു. 37,45,000 രൂപ മൂല്യം വരുന്ന തട്ടിപ്പാണ് പ്രതികള്‍ നടത്തിയത്.

പിന്നീട് ഫോണ്‍ ഓഫ് ചെയ്ത് ഇവര്‍ മുങ്ങി. ജയചന്ദ്രന്‍ തട്ടിപ്പിന് ഇരയായെന്ന് മനസിലായി പരാതി നല്‍കുകയും പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു അന്വേഷണം ആരംഭിക്കുകയുമായിരുന്നു. ഒന്നാം പ്രതി പ്രിയയ്ക്ക് സംസ്ഥാനത്ത് വിവിധ പോലീസ് സ്‌റ്റേഷനുകളില്‍ കേസുകള്‍ നിലവിലുണ്ട്. ജില്ലാ പോലീസ് മേധാവി വി.അജിത്തിന്റെ നിര്‍ദ്ദേശാനുസരണം പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം തുടങ്ങി. പ്രിയ പൂന്തുറ സ്‌റ്റേഷനിലടക്കമുള്ള കേസുകളില്‍ ഒളിവില്‍ കഴിഞ്ഞു വരികയാണെന്ന് കണ്ടെത്തി. തുടര്‍ന്നുള്ള അന്വേഷണത്തില്‍ പ്രതികള്‍ ഒളിവില്‍ കഴിഞ്ഞു വരവെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രിയയ്ക്ക് കഴക്കൂട്ടം, വട്ടപ്പാറ, പോത്തന്‍കോട്, പൂന്തുറ, കുന്നംകുളം, കല്ലമ്പലം, തുമ്പ, ആറ്റിങ്ങല്‍, പോലീസ് സ്‌റ്റേഷനുകളിലായി പതിനഞ്ചിലധികം, കേസുകള്‍ നിലവിലുണ്ടെന്ന് പോലീസ് അറിയിച്ചു.

അടൂര്‍ ഡിവൈ.എസ്.പി ആര്‍.ജയരാജിന്റെ മേല്‍നോട്ടത്തിലുള്ള അന്വേഷണ സംഘത്തില്‍ അടൂര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ എസ്.ശ്രീകുമാര്‍, എസ്.ഐമാരായ എം.മനീഷ്, ശ്യാമ കുമാരി, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ രാധാകൃഷ്ണപിള്ള, സിവില്‍ പോലീസ് ഓഫിസര്‍മാരായ സൂരജ് ശ്യാംകുമാര്‍, വനിതാ സിവില്‍ പോലീസ് ഓഫീസര്‍ അനൂപ.എസ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

തട്ടിയെടുക്കുന്ന പണം പ്രതികള്‍ ആര്‍ഭാട ജീവിതത്തിനായി ചെലവഴിക്കുന്നു. തട്ടിപ്പിന് ശേഷം ഒരു സ്ഥലത്ത് നിന്നും മാറി പുതിയസ്ഥലത്ത് ആഡംബര വീടുകള്‍ എടുത്ത് താമസം. വാഹനങ്ങളും വില കൂടിയ ഫോണുകളും സ്വര്‍ണാഭരങ്ങളും വാങ്ങും.

 

Load More Related Articles
Load More By Veena
Load More In CRIME
Comments are closed.

Check Also

നിലയ്ക്കലില്‍ മദ്യലഹരിയില്‍ നാട്ടുകാരോട് വഴക്കടിച്ച എക്‌സൈസ് അസി. ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍: പോലീസ് കേസെടുത്തത് കുറവിലങ്ങാട് റേഞ്ച് ഓഫീസിലെ അജിമോനെതിരേ

പത്തനംതിട്ട: ശബരിമല ഡ്യൂട്ടിക്കെത്തിയ അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ മദ്യപിച്ച് ലക്കുകെട്ട്…