പത്തനംതിട്ട: വയനാട്ടിലെ കല്പറ്റയില്‍ നടന്ന ലോക റെക്കോഡിന് അര്‍ഹത നേടിയ തുടികൊട്ടു മഹോത്സവത്തില്‍ ഒന്നേകാല്‍ മണിക്കൂര്‍ തുടര്‍ച്ചയായി തുടി കൊട്ടി ബഹുഭാഷ നാട്ടു സംഗീതകാരനും കേരള ഫോക് ലോര്‍ അക്കാദമി അംഗവുമായ സുരേഷ് സോമയുടെ നേതൃത്വത്തില്‍ ജില്ലയില്‍ നിന്നും പങ്കാളിത്തമുണ്ടായത് അഭിമാന നേട്ടമായി. നാട്ടുപാട്ടു കലാകാരന്മാരായ ആദര്‍ശ് ചിറ്റാറും രാജഗോപാല്‍ ഏഴംകുളവും രാജേന്ദ്രന്‍ ഓതറയുമാണ് തുടികൊട്ട് മഹോത്സവത്തിന്റെ ഭാഗമായ മറ്റു മൂന്നുപേര്‍.
കേരള നാട്ടുകലാകാരക്കൂട്ടം, കല്പറ്റ ഉണര്‍വ് നാടന്‍ കലാ പഠന കേന്ദ്രം, കേരള ഫോക് ലോര്‍ അക്കാദമി എന്നിവയുടെ നേതൃത്വത്തില്‍ ആയിരുന്നു പരിപാടി. കേരളത്തിലെ 14 ജില്ലകളില്‍ നിന്നും എത്തിയ 700 നാട്ടുപാട്ട് കലാകാരന്‍മാരുടെ കൈകളിലെ തുടികള്‍ ഒരേ താളത്തില്‍ കൊട്ടിക്കയറിയപ്പോള്‍ അതിന്റെ മാറ്റൊലി മൈലാടിപ്പാറയുടെ താഴ്‌വാരങ്ങളില്‍ താളചേര്‍ച്ചയുടെ മുഴക്കങ്ങള്‍ സൃഷ്ടിച്ചു. ഒരേ താളത്തില്‍, ഒരേ വേഗത്തില്‍ തുടിയില്‍ ദ്രുതഭംഗി തീര്‍ത്ത് അവര്‍ ചരിത്രത്തിലേക്ക് പെരുകി കയറുകയായിരുന്നു. ഗോത്രവിഭാഗക്കാരുടെ അടയാളപ്പെടുത്താതെ പോകുന്ന ചരിത്ര ശേഖരണത്തിന്റെ ഭാഗമായാണ് കല്‍പ്പറ്റയില്‍ അറബുട്ടാളു അരങ്ങേറിയത്.
തുടി, വട്ടക്കളി, പിന്‍പാട്ട് എന്നിവ കോര്‍ത്തിണക്കിയുള്ള തുടികൊട്ടാണ് അറബുട്ടാളു (തുടിക്കളി). സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് എത്തിയ നാട്ടു കലാകാരന്മാരായ 702 പേര്‍ ഈ സംഘതാളത്തിന്റെ ഭാഗമായി ഒരുമണിക്കൂറോളം വിസ്മയം തീര്‍ത്തപ്പോള്‍ ബെസ്റ്റ് ഓഫ് ഇന്ത്യ വേള്‍ഡ് റെക്കോഡ് അംഗീകാരവും ലഭിച്ചു.
ഇന്ത്യന്‍ സംഗീത ചരിത്രത്തില്‍ തന്നെ ഇത്രയധികംപേര്‍ ഒരുമിച്ച് തുടിതാളം മുഴക്കിയത് ആദ്യസംഭവമായി. കല്പറ്റ എസ്.കെ.എം.ജെ മൈതാനത്താണ് അറബുട്ടാളു അരങ്ങേറിയത്. ഗോത്രവിഭാഗങ്ങള്‍ താമസിക്കുന്ന ജില്ലയിലെ ഗോത്രപ്പാട്ടുകളും നാട്ടുവാദ്യങ്ങളും സമൂഹത്തിന്റെ മുന്‍നിരയിലെത്തിക്കുക എന്നതായിരുന്നു പരിപാടിയിലൂടെ ലക്ഷ്യം.